എംഡിആര്‍ വര്‍ധനയില്‍ ആര്‍ബിഐയുമായി ചര്‍ച്ച നടത്തും: ധനമന്ത്രാലയം

എംഡിആര്‍ വര്‍ധനയില്‍ ആര്‍ബിഐയുമായി ചര്‍ച്ച നടത്തും: ധനമന്ത്രാലയം

കൂടിയ നിരക്ക് ചുമത്തുന്നത് പിഒഎസ് മെഷീനുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വ്യാപാരികളെ പിന്തിരിപ്പിക്കും

ന്യൂഡെല്‍ഹി: ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് വ്യാപാരികള്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ട മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്കുകള്‍ അഥവാ എംഡിആര്‍ കുറച്ചുകൊണ്ടുവരുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്ന് ധനമന്ത്രാലയം അറിയിച്ചു. സൈ്വപ്പിംഗ് മെഷീന്‍ (പിഒഎസ് മെഷീന്‍) ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ഇടപാട് മൂല്യത്തിന്റെ 0.90 ശതമാനം വരെയാണ് വന്‍കിട വ്യാപാരികളില്‍ നിന്ന് ഇപ്പോള്‍ എംഡിആര്‍ ഈടാക്കുന്നത്.

എംഡിആര്‍ വര്‍ധിപ്പിക്കുന്നത് ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള പരിവര്‍ത്തനത്തിന് വെല്ലുവിളിയാകുമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ പരിശോധന ആവശ്യമാണെന്നുമാണ് ധനമന്ത്രാലയം വിലയിരുത്തുന്നത്. കൂടിയ നിരക്ക് ചുമത്തുന്നത് പിഒഎസ് മെഷീനുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വ്യാപാരികളെ പിന്തിരിപ്പിക്കും. ജിഎസ്ടിക്കു കീഴില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കാത്ത ചെറുകിട വ്യാപാരികളെയാണ് ഇത് പ്രധാനമായും ബാധിക്കുക.

ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ക്ക് വ്യാപാരികളില്‍ നിന്നും ബാങ്ക് ഈടാക്കുന്ന ഒരു നിശ്ചിത തുകയാണ് എംഡിആര്‍. ശരാശരി 1,500 രൂപയുടെ 27-28 കോടി ഇടപാടുകള്‍ ഒരു മാസം പിഒഎസ് മെഷീനുകള്‍ വഴി നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നോട്ട് അസാധുവാക്കല്‍ നയത്തെ തുടര്‍ന്നുള്ള പ്രത്യേക നടപടികളുടെ ഭാഗമായി ആയിരം രൂപ വരെയുള്ള ഇടപാടുകളുടെ എംഡിആര്‍ 0.25 ശതമാനമായി ആര്‍ബിഐ നിലനിര്‍ത്തിയിരുന്നു. 1000-2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 0.5 ശതമാനമായിരുന്നു എംഡിആര്‍.

കഴിഞ്ഞയാഴ്ച ആര്‍ബിഐ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷം 20 ലക്ഷം കോടി രൂപ വരെ വിറ്റുവരവ് നേടിയ ചെറുകിട വ്യാപാരികളില്‍ നിന്നും പിഒഎസ് ഇടപാടുകള്‍ക്ക് 0.40 എംഡിആര്‍ ഈടാക്കുമെന്ന് നിര്‍ദേശിച്ചിരുന്നു. ആയിരം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് മറ്റ് വ്യാപാരികളില്‍ നിന്നും 0.90 ശതമാനം ചാര്‍ജ് ഈടാക്കാനാണ് ആര്‍ബിഐ നിര്‍ദേശം. ഇത് 0.40 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് റിട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ആര്‍എഐ) കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories