ബാങ്കുകളുടെ ഉന്നമനവും അടിസ്ഥാനസൗകര്യ വികസനവും മുഖ്യ അജണ്ട: ജയ്റ്റ്‌ലി

ബാങ്കുകളുടെ ഉന്നമനവും അടിസ്ഥാനസൗകര്യ വികസനവും മുഖ്യ അജണ്ട: ജയ്റ്റ്‌ലി

മുന്‍ കാലങ്ങളില്‍ ഒന്നും ഉണ്ടായിട്ടില്ലാത്തത്ര ഘടനാപരമായ മാറ്റങ്ങള്‍ക്കാണ് ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാക്ഷ്യംവഹിച്ചത്

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി വര്‍ധിപ്പിക്കുന്നതിനും രാജ്യത്തെ നികുതി അടിത്തറ വിപുലമാക്കുന്നതിനുമുള്ള പരിഷ്‌കരണങ്ങള്‍ തുടരുന്നതിനൊപ്പം അടുത്ത വര്‍ഷം അടിസ്ഥാനസൗകര്യ മേഖലയിലേക്കുള്ള ചെലവിടലും പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഘടനാപരമായ പരിഷ്‌കരണങ്ങളില്‍ തുടര്‍ന്നും സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്.
കേന്ദ്ര ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ വിഹിതം അനുവദിക്കുമെന്നും ജയ്റ്റ്‌ലി സൂചന നല്‍കി.

ഗ്രാമീണ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധ നല്‍കും. ട്രെയ്ന്‍ സര്‍വീസ്, റെയ്ല്‍വേ സ്റ്റേഷന്‍, നഗര വികസനം, കുടിവെള്ളം, ഭവനനിര്‍മാണം, ശുചിത്വം തുടങ്ങി രാജ്യത്തിന്റെ ഭാവി വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന മേഖലകള്‍ക്ക് സര്‍ക്കാര്‍ പരിഗണന നല്‍കുന്നതായും അരുണ്‍ ജയ്റ്റ്‌ലി വിശദീകരിച്ചു. ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംമ്പര്‍ ഓഫ് കൊമേഴ്‌സ്) വാര്‍ഷിക സമ്മേളനത്തില്‍ സാംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ കാലങ്ങളില്‍ ഒന്നും ഉണ്ടായിട്ടില്ലാത്തത്ര ഘടനാപരമായ മാറ്റങ്ങള്‍ക്കാണ് ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാക്ഷ്യംവഹിച്ചത്. 1991ല്‍ പിവി നരസിംഹ റാവു സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥയില്‍ വരുത്തിയ മാറ്റങ്ങളില്‍ കൂടുതലും ആവശ്യമില്ലാത്തതായിരുന്നുവെന്നും 2017ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പരിഷ്‌കരണങ്ങള്‍ ഉറച്ച ബോധ്യത്തിന്റ് അടിസ്ഥാനത്തില്‍ ഉള്ളതാണെന്നുമാണ് ജയ്റ്റ്‌ലി പറയുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങള്‍ക്ക് താത്കാലികമായ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടിയും പാപ്പരത്ത നിയമത്തില്‍ വരുത്തിയ ഭേദഗതിയും പൊതുമേഖലാ ബാങ്കുകളുടെ ഉത്തേജനത്തിനായി എടുത്തിട്ടുള്ള നടപടികളുമടക്കം നിരവധി നീക്കങ്ങളാണ് കഴിഞ്ഞ കുറച്ചുമാസത്തിനിടെ മോദി സര്‍ക്കാര്‍ നടത്തിയത്.

Comments

comments

Categories: Top Stories