ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്നത് പരിഗണനയിലെന്ന് യമഹ

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്നത് പരിഗണനയിലെന്ന് യമഹ

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പവര്‍ യൂണിറ്റുകളും ബാറ്ററികളും നിര്‍മ്മിക്കുന്നതിന് നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിക്കുന്ന കാര്യം ജാപ്പനീസ് കമ്പനിയായ യമഹ പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി സാധ്യതാ പഠനം നടത്തിവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിലവില്‍ കമ്പനി ഇന്ത്യയില്‍ നിരവധി ബൈക്കുകളും സ്‌കൂട്ടറുകളും വില്‍ക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പവര്‍ യൂണിറ്റുകളും ബാറ്ററികളും നിര്‍മ്മിക്കുന്നതിന് നിക്ഷേപം നടത്തുന്നതും യമഹയുടെ പരിഗണനയിലാണ്.

മറ്റ് രാജ്യങ്ങളില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്നതായും അതുകൊണ്ടുതന്നെ കമ്പനിക്ക് ഈ രംഗത്ത് മുന്‍തൂക്കമുണ്ടെന്നും യമഹ മോട്ടോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്ത്യ എംഡി യസുവോ ഇഷിഹാര പറഞ്ഞു. ഇന്ത്യയിലും അത്തരം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല. ആന്തരിക ദഹന എന്‍ജിനുകളില്‍ ഓടുന്ന എല്ലാ മോഡലുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ പകരം വെയ്ക്കാന്‍ കഴിയുമോയെന്ന കാര്യവും സാധ്യതാ പഠനത്തിന്റെ ഭാഗമാണ്.

അതേസമയം കൂടുതല്‍ ക്ഷമതയുള്ള എന്‍ജിനുകള്‍ നിര്‍മ്മിക്കുന്നത് തുടരുമെന്ന് യസുവോ ഇഷിഹാര പറഞ്ഞു

ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം തുടര്‍ന്നും പരമ്പരാഗത ആന്തരിക ദഹന എന്‍ജിന്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നതാണ് ഇന്ത്യന്‍ വിപണിയില്‍ സ്ഥാനചലനം ഉണ്ടാകാതിരിക്കാന്‍ നല്ലതെന്ന് കമ്പനി കരുതുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച സാധ്യതാപഠനം ഇതിനകം തുടങ്ങിയതായും അതേസമയം കൂടുതല്‍ ക്ഷമതയുള്ള എന്‍ജിനുകള്‍ നിര്‍മ്മിക്കുന്നത് തുടരുമെന്നും ഇഷിഹാര വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട പവര്‍ യൂണിറ്റ്, ബാറ്ററി മേഖലകളില്‍ നിക്ഷേപം നടത്തുന്നതിന് പുറമേ അടിസ്ഥാനസൗകര്യ വികസനവും യമഹയുടെ ലക്ഷ്യമാണ്. ഇതിനായി മറ്റ് കമ്പനികളുമായി സഹകരിക്കും. 2030 ഓടെ 100 ശതമാനം ഇലക്ട്രിക് വാഹന രാജ്യമായി മാറുകയാണ് കേന്ദ്ര സര്‍ക്കാര്‍ ദൗത്യം. അപ്പോഴേക്കും ഇന്ത്യയിലെ ഇവി ബാറ്ററി വിപണി 300 ബില്യണ്‍ ഡോളറായി വലുതാകും.

Comments

comments

Categories: Auto