ബ്രിട്ടണെ കീഴടക്കിയ ഇന്ത്യക്കാരി

ബ്രിട്ടണെ കീഴടക്കിയ ഇന്ത്യക്കാരി

മൗഗ്ലി സ്ട്രീറ്റ് ഫുഡ് എന്ന റെസ്റ്റോറന്റ് ശൃംഖലയിലൂടെ ബ്രിട്ടണില്‍ ഇന്ത്യന്‍ തെരുവുഭക്ഷണ സംസ്‌കാരത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മാറിയ നിഷ കട്ടോനയുടെ വിജയഗാഥ

നിഷ കട്ടോന എന്ന ഇന്ത്യന്‍ വംശജ ഇന്ന് ലണ്ടനിലെ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഏറെ താരമൂല്യമുള്ള സംരംഭകയാണ്. ബ്രിട്ടണിലെ മാഞ്ചസ്റ്ററിലും ലിവര്‍പൂളിലും ബെര്‍മിംഗ്ഹാമിലെ ഗ്രാന്‍ഡ് സെന്‍ട്രലിലും പ്രവര്‍ത്തിക്കുന്ന മൗഗ്ലി സ്ട്രീറ്റ് ഫുഡ് എന്ന പേരിലുള്ള റെസ്‌റ്റൊറന്റ് ശൃംഖലയ്ക്കു രണ്ട് കൊല്ലം കൊണ്ടു തന്നെ മികച്ച ജനപ്രീതി നേടാന്‍ കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ തട്ടുകടകളിലും ധാബകളിലുമൊക്കെ കിട്ടുന്ന മസാലക്കൂട്ടും എരിവുമുള്ള കറികളാണ് അവര്‍ സ്വന്തം റെസ്റ്റൊറന്റ് ശൃംഖലയിലൂടെ വിളമ്പുന്നത്. ബ്രിട്ടണില്‍ ഇന്ത്യന്‍ മസാലയ്ക്കും കറിക്കൂട്ടുകള്‍ക്കും നിരവധി ആരാധകരുണ്ട്. വിപുലമായ ഇന്ത്യന്‍ സമൂഹത്തിന്റെ സാന്നിധ്യവും ഇന്ത്യയോടുള്ള ഇംഗ്ലീഷുകാരുടെ ഗൃഹാതുരത്വവും ഇതിന് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. ഇവരെ ലക്ഷ്യമിട്ട് നിരവധി ഭോജനശാലകള്‍ ലണ്ടനില്‍ത്തന്നെയുണ്ട്. കറിക്കടകള്‍ എന്നറിയപ്പെടുന്ന ഇവിടങ്ങളില്‍ പക്ഷേ ഒരിക്കലും യഥാര്‍ത്ഥ ഇന്ത്യന്‍ രുചി കിട്ടാറില്ല. എന്നാല്‍ തികച്ചും സ്വാഭാവിക രുചിയുള്ള ഇന്ത്യന്‍ വിഭവങ്ങള്‍ മൗഗ്ലിയില്‍ നിന്നു കണ്ണും പൂട്ടി കഴിക്കാമെന്നാണ് ലണ്ടന്‍കാരുടെ സാക്ഷ്യം.

