എംഫഌക്‌സ് വണ്‍ : ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്ക്

എംഫഌക്‌സ് വണ്‍ : ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്ക്

ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ സിറ്റി റൈഡിംഗ് സാഹചര്യങ്ങളില്‍ 200 കിലോമീറ്റര്‍ യാത്ര ചെയ്യാം

ന്യൂ ഡെല്‍ഹി : ആദ്യ തദ്ദേശീയ ഇലക്ട്രിക് സൂപ്പര്‍ബൈക്കായ എംഫഌക്‌സ് വണ്‍ 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിക്കും. ബെംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പായ എംഫഌ്‌സ് മോട്ടോഴ്‌സാണ് ഈ പരിസ്ഥിതി സൗഹൃദ ബൈക്ക് അവതരിപ്പിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററായി ബൈക്കിന്റെ ടോപ് സ്പീഡ് ഇലക്ട്രോണിക്കലായി നിയന്ത്രിച്ചിരിക്കുന്നു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് ഈ ബൈക്കിന് കേവലം 3 സെക്കന്‍ഡ് മതി.

പരമാവധി 80 കുതിരശക്തി കരുത്തും 84 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്നതാണ് എംഫഌക്‌സ് വണ്ണിലെ ഇലക്ട്രിക് മോട്ടോര്‍. 9.7 കിലോവാട്ട്അവര്‍ ശേഷിയുള്ള സാംസംഗ് ലിഥിയം-അയണ്‍ ബാറ്ററിയാണ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ സിറ്റി റൈഡിംഗ് സാഹചര്യങ്ങളില്‍ 200 കിലോമീറ്റര്‍ യാത്ര ചെയ്യാം. 6 ലക്ഷം രൂപയില്‍ താഴെയായിരിക്കും ഈ ഇലക്ട്രിക് സൂപ്പര്‍ബൈക്കിന് വില. എംഫഌക്‌സ് വണ്ണിന്റെ അതേ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് എംഫഌക്‌സ് ടു എന്ന നേക്ഡ് ബൈക്ക് കമ്പനി പിന്നീട് പുറത്തിറക്കും.

ഹൈ-സ്‌പെക് ബ്രെംബോ ബ്രേക്കുകളായിരിക്കും ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വ്വഹിക്കുന്നത്. സ്വീഡിഷ് കമ്പനിയായ ഒഹ്‌ലിന്‍സില്‍നിന്ന് വാങ്ങിയതാണ് സസ്‌പെന്‍ഷന്‍ സിസ്റ്റം. സിംഗിള്‍-സൈഡഡ് സ്വിംഗ്ആമാണ് ഇതൊരു ഹൈ-എന്‍ഡ് സ്‌പോര്‍ട്‌സ്‌ബൈക്കാണെന്ന് തോന്നിപ്പിക്കുന്നത്. സ്മാര്‍ട്ട് ഡിസ്‌പ്ലേ കാഴ്ച്ചവെയ്ക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിവുകള്‍ ഉള്ളതാണ്. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സാധ്യമാണ്. ജര്‍മ്മന്‍ കമ്പനിയായ കോണ്ടിനെന്റലിന്റെ ഡുവല്‍ ചാനല്‍ എബിഎസ്സാണ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) എംഫഌക്‌സ് വണ്ണിന് നല്‍കിയിരിക്കുന്നത്. റീജനറേറ്റീവ് ബ്രേക്കിംഗ് ബൈക്കിന്റെ സവിശേഷതയാണ്. റൈഡ് ചെയ്യുന്നതിനിടെ ബ്രേക്ക് ചെയ്യുമ്പോള്‍ ബൈക്കിന്റെ റേഞ്ച് വര്‍ധിപ്പിക്കാന്‍ കഴിയും.

മണിക്കൂറില്‍ 200 കിലോമീറ്ററാണ് ബൈക്കിന്റെ ടോപ് സ്പീഡ്. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 3 സെക്കന്‍ഡ് മതി

തുടക്കത്തില്‍ ന്യൂ ഡെല്‍ഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ മാത്രമേ എംഫഌക്‌സ് വണ്‍ ഇലക്ട്രിക് സൂപ്പര്‍ബൈക്ക് ലഭിക്കൂ. ഈ നഗരങ്ങളില്‍ കമ്പനി എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കും. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കളെ മാത്രമേ ട്രാക്ക് ഡേകളില്‍ ബൈക്ക് സവിസ്തരം ടെസ്റ്റ് ചെയ്യുന്നതിന് കമ്പനി ക്ഷണിക്കുകയുള്ളൂ. വ്യത്യസ്ത നഗരങ്ങളിലായിരിക്കും ട്രാക്ക് ഡേ സംഘടിപ്പിക്കുന്നത്. എംഫഌക്‌സ് വണ്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാമെന്ന് കമ്പനി അറിയിച്ചു. ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളില്‍ പണമടയ്ക്കാം.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും യൂറോപ്പിലുമായി പാതയോരങ്ങളില്‍ ആയിരം വാര്‍പ് ചാര്‍ജറുകള്‍ സ്ഥാപിക്കുമെന്ന് എംഫഌക്‌സ് മോട്ടോഴ്‌സ് അറിയിച്ചു. അതിവേഗ ചാര്‍ജിംഗ് സൗകര്യമായിരിക്കും ഇവിടങ്ങളില്‍ ഒരുക്കുന്നത്.

വരുണ്‍ മിത്തല്‍, വിനയ് രാജ് സോമശേഖര്‍, അങ്കിത് ഖത്രി എന്നിവര്‍ ചേര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചത്. വരുണ്‍ മിത്തല്‍ കമ്പനി സിഇഒയും വിനയ് രാജ് സോമശേഖര്‍ ഡിസൈന്‍ വിഭാഗം മേധാവിയും അങ്കിത് ഖത്രി ഓപ്പറേഷന്‍സ് വിഭാഗം മേധാവിയുമാണ്.

Comments

comments

Categories: Auto