ഇന്ത്യയിലെ ആദ്യ വാഹന റീസൈക്ലിംഗ് പ്ലാന്റ് ഫെബ്രുവരിയില്‍

ഇന്ത്യയിലെ ആദ്യ വാഹന റീസൈക്ലിംഗ് പ്ലാന്റ് ഫെബ്രുവരിയില്‍

 

നോയ്ഡയില്‍ ഏഴ് ഏക്കറില്‍ സ്ഥാപിക്കുന്ന പ്ലാന്റിന് ആകെ 120 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്

ന്യൂഡെല്‍ഹി : രാജ്യത്തെ ആദ്യ ഓട്ടോ ഷ്രെഡ്ഡിംഗ് പ്രോജക്റ്റായ ‘മഹീന്ദ്ര എംഎസ്ടിസി റീസൈക്ലിംഗ്’ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുന്നു. പ്ലാന്റിന്റെ ആദ്യ ഘട്ട നിര്‍മ്മാണം 2018 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊതുമേഖലയിലെ മെറ്റല്‍ സ്‌ക്രാപ്പ് വ്യാപാര കമ്പനിയായ എംഎസ്ടിസിയുടെയും മഹീന്ദ്ര ഇന്റര്‍ട്രേഡിന്റെയും സംയുക്ത സംരംഭമാണ് മഹീന്ദ്ര എംഎസ്ടിസി റീസൈക്ലിംഗ്.

പഴക്കംചെന്ന വാഹനങ്ങള്‍ ശേഖരിക്കുകയും പൊളിച്ചുകളയുകയും ചെയ്യുന്ന യൂണിറ്റാണ് 2018 ഫെബ്രുവരിയില്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. നോയ്ഡയില്‍ ഏഴ് ഏക്കറില്‍ ആഗോള നിലവാരത്തില്‍ സ്ഥാപിക്കുന്ന പ്ലാന്റിന് ആകെ 120 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ചെലവഴിക്കുന്നത് 30-40 കോടി രൂപ. പത്ത് ലക്ഷം ടണ്‍ ശേഷിയുള്ളതാണ് ഷ്രെഡ്ഡിംഗ് യൂണിറ്റ്.

പൊതുമേഖലയിലെ മെറ്റല്‍ സ്‌ക്രാപ്പ് കമ്പനിയായ എംഎസ്ടിസിയുടെയും മഹീന്ദ്ര ഇന്റര്‍ട്രേഡിന്റെയും സംയുക്ത സംരംഭമാണ് മഹീന്ദ്ര എംഎസ്ടിസി റീസൈക്ലിംഗ്

വാഹനങ്ങളുടെ റീസൈക്ലിംഗ് സംബന്ധിച്ച നയത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെങ്കിലും പ്രോജക്റ്റുമായി മുന്നോട്ടുപോവുകയാണെന്ന് എംഎസ്ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ബി ബി സിംഗ് വ്യക്തമാക്കി. മലിനീകരണ നിയന്ത്രണത്തിന് സമ്മര്‍ദ്ദം ഏറിവരുന്ന സാഹചര്യത്തില്‍ കൃത്യമായ നയം എത്രയും വേഗം രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാഹന സ്‌ക്രാപ്പിംഗ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ നയം രൂപീകരിക്കുന്നതേയുള്ളൂ. വാഹനങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും നയം ഇല്ലാത്തതിനാല്‍ പഴക്കം ചെന്ന കാര്‍ റീസൈക്കിള്‍ ചെയ്യുന്നതിന് വാഹന ഉടമയെ നിര്‍ബന്ധിക്കാന്‍ കഴിയില്ല.

Comments

comments

Categories: Auto