ഈ മുന്‍ അഭിഭാഷക 45-ാം വയസിലാണ് ഇന്ത്യന്‍ വഴിയോര ഭക്ഷണ ശാലകളുടെ ശൃംഖലയ്ക്കു തുടക്കമിട്ടത്. നീണ്ട 20 വര്‍ഷം വേണ്ടി വന്നു അഭിഭാഷകവൃത്തി ഉപേക്ഷിച്ചു സംരംഭകത്വത്തിലേക്ക് ചുവടുവെക്കാന്‍. തനിക്കു രണ്ടു പെണ്‍കുട്ടികളാണുള്ളത്, അവരെ വളര്‍ത്തി വലുതാക്കാനും അഭിഭാഷകവൃത്തിയിലെ ശോഭനമായ കരിയര്‍ മുരടിക്കാതിരിക്കാനുമാണ് നേരത്തേ സംരംഭകത്വത്തിലേക്കു തിരിയാതിരുന്നതെന്ന് നിഷ വ്യക്തമാക്കുന്നു. കരിയറില്‍ നിന്നു വിരമിച്ച ശേഷം സ്വന്തം ബിസിനസിലേക്കിറങ്ങാമെന്ന പദ്ധതിയായിരുന്നു ഉണ്ടായിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. തന്റെ തീരുമാനം ഒട്ടും വൈകിയിട്ടില്ലെന്നും ആവേശകരമായ അനുഭവമാണെന്നുമാണ് അവരുടെ നിലപാട്. ആസൂത്രണത്തോടെ തന്നെയാണ് നിഷ സംരംഭത്തിലേക്കിറങ്ങിയത്. പാചകപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു ആദ്യപടി. ഇന്ത്യന്‍ രുചികളിഷ്ടപ്പെടുന്നവര്‍ക്കിടയില്‍ ചൂടപ്പം പോലെയാണു പുസ്തകം വിറ്റഴിഞ്ഞത്. പുസ്തകത്തിന്റെ പ്രചാരം ഇവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഇതിനു പിന്നാലെ തുടങ്ങിയ യൂട്യൂബ് ചാനല്‍ അവരെ ശ്രദ്ധേയയാക്കി. ഇന്ന് യൂട്യൂബില്‍ നിഷയക്ക് 23,000 ഫോളോവേവഴ്‌സാണുള്ളത്. യൂട്യൂബിലെ അവരുടെ പാചകപരീക്ഷണങ്ങള്‍ക്കും ട്വിറ്ററിലെ പാചകക്കുറിപ്പുകള്‍ക്കുമായി വലിയ ആരാധക സഞ്ചയം കാത്തിരിക്കുന്നു.

ഇന്ത്യന്‍ മസാലക്കൂട്ടിന്റെ രുചിഭേദം പകരുന്ന നിരവധി പുതുമയുള്ള ഡിഷുകളാണ് മൗഗ്ലി സ്ട്രീറ്റ് ഫുഡ് വിഭവങ്ങളുടെ പ്രത്യേകത. ഗണ്‍പൗഡര്‍ ചിക്കന്‍ പോപ്പേഴ്‌സ് എന്ന വിഭവം ഉദാഹരണം. പേരു സൂചിപ്പിക്കുന്നതു പോലെ വെടിവരുന്നിന്റെ വീര്യമുള്ള കോഴി വിഭവമാണിത്. ഇഞ്ചി, വെളുത്തുള്ളി, ഗരംമസാല എന്നിവയില്‍ മൊരിയിച്ചെടുത്ത കോഴി സസ്യാഹാര ചാറിനൊപ്പം വിളമ്പുന്നതാണിത്

ഇതിന്റെ തുടര്‍ച്ചയെന്നോണം അവര്‍ ടെലിവിഷന്‍ പരിപാടിയിലൂടെ ജനപ്രീതിയാര്‍ജിച്ച പാചകവിദഗ്ധയായി മാറി. ഐടിവിയുടെ ദ സീക്രട്ട് ഷെഫ് എന്ന പരിപാടിയിലൂടെയാണ് അവര്‍ പ്രേക്ഷകരുടെ പ്രശസ്തയായത്. പാചകത്തില്‍ ഒരു താല്‍പര്യവും കാണിക്കാത്തവരെപ്പോലും വെറും അഞ്ച് ആഴ്ച കൊണ്ട് സദ്യയൊരുക്കാന്‍ പോന്ന പാചകവിദഗ്ധരാക്കി മാറ്റുന്ന പരിപാടിയാണിത്. വളരെ രസകരവും നാടകീയവുമായ പരിപാടിയാണ് ദ സീക്രട്ട് ഷെഫ്. ഒരു ചായ പോലും തിളപ്പിക്കാനറിയാത്ത വ്യക്തിയെന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമിടയില്‍ അറിയപ്പെടുന്ന വ്യക്തിക്ക് അഞ്ച് ആഴ്ച പരിശീലനം നല്‍കുന്നു. അതിനു ശേഷം അവരെ വ്യക്തമായി അറിയുന്ന ഈ പരിചിതവലയത്തെ റെസ്റ്റൊറന്റില്‍ ഭക്ഷണത്തിനു സംഘാടകര്‍ ക്ഷണിക്കുന്നു. രുചികരവും വിഭവസമൃദ്ധവുമായി സദ്യക്കു ശേഷം സംതൃപ്തരായവരെ ഞെട്ടിച്ചു കൊണ്ട് സദ്യയൊരുക്കിയ പാചകവിദഗ്ധ അല്ലെങ്കില്‍ വിദഗ്ധന്‍ അവരുടെ മുന്നിലെത്തുന്നു. അത്യന്തം സസ്‌പെന്‍സ് നിറഞ്ഞ ഈ രംഗത്ത് ഒരിക്കലും വിചാരിക്കാത്ത, ഒന്നും ഉണ്ടാക്കാനറിയാത്ത, ആളെത്തുമ്പോഴുണ്ടാകുന്ന വിവിധ പ്രതികരണങ്ങളാണ് പരിപാടിയുടെ യുഎസ്പി. ലൊറെയ്ന്‍ കെല്ലിയുടെ പ്രതിദിന ടെലിവഷന്‍ പരിപാടിയിലെ ഏറ്റവും റേറ്റിംഗ് ഉള്ള ഷോകളിലൊന്നാണിത്.

