ഗൂഗിള്‍ അസിസ്റ്റന്റ് ഇനിമുതല്‍ ആന്‍ഡ്രോയ്ഡ് ടാബ്‌ലെറ്റുകളിലും

ഗൂഗിള്‍ അസിസ്റ്റന്റ് ഇനിമുതല്‍ ആന്‍ഡ്രോയ്ഡ് ടാബ്‌ലെറ്റുകളിലും

മെഷീന്‍ ലേണിംഗിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും വലിയ ഭാവി കാണുന്ന ഗൂഗിള്‍ അതിന്റെ വിജയം ഒരു പരിധി വരെ അടിസ്ഥാനമാക്കിയിരിക്കുന്നത് ഗൂഗിള്‍ അസിസ്റ്റന്റിലാണ്. ശബ്ദം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ അസിസ്റ്റന്റാണു ഗൂഗിള്‍ അസിസ്റ്റന്റ്. ഇത്രയും കാലം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാണു ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇനിമുതല്‍ ഇത് ആന്‍ഡ്രോയ്ഡ് ടാബ്‌ലെറ്റുകളിലും ആന്‍ഡ്രോയ്ഡിന്റെ 5.0 ലോലിപ്പോപ്പ് പതിപ്പുകള്‍ ഉള്ള ഫോണിലും ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണു ഗൂഗിള്‍. ആന്‍ഡ്രോയ്ഡ് ആറാം പതിപ്പായ മാര്‍ഷ്മല്ലോ, ആന്‍ഡ്രോയ്ഡ് ഏഴാം പതിപ്പായ നഗട്ട് എന്നീ ഒഎസുകളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തിപ്പിക്കാനും കമ്പനി തീരുമാനിച്ചു. 29.7% ഡിവൈസുകളിലും മാര്‍ഷ്‌മെല്ലോ പതിപ്പാണ് ഉപയോഗിക്കുന്നത്. നഗട്ട് 19.3 % ഡിവൈസുകളിലും ഉപയോഗിക്കുന്നു.

ഗൂഗിള്‍ അസിസ്റ്റന്റിന്റെ സേവനം കൂടുതല്‍ ഡിവൈസുകളിലേക്കു വ്യാപിപ്പിക്കാനാണ് ഇതിലൂടെ കമ്പനി തീരുമാനിക്കുന്നത്. യുഎസ്സിലുള്ള ഉപഭോക്താക്കള്‍ക്കു ടാബ്‌ലെറ്റുകളില്‍ ഈയാഴ്ച മുതല്‍ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം യുഎസ്, യുകെ, ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആന്‍ഡ്രോയ്ഡ് ലോലിപ്പോപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ ഉടന്‍ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുമുണ്ട്.

2011-ല്‍ ആപ്പിള്‍ സിരി എന്ന ശബ്ദാനുസരണം പ്രവര്‍ത്തിക്കുന്ന ഇന്റലിജന്റ് അസിസ്റ്റന്റിനെ അവതരിപ്പിച്ചതിനു ശേഷമാണു ഗൂഗിളും ഈ മാതൃക പിന്തുടര്‍ന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് എന്നത് ഗൂഗിള്‍ വികസിപ്പിച്ച ഡിജിറ്റല്‍ അസിസ്റ്റന്റ് ആണ്. 2016 മെയില്‍ നടന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പ്രഖ്യാപിച്ചത്. ഗൂഗിള്‍ അസിസ്റ്റന്റിന് ഉപഭോക്താവുമായി രണ്ടുവഴി സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയും.അസിസ്റ്റന്റ് ഗൂഗിളിന്റെ മെസ്സേജിംഗ് ആപ്പായ അലോയിലും ഗൂഗിള്‍ ഹോംമിലുമാണ് ആദ്യമായി അവതരിപ്പിച്ചത്.

ഒരു പ്രത്യേക കാലയളവില്‍ പിക്‌സല്‍, പിക്‌സല്‍ എക്‌സ്എല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് എക്‌സ്‌ക്ലൂസീവ് ആയിരുന്ന അസിസ്റ്റന്റ് ഫെബ്രുവരിയില്‍ 2017നു ശേഷം മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമായി തുടങ്ങി.

Comments

comments

Categories: FK Special