വാക്കില്‍ നിന്നും പ്രവൃത്തിയിലേക്ക് നമുക്ക് നീങ്ങാം

വാക്കില്‍ നിന്നും പ്രവൃത്തിയിലേക്ക് നമുക്ക് നീങ്ങാം

എല്ലാവര്‍ഷവും ഡിസംബര്‍ 16ന് നമ്മള്‍ ഇത്തരം വീരസ്മരണ പുതുക്കുകയും വാക്കുകളാല്‍ നീണ്ട ആദരാഞ്ജലികള്‍ കൊണ്ട് സൈനികരെ സ്മരിച്ചുംപോരുന്നു

1971ല്‍ ബംഗ്ലാദേശില്‍ പട നയിച്ച ഇന്ത്യന്‍ സൈന്യത്തിനു മുമ്പില്‍ പാക്കിസ്ഥാന്‍ പട്ടാളം മുട്ടുകുത്തിയതിന്റെ 46-ാം വാര്‍ഷിക ദിനമാണിന്ന്. ഇന്തോ-പാക് യുദ്ധത്തില്‍ സുധീരം പങ്കെടുക്കുകയും വീരചരമം പ്രാപിക്കുകയുംചെയ്ത നമ്മുടെ സൈനികരുടെ ഓര്‍മ്മ പുതുക്കല്‍ ദിനം വിജയ ദിവസമായി രാജ്യം ആഘോഷിക്കുന്നു.

വിജയ ദിവസമായ ഡിസംബര്‍ 16ന് എല്ലാവര്‍ഷവും നമ്മള്‍ ഇത്തരം വീരസ്മരണ പുതുക്കുകയും വാക്കുകളാല്‍ നീണ്ട ആദരാഞ്ജലികള്‍ കൊണ്ട് സൈനികരെ സ്മരിച്ചുംപോരുന്നു. എന്നാല്‍ ഇത്തരം വാക്കുകളാലുള്ള സ്മരണയ്ക്കുമപ്പുറം നമ്മുടെ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഇനിയെങ്കിലും നമ്മള്‍ ആത്മാര്‍ത്ഥമായി ആലോചിക്കേണ്ടിയിരിക്കുന്നു. വീര സൈനികര്‍ക്ക് അര്‍ഹമായ ബഹുമാനവും അവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ കരുതലും നമ്മള്‍ പകര്‍ന്നു നല്‍കേണ്ടതുണ്ട്.

വിജയ ദിവസങ്ങള്‍ നിരവധി കടന്നുപോയിട്ടും നമ്മുടെ സൈനികര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇനിയും പരിഹരിക്കേണ്ടതായിത്തന്നെ തുടരുന്നു. സിവില്‍ സര്‍വീസിലെ സേവന-വേതന വ്യവസ്ഥകളും മറ്റുമായി മിലിട്ടറി സേവനത്തെ താരതമ്യം ചെയ്യുമ്പോഴും ഏതാനും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് സേനയ്ക്കുള്ളില്‍ തന്നെ അസംതൃപ്തിക്ക് ഇടവരുത്തിയിട്ടുമുണ്ട്. പ്രതിരോധമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ രൂപീകൃതമായിട്ടുള്ള ഒരു കമ്മിറ്റി ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പഠിച്ചുവരികയാണ്. കാലതാമസമില്ലാതെ അവ പരിഹൃതമാകുമെന്നുതന്നെ പ്രതീക്ഷിക്കാം.

ധീരസൈനികരുടെ ദീര്‍ഘകാലസേവനത്തിനൊടുവിലും അവരില്‍ പലര്‍ക്കും തങ്ങളുടെ സേവന-വേതന അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടുന്നതിലേയ്ക്കായി ദീര്‍ഘകാലം കേസ് പറയേണ്ടിവരുന്നതും കോടതികള്‍ കയറിയിറങ്ങേണ്ടിവരുന്നതുമായ അവസ്ഥകള്‍ പലപ്പോഴും സംജാതമാകാറുണ്ട്. അംഗവൈകല്യം സംഭവിച്ച കേസുകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.

പ്രതിരോധ മന്ത്രാലയത്തിനെതിരെ അംഗവൈകല്യങ്ങളുടെ പേരിലും മറ്റും കേസ് ഫയല്‍ ചെയ്തിട്ടുള്ള എക്‌സ് സര്‍വീസുകാരുടെപരാതികള്‍ കോടതികള്‍ വഴിതീര്‍പ്പാക്കണമെന്ന് കാണിച്ച് മന്ത്രാലയം പുറപ്പെടുവിച്ചിരുന്ന ഉത്തരവ് പിന്‍വലിക്കണമെന്നുകാട്ടി 2014 ജനുവരിയില്‍ ഞാന്‍ അന്നത്തെ പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് കത്ത് നല്‍കുകയുണ്ടായി. ഇതേത്തുടര്‍ന്ന് പ്രസ്തുത വ്യവസ്ഥ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി. ഇത്തരം കേസുകള്‍ പലപ്പോഴും സുപ്രീം കോടതിവരെ നീളുന്ന അവസ്ഥയായിരുന്നു അതുവരെ നിലനിന്നിരുന്നത്.

വിജയ ദിവസമായ ഡിസംബര്‍ 16ന് എല്ലാവര്‍ഷവും നമ്മള്‍ ഇത്തരം വീരസ്മരണ പുതുക്കുകയും വാക്കുകളാല്‍ നീണ്ട ആദരാഞ്ജലികള്‍ കൊണ്ട് സൈനികരെ സ്മരിച്ചുംപോരുന്നു. എന്നാല്‍ ഇത്തരം വാക്കുകളാലുള്ള സ്മരണയ്ക്കുമപ്പുറം നമ്മുടെ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഇനിയെങ്കിലും നമ്മള്‍ ആത്മാര്‍ത്ഥമായി ആലോചിക്കേണ്ടിയിരിക്കുന്നു

എന്നാല്‍ 2014-2016 കാലയളവില്‍ മാത്രം അംഗവൈകല്യം നേരിട്ട സൈനികര്‍ സമര്‍പ്പിച്ച പെന്‍ഷന്‍ അപേക്ഷകളിന്മേല്‍ 794 അപ്പീലുകള്‍ പുറപ്പെടുവിക്കപ്പെട്ടത് തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി. കേന്ദ്ര പ്രതിരോധക്ഷേമ മന്ത്രാലയം 2014 ജനുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചതിനു പിന്നാലെ 2016 ഏപ്രിലില്‍ പുറപ്പെടുവിച്ച പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം അംഗവൈകല്യ പെന്‍ഷനുകള്‍ക്കും ഇതര ആനുകൂല്യങ്ങള്‍ക്കും സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അപ്പീലുകള്‍ സ്വമേധയാ ഫയല്‍ ചെയ്യപ്പെടുന്ന അവസ്ഥ സംജാതമാകുകയുണ്ടായി. സൈനികര്‍ക്ക് അംഗവൈകല്യ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നത് സംബന്ധിച്ച കോടതി ഉത്തരവുകള്‍ ചോദ്യംചെയ്യപ്പെടാവുന്നതല്ലെന്ന മന്ത്രാലയത്തിന്റെ ഉത്തരവ് കഴിഞ്ഞ ജൂണില്‍ പ്രാബല്യത്തില്‍വരികയും ചെയ്തു. അംഗവൈകല്യം സംഭവിച്ച സൈനികരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളിന്മേല്‍ പ്രതിരോധക്ഷേമ മന്ത്രാലയം പുറത്തിറക്കിയ അപ്പീലുകള്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വീണ്ടും ഞാന്‍ സര്‍ക്കാരിനെ സമീപിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് ജൂണില്‍ പുറത്തിറങ്ങിയ ഉത്തരവ് അന്തിമമായിരിക്കണമെന്നും വിപരീതമായ നിര്‍ദേശങ്ങള്‍ ഭാവിയിലുണ്ടാകാന്‍ പാടില്ലെന്നും കാട്ടിയാണ് ഞാന്‍ ഈ അപേക്ഷ നടത്തിയത്.