ജൂലി ഗ്രീന്‍ എന്ന 51 കാരിയെ പരിപാടിയുടെ ഭാഗമായി പാചകം പഠിപ്പിച്ച രസകരമായ സംഭവം നിഷ ഓര്‍ക്കുന്നു. പ്രാദേശിക കൗണ്‍സില്‍ ജോലിക്കാരിയായ ജൂലി പാചകകലയില്‍ തികഞ്ഞ പരാജയമായിരുന്നു. റോച്‌ഡേലില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമാണു കഴിയുന്നത്. ജൂലിയുടെ ‘പാചകപ്പെരുമ’ നല്ലതു അറിയാവുന്നതിനാല്‍ വായ്ക്കു രുചിയുള്ളതു കഴിക്കാന്‍ വേണ്ടി ഭര്‍ത്താവ് ഗാരിക്കാണ് വീട്ടില്‍ നളന്റെ റോള്‍. അതിനു വേണ്ടി ഇന്ത്യന്‍ പാചകത്തിന്റെ ഒരു കോഴ്‌സ് പോലും ഇദ്ദേഹം പഠിക്കുകയുണ്ടായി. പരിശീലിപ്പിക്കുമ്പോള്‍ പലപ്പോഴും ജൂലിയെക്കൊണ്ട് ഇതിനു കഴിയുമോ എന്നു ശങ്കിച്ചിരുന്നതായി നിഷ വ്യക്തമാക്കുന്നു. എന്നാല്‍ പരിശീലനം വിജയിച്ചെന്നു മാത്രമല്ല, ജൂലിയുടെ ജീവിതം തന്നെ ഇത് മാറ്റി മറിച്ചു. റോച്‌ഡേല്‍ ഭക്ഷ്യോല്‍സവത്തിലെ നിറസാന്നിധ്യമാണ് ഇന്ന് ജൂലി. ഇന്ന് ജൂലിയും ഗാരിയും ഒരുമിച്ച് ചപ്പാത്തി ഉണ്ടാക്കുന്നു. ഇതവരുടെ ദാമ്പത്യത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിച്ചു.

ഇതൊരു ചെറിയ കാര്യമല്ലെന്ന് നിഷ പറയുന്നു. ഭര്‍ത്താവിനൊപ്പം നിന്ന് പാചകത്തില്‍ മുഴുകാനുള്ള ജൂലിയുടെ താല്‍പര്യം അവളുടെ ജീവിതം തന്നെ മാറ്റി. ജൂലി ഇതിനു വേണ്ടി മുന്‍കൈയെടുത്തു നടത്തിയ ശ്രമങ്ങളെ ശ്ലാഘിക്കാതെ വയ്യ. അത് അഭിമാനനിമിഷങ്ങളായിരുന്നുവെന്നും ഇതുവരെ മറ്റൊരു കാര്യത്തിലും ഇത്തരമൊരു ചേതോവികാരം തോന്നിയിട്ടില്ലെന്നും ജൂലി പറഞ്ഞെന്നു നിഷ അറിയിക്കുന്നു. ഈ അറിവ് നിഷയ്ക്കും അഭിമാനം പകരുന്നതാണ്. മൂന്നു വര്‍ഷം മുമ്പ് ഒരു കുടുംബകോടതി വക്കീല്‍ മാത്രമായിരുന്നു അവര്‍. പാചകത്തിന് വീട്ടുജോലി എന്നതിനപ്പുറം വലിയ പ്രാധാന്യം കൊടുക്കാത്ത ഒരു വ്യക്തി. എന്നാല്‍ ഇന്ന് തന്റെ ജീവിതം ഒരുപാടു മാറിയിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. ഇന്ത്യയിലുള്ള തന്റെ വീട്ടുകാര്‍ മാനംമര്യാദയുള്ള വക്കീല്‍പ്പണി ഉപേക്ഷിച്ച് പാചകവുമായി ഊരുതെണ്ടാന്‍ നിനക്കെന്താ ഭ്രാന്താണോയെന്നു ചോദിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ അത്രകണ്ട് ഇതിനെ ഇഷ്ടപ്പെടുന്നുവെന്നും അവര്‍ നിലപാടു വ്യക്തമാക്കുന്നു.

