മനുഷ്യാവകാശങ്ങളുടെ പ്രസക്തി

മനുഷ്യാവകാശങ്ങളുടെ പ്രസക്തി

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന് അടുത്ത വര്‍ഷം എഴുപത് വയസാകുന്നു. പുതിയ പ്രചരണങ്ങള്‍ക്ക് തുടക്കമിടുകയാണ് ലോകം. എന്നാല്‍ അതെല്ലാം മനുഷ്യാവകാശങ്ങളുടെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ടുള്ളതാണെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമങ്ങള്‍ കൂടി ഉണ്ടാകണം

കഴിഞ്ഞ ഞായറാഴ്ച്ചയാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ (Universal Declaration of Human Rights – UDHR). 69ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രചരണ പരിപാടികളാണ് 2018ല്‍ നടക്കുന്ന 70ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പദ്ധതിയിടുന്നത്.

സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന് ജന്മസിദ്ധമായി തന്നെ ലഭിക്കുന്ന അവകാശമാണ് മനുഷ്യാവകാശമെന്ന പ്രത്യയശാസ്ത്രമാണ് ഇത്തരമൊരു സുപ്രധാന പ്രഖ്യാപനത്തിലേക്ക് ലോകം അന്ന് നീങ്ങാന്‍ കാരണം. 1948 ഡിസംബര്‍ 10 ന് പാരീസില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാസാക്കി അംഗീകരിച്ചതാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ നിന്നാണ് ഈയൊരു തിരിച്ചറിവ് അന്ന് ലോകത്തിന് വന്നത്. അതുകൊണ്ടുതന്നെ മനുഷ്യജീവികള്‍ക്ക് സ്വാഭാവികമായുള്ള അവകാശങ്ങളെപ്പറ്റിയുള്ള ആദ്യ ആഗോള പ്രഖ്യാപനമായിരുന്നു അത്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം, സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി, സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി എന്നിവയെ ചേര്‍ത്ത് അന്താരാഷ്ട്ര മനുഷ്യാവകാശ ബില്‍ എന്നതും രൂപം കൊണ്ടു.

വ്യക്തിഗത അവകാശങ്ങളുടെ സാംഗത്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ് മനുഷ്യാവകാശ പ്രഖ്യാപനം. അതുകൊണ്ടുതന്നെ ഇത് എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ബാധകമാണ്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിനാകട്ടെ ഇന്ന് മറ്റെന്നത്തേക്കാളും പ്രസക്തിയുമുണ്ട്, പ്രത്യേകിച്ചും ഇന്ത്യ പോലൊരു രാജ്യത്ത്. സമീപ കാലത്ത് കേരളത്തിലടക്കം രാജ്യത്തുണ്ടായ പല സംഭവങ്ങളും മനുഷ്യാവകാശങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും എല്ലാം ആവശ്യകതയെന്തെന്ന് നമ്മെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലുണ്ടായ ഒരു ദുരവസ്ഥ ഇവിടെ മനുഷ്യാവകാശങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് ആയുധമായി എന്നതാണ്. ഒരു കൂട്ടരുടെ മനുഷ്യാവകാശങ്ങള്‍ക്ക് മാത്രമാണ് പലപ്പോഴും വില കല്‍പ്പിക്കപ്പെട്ടത്.

ഭാരതത്തെ ശിഥിലമാക്കാന്‍ അതിര്‍ത്തിയില്‍ എത്തുന്ന തീവ്രവാദികളുടെ മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തപ്പെടുകയും അതിനെതിരെ പോരാടി ജീവന്‍ ബലിയര്‍പ്പിക്കുന്ന പട്ടാളക്കാരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വിലയില്ലാതിരിക്കുകയും ചെയ്യുന്ന വൈരുദ്ധ്യം നിറഞ്ഞ പ്രചരണങ്ങള്‍ക്കാണ് ഇവിടെ മുന്‍തൂക്കം ലഭിച്ചത്. സമാനം തന്നെയാണ് ജന്മനാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ കാര്യവും. മനുഷ്യാവകാശങ്ങളുടെ കാര്യം വരുമ്പോള്‍ വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കി ഇടപെടല്‍ നടത്തുന്നതാണ് പലപ്പോഴും പ്രശ്‌നം സൃഷ്ടിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ക്ക് മതമോ ജാതിയോ ഭാഷയോ രാജ്യമോ ഒന്നും ബാധകമല്ല. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. അതിന്റെ പേരില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്ന തരത്തിലേക്ക് സമൂഹം മാറുന്നത് മനുഷ്യാവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്തിന് ഭൂഷണമല്ല. അതുപോലെ തന്നെയാണ് സ്വന്തം രാഷ്ട്രീയ വിശ്വാസങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാകുന്നവരുടെ മനുഷ്യാവകാശവും.

സ്വന്തമായി അഭിപ്രായങ്ങള്‍ പറഞ്ഞ്, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ, മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് മേല്‍ കൈകടത്താതെ സുരക്ഷിതമായി, ഭയമില്ലാതെ ഏതൊരാള്‍ക്കും ജീവിക്കാനുള്ള ആവാസ വ്യവസ്ഥയുണ്ടാകുക എന്നതാണ് മനുഷ്യാവകാശ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏതൊരു രാജ്യത്തെ സംബന്ധിച്ചും വേണ്ട കാര്യം. അതാണ് യുഎന്‍ പോലുള്ള സംഘടനകള്‍ ലക്ഷ്യംവെക്കുന്നതും. എന്നാല്‍ ഇതിനെ ഒരു വണ്‍വേ ആയി മാത്രം കാണാനുള്ള മനഃസ്ഥിതിയില്‍ നിന്ന് നമ്മുടെ സമൂഹം മാറേണ്ടതുണ്ട്. അല്ലെങ്കില്‍ അത് സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ മാറില്ല. വികസനാത്മകമായി ചിന്തിക്കുന്ന ഒരു സമൂഹത്തിന് അത് ചേരുകയുമില്ല.

Comments

comments

Categories: Editorial, Slider