അടുത്തിടെ, ഏഴാമത് കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശകളുടെചുവടുപിടിച്ച് സൈന്യത്തിലെ രക്തസാക്ഷികളുടേയും അംഗവൈകല്യം സംഭവിച്ചവരുടേയും മക്കള്‍ക്ക് നല്‍കിവന്ന വിദ്യാഭ്യാസ ആനുകൂല്യം പതിനായിരംരൂപയായി നിജപ്പെടുത്തിയ വിഷയവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. യുദ്ധത്തിനിടയില്‍ വീരചരമം പ്രാപിക്കുന്നവരുടെ മക്കള്‍ക്ക് ഫീസടക്കമുള്ള പഠന ചെലവ് പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം 1971 ഡിസംബര്‍ 18ന് ലോക്‌സഭയില്‍ നടത്തുകയും 1972ലെ പാര്‍ലമെന്റ് സെഷനില്‍ സ്‌കൂള്‍തലം മുതല്‍ ട്യൂഷന്‍ ഫീസും ഇതര ഫീസുകളും ഒഴിവാക്കുന്നതിനുള്ള തീരുമാനമുണ്ടാവുകയും ചെയ്തു. 1971ല്‍ യുദ്ധത്തിനിടെ രക്തസാക്ഷിത്വം വഹിച്ച വീരജവാന്മാരുടെ കുടുംബത്തോടുള്ള ആദരസൂചകമായി രാഷ്ട്രം സമര്‍പ്പിച്ച ചെറിയ ഒരു സന്ദേശമായിരുന്നു പ്രസ്തുത ആനുകൂല്യം.

രാജ്യത്തെ രക്തസാക്ഷികളോടും അവരുടെ കുടുംബാംഗങ്ങളോടും രാഷ്ട്രം കാട്ടിയ പരിരക്ഷയും ഉറപ്പും അതേപടി തുടരണമെന്നു തന്നെ ഞാന്‍ ആഗ്രഹിക്കുന്നു. ജീവനും അവയവങ്ങളും രാഷ്ട്ര സേവനത്തിനിടയില്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് കാട്ടേണ്ട ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും നാം ഒളിച്ചോടരുത്. അവര്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കര്‍ത്തവ്യങ്ങളിലൊന്നാകുമിത്.

സൈനികരുടെ വിധവകള്‍ക്കും വീരനാരികള്‍ക്കും പ്രായാധിക്യംമൂലം അവശതകള്‍ നേരിടുന്ന സൈനികര്‍ക്കുംവരെ ന്യായമായ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. മൂന്നാമത്തെ പരമോന്നത ബഹുമതിയായ ശൗര്യചക്ര നല്‍കി ആദരിച്ച ഒരു ജൂനിയര്‍ കമ്മീഷന്റ് ഓഫീസറുടെ പത്‌നി അടുത്തിടെയാണ് പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് എക്കൗണ്ട്‌സ് 2007 മുതല്‍ തടഞ്ഞുവച്ച ന്യായമായ കുടുംബ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തേടിക്കൊണ്ട് സൈനിക ട്രിബ്യൂണലിനെ സമീപിക്കാനിടയായത്. പ്രസ്തുത സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രതിരോധമന്ത്രി ഇടപെട്ട് ആനുകൂല്യം തിടുക്കത്തില്‍ ലഭ്യമാക്കുകയായിരുന്നു തുടര്‍ന്നുണ്ടായത്. പത്ത് വര്‍ഷം നിയമയുദ്ധം നടത്തേണ്ടിവന്ന ഒരു വിധവയുടെ മാനസിക സംഘര്‍ഷങ്ങള്‍ നാം മനസിലാക്കേണ്ടതുണ്ട്. ദുഷ്‌കരമായ സാഹചര്യങ്ങളിലും ചുറ്റുപാടുകളിലും രാഷ്ട്ര സേവനം നടത്തുന്ന സൈനികരുടെ മനോവീര്യം തകര്‍ക്കുന്നതിനേ ഇത്തരം പ്രവണതകള്‍ ഉതകുകയുള്ളൂ. യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ടും അവസരത്തിനൊത്തുയര്‍ന്നും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാകണം ഇത്തരം വിഷയങ്ങള്‍ കൈകാര്യംചെയ്യേണ്ടത്.