വീട്ടില്‍ കിട്ടുന്നതു പോലുള്ള വൃത്തിയുള്ള മായമില്ലാത്ത ഭക്ഷണമാണ് റെസ്‌റ്റൊറന്റില്‍ വിളമ്പുന്നതെന്നു നിഷ ഉറപ്പു തരുന്നു. ഇന്ത്യന്‍ മസാലക്കൂട്ടിന്റെ രുചിഭേദം പകരുന്ന നിരവധി പുതുമയുള്ള ഡിഷുകളാണ് മൗഗ്ലി സ്ട്രീറ്റ് ഫുഡ് വിഭവങ്ങളുടെ പ്രത്യേകത. ഗണ്‍പൗഡര്‍ ചിക്കന്‍ പോപ്പേഴ്‌സ് എന്ന വിഭവം ഉദാഹരണം. പേരു സൂചിപ്പിക്കുന്നതു പോലെ വെടിവരുന്നിന്റെ വീര്യമുള്ള കോഴി വിഭവമാണിത്. ഇഞ്ചി, വെളുത്തുള്ളി, ഗരംമസാല എന്നിവയില്‍ മൊരിയിച്ചെടുത്ത കോഴി സസ്യാഹാര ചാറിനൊപ്പം വിളമ്പുന്നതാണിത്. ഗോവന്‍ മീന്‍കറി, ചിക്കന്‍ ടിക്കമസാലയെ ഓര്‍മിപ്പിക്കുന്ന മദര്‍ ബട്ടര്‍ ചിക്കന്‍ എന്നിവയും വഴിയോര ഭക്ഷണത്തിന്റെ യഥാതഥ രുചി പകരുന്ന വിഭവങ്ങള്‍ തന്നെ.

1960-കളില്‍ ലണ്ടനിലേക്കു കുടിയേറിയ ഡോക്റ്റര്‍ ദമ്പതിമാരുടെ മകളാണ് നിഷ. തങ്ങളുടെ പാത പിന്തുടര്‍ന്ന് ഡോക്റ്ററാകണമെന്ന മാതാപിതാക്കളുടെ ആഗ്രഹം അവള്‍ പക്ഷേ തട്ടിക്കളഞ്ഞു. പകരം പാചകക്കുറിപ്പുകള്‍ തയാറാക്കുന്നതിലായിരുന്നു അവള്‍ക്കു താല്‍പര്യം. എന്നാല്‍ ഒരിക്കല്‍ ഒരു വക്കീലോഫീസില്‍ പോയതോടെ അഭിഭാഷകയാകണമെന്ന താല്‍പര്യം ഉദിക്കുകയായിരുന്നു. നിയമബിരുദമെടുത്ത നിഷ, ഹംഗറി സ്വദേശിയായ ഗിറ്റാര്‍വാദകന്‍ സോല്‍റ്റന്‍ കറ്റോണയെ വിവാഹം ചെയ്ത് ലിവര്‍പൂളില്‍ ജീവിതമാരംഭിച്ചു. ഇവര്‍ക്ക് രണ്ടു മക്കള്‍, 15കാരി ഇന്ത്യയും 13 കാരി ടിയയും. വക്കീല്‍ പ്രാക്റ്റീസ് ആരംഭിച്ചെങ്കിലും പാചകത്തോടുള്ള താല്‍പര്യം വിടാതെ കൂടെയുണ്ടായിരുന്നു. അത്താഴവിരുന്നുകളൊരുക്കുമ്പോള്‍ അമ്മയെ വിളിച്ച് കറിക്കൂട്ടുകള്‍ ആവശ്യപ്പെടുമായിരുന്നു. എനിക്ക് സ്വന്തം മക്കള്‍ക്കു നല്‍കാനുള്ളതും കൈപ്പുണ്യമല്ലാതെ മറ്റൊന്നുമല്ലെന്നും നിഷ വിശദീകരിക്കുന്നു.

ഒരു ദിവസം ഇങ്ങനെ പാചകക്കുറിപ്പു പകര്‍ത്തിയെടുക്കുമ്പോഴാണ് ഇന്ത്യന്‍ പാചകത്തിന്റെ മര്‍മ്മം എന്തെന്ന് നിഷ മനസിലാക്കിയത്. ചില ഘടകങ്ങളെ ആശ്രയിച്ചാണ് ഇന്ത്യന്‍ പാചകം നിലനില്‍ക്കുന്നതു തന്നെ. പ്രധാനമായും മൂന്നു ഘടകങ്ങളാണ് ഓരോ കറിയുടെയും രസതന്ത്രം. മഞ്ഞള്‍, മുളക് എന്നീ സ്ഥിരം ചേരുവകളും ഏതെങ്കിലും സുഗന്ധദ്രവ്യവും. മഞ്ഞളും മുളകും എല്ലാ കറികളിലും ഒഴിവാക്കാനാകാത്ത ഘടകങ്ങളാകുമ്പോള്‍ സുഗന്ധദ്രവ്യം ചേര്‍ക്കുന്നത് ഏതു വിഭവമാണ് പാചകം ചെയ്യുന്നതെന്നതിനെ ആശ്രയിച്ചിരിക്കുന്നു. കാബേജോ കോളി ഫഌവറോ ആണെങ്കില്‍ കടുകിട്ടു താളിക്കുന്നു, അതേസമയം പയര്‍വര്‍ഗങ്ങളാണെങ്കില്‍ ജീരകം വഴറ്റുന്നു. ഈ രസക്കൂട്ട് മനസിലാക്കിയ നിഷ സുഹൃത്തുക്കള്‍ക്ക് ഇവ വിശദമായി പഠിപ്പിച്ചു കൊടുക്കുകയും ഒരു പുസ്തകത്തിലൂടെ ഇത് വിശദീകരിക്കുകയും ചെയ്തു. കണ്ടുപിടിത്തത്തിന് സുഹൃത്തുക്കള്‍ക്കിടയില്‍ നിന്ന് വലിയ പ്രശംസ ലഭിച്ചു.

പുസ്തകമെഴുതി കഴിഞ്ഞപ്പോഴാണ് അതു ജനങ്ങളിലേക്ക് എങ്ങനെ എത്തിക്കുമെന്നതിനെക്കുറിച്ച് ചിന്തിച്ചത്. പ്രമുഖ പാചകപ്രസിദ്ധീകരണമായ ജാമി ഒലിവര്‍ കുക്ക് ബുക്കിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഗൂഗിളില്‍ നിന്നു വിശദമായി പഠിച്ചു. അവരുടെ ഏജന്റിനെ കണ്ടുപിടിച്ച് ഒരു നിര്‍ദേശം വെച്ചു. താന്‍ ഇന്ത്യന്‍ പാചകവിധിയുടെ മൂന്നു ഘടകങ്ങള്‍ തമ്മിലുള്ള സൂത്രവാക്യം കണ്ടു പിടിച്ചെന്ന് അറിയിച്ചു. 10 മിനുറ്റിനകം അവര്‍ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കി. മൂന്നു ദിവസത്തിനുള്ളില്‍ പുസ്തകത്തിനുള്ള കരാറിലേര്‍പ്പെട്ടു. 2015ല്‍ പ്രസിദ്ധീകരിച്ച പിംപ് മൈ റൈസ്, ഈ വര്‍ഷമിറങ്ങിയ ദ സ്‌പൈസ് ട്രീ എന്നിവ ഭക്ഷണപ്രേമികളുടെ മനം നിറച്ചു. ജനുവരിയില്‍ ഇറങ്ങാനിരിക്കുന്ന മൗഗ്ലി കുക്ക് ബുക്കിനു വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതോടൊപ്പം റെസ്റ്റോറന്റ് സ്ഥാപിക്കാനുള്ള ആലോചനയും പുരോഗമിച്ചു. ലിവര്‍പൂളില്‍ 2014-ല്‍ ആദ്യ റെസ്റ്റൊറന്റ് ആരംഭിച്ചപ്പോള്‍ പേരിടാന്‍ അവര്‍ക്ക് രണ്ടാമതാലോചിക്കേണ്ടി വന്നില്ല. സ്വന്തം മക്കളെ വിളിക്കാറുള്ള ചെല്ലപ്പേര്, മൗഗ്ലി എന്നു തന്നെ ഭക്ഷണശാലയ്ക്ക് അവര്‍ പേരിട്ടു.