രാഷ്ട്രത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ സൈനികര്‍ക്ക് പകരംവയ്ക്കാന്‍ ഒന്നുകൊണ്ടുമാകില്ലതന്നെ. എന്നാല്‍ അവരുടെ കുടുംബാംഗങ്ങള്‍ അല്ലലും അലട്ടുമില്ലാതെ കഴിയുന്നുവെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് സാധിക്കും. ഇതിനായി കേവലം വാക്കുകള്‍ക്കപ്പുറവും മരണാനന്തരക്കുറിപ്പുകള്‍ക്കുപരിയായും പ്രവര്‍ത്തിക്കാന്‍ സമയമായി

രാഷ്ട്ര സേവനം നടത്തുന്ന സൈനികരേയും അവരുടെ കുടുംബാംഗങ്ങളേയും ആദരിക്കുന്ന പാരമ്പര്യം പൊതുവേ ഭാരതീയര്‍ക്കുണ്ടെന്നുള്ളതില്‍ തര്‍ക്കമില്ല. ഓരോ വീരമൃത്യുവിനും പിന്നാലെ നമ്മള്‍ ശക്തമായ വികാരവിക്ഷോഭങ്ങളോടെ അവര്‍ക്കുള്ള ആദരവ് പ്രകടിപ്പിക്കുകയും ചെയ്യും. ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യാഗേറ്റിനു മുന്നില്‍ ആയിരങ്ങള്‍ ഒത്തുകൂടിയതും ഓണ്‍ലൈന്‍ പ്രതിഷേധങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതും തന്നെ ഒരുദാഹരണം. ഇത്തരം വികാരപരമായ പ്രതികരണങ്ങള്‍ ആവേശമുളവാക്കുമെങ്കിലും അവ കൂടുതല്‍ സ്ഥായിയും ഉറപ്പുള്ളവയും ആകാവുന്നതാണ്. വികാരങ്ങളിലൂടെ സൈനികര്‍ക്ക് നാം ശക്തമായ പിന്തുണ നല്‍കുമ്പോഴും ഭരണസംവിധാനങ്ങളിലെ പ്രശ്‌നങ്ങള്‍ പലതും ഇനിയും പരിഹരിക്കപ്പെടേണ്ടതായി തുടരുന്നു.

ഇതിനായി അമേരിക്ക, യു കെ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളതുപോലെ സൈനികര്‍ക്കുള്ള തൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ധിപ്പിച്ചുകൊണ്ടുള്ള നിയമംതന്നെ കൊണ്ടുവരണം. 2012ല്‍ പാര്‍ലമെന്റില്‍ ഞാന്‍ അവതരിപ്പിച്ചതും ഇനിയും ചര്‍ച്ച ചെയ്യപ്പെടാനിരിക്കുന്നതുമായ ആംഡ്‌ഫോഴ്‌സസ് കവനന്റ് ബില്ലില്‍ ഉന്നയിക്കപ്പെട്ട തരത്തില്‍ റിട്ടയര്‍ ചെയ്തതും സര്‍വീസിലുള്ളവരുമായ സൈനിക സമൂഹവും പൊതുജനങ്ങളും തമ്മില്‍ പ്രതിബദ്ധത പുലര്‍ത്തുന്ന സംവിധാനം നിയമംമൂലം ഉറപ്പുവരുത്തണം. പ്രസ്തുത ബില്‍ ചര്‍ച്ചക്കെടുക്കുമ്പോള്‍ ഈ വിഷയങ്ങളും പരാമര്‍ശ വിധേയമാകുമെന്ന് കരുതാം.

രാഷ്ട്രത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ സൈനികര്‍ക്ക് പകരംവയ്ക്കാന്‍ ഒന്നുകൊണ്ടുമാകില്ലതന്നെ. എന്നാല്‍ അവരുടെ കുടുംബാംഗങ്ങള്‍ അല്ലലും അലട്ടുമില്ലാതെ കഴിയുന്നുവെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് സാധിക്കും. ഇതിനായി കേവലം വാക്കുകള്‍ക്കപ്പുറവും മരണാനന്തരക്കുറിപ്പുകള്‍ക്കുപരിയായും പ്രവര്‍ത്തിക്കാന്‍ സമയമായി. നമ്മുടെ യുദ്ധ വീരന്മാരും അകാലത്തില്‍ വീരചരമം പ്രാപിച്ചവരും അംഗവൈകല്യം വന്നവരും വിധവകളും അടങ്ങുന്ന സൈനിക സമൂഹത്തെക്കുറിച്ച് രാഷ്ട്രം ഉറക്കെ ചിന്തിക്കുന്നതിന് ഈ വിജയദിവസം നിദാനമാകട്ടെ എന്നു ഞാന്‍ പ്രത്യാശിക്കുന്നു.

Comments

comments

Categories: FK Special, Slider