സ്വന്തം സംരംഭം ആരംഭിച്ചിട്ടും അിഭാഷകവൃത്തി പൂര്‍ണമായി കൈവിടാന്‍ നിഷ ഒരുക്കമായിരുന്നില്ല. ആദ്യ റെസ്റ്റൊറന്റ് തുറന്ന് മൂന്നു മാസം കഴിഞ്ഞപ്പോഴാണ് അവര്‍ പ്രാക്റ്റീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സംരംഭം വന്‍ വിജയമാകുക തന്നെ ചെയ്തു. റെസ്റ്റൊറന്റിനു മുമ്പില്‍ ഉച്ചഭക്ഷണത്തിനും സായാഹ്നവേളകളിലും നീണ്ട നിര തന്നെ രൂപപ്പെട്ടു. ഇന്നും തന്റെ സംരംഭത്തെ ഒരു പ്രതിഫലം കിട്ടുന്ന വിനോദമായിട്ടേ നിഷ കാണുന്നുള്ളൂ. ഇന്നും താന്‍ അഭിഭാഷകയാണെന്നാണ് സ്വയം പരിചയപ്പെടുത്താറുള്ളതെന്ന് അവര്‍ സമ്മതിക്കുന്നു. പ്രൊഫഷണലുകളായി ഇന്ത്യക്കാര്‍ക്ക് ബിസിനസ് തുടങ്ങുന്നതിനോട് വലിയ നീരസമാണുള്ളതെന്ന് നിഷ നിരീക്ഷിക്കുന്നു. കരിയര്‍ വിട്ട് ഹോട്ടല്‍ മേഖലയിലേക്ക് ഇറങ്ങുന്നതും മറ്റും അവമതിപ്പുണ്ടാക്കുമെന്ന് അവര്‍ ധരിച്ചുവെച്ചിരിക്കുന്നു. എന്നാല്‍ നിഷയുടെ അമ്മയ്ക്ക് ബിസിനസിന്റെ സാധ്യതയെക്കുറിച്ച് നല്ല മതിപ്പാണുള്ളത്. ഒരിക്കല്‍ അവര്‍ നിഷയെ പരിചയപ്പെടുത്തിപ്പറഞ്ഞത് അഭിമാനത്തോടെ അവള്‍ ഓര്‍ക്കുന്നു. എന്താണു ജോലിയെന്നു തിരക്കിയ അതിഥിയോട് അവളൊരു റെസ്‌റ്റൊറന്റ് നടത്തിപ്പുകാരിയാണെന്ന് അമ്മ പറഞ്ഞത് ഏറ്റവും ധന്യനിമിഷമായിരുന്നെന്ന് നിഷ പറയുന്നു. ലിവര്‍ പൂളില്‍ രണ്ടും മാഞ്ചസ്റ്ററിലും ബെര്‍മിംഗ്ഹാമിലും ഓരോന്നുമായി മൊത്തം നാലു റെസ്‌റ്റൊറന്റുകളാണ് മൗഗ്ലി സ്ട്രീറ്റ് ഫുഡിനുള്ളത്. ഇനിയും നാലു ശാഖകള്‍ കൂടി തുടങ്ങാനുള്ള പദ്ധതിയിടുകയാണ് ഈ സംരംഭക.

Comments

comments

Categories: FK Special, Slider