ബിസിനസ് സൗഹൃദം: നയങ്ങള്‍ പരിഷ്‌കരിച്ച് കേരളം

ബിസിനസ് സൗഹൃദം: നയങ്ങള്‍ പരിഷ്‌കരിച്ച് കേരളം

തിരുവനന്തപുരം: ബിസിനസ് സൗഹൃദ അന്തരീക്ഷമൊരുക്കുന്ന കാര്യത്തില്‍ രാജ്യത്തെ മുന്‍നിര സംസ്ഥാനങ്ങള്‍ക്കൊപ്പമെത്താനുള്ള തയാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേരള പഞ്ചായത്ത് രാജ് ആക്റ്റ്, മുനിസിപ്പാലിറ്റീസ് ആക്റ്റ്, ബന്ധപ്പെട്ട കെട്ടിട നിയമങ്ങള്‍ തുടങ്ങിയ ബിസിനസിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട പല നിയമങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധിക്കുകയും പുതുക്കുകയും ചെയ്തുവരുന്നുണ്ട്. ഇതു സംബന്ധിച്ച് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് അടുത്തിടെ അടുത്തിടെ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിരുന്നു.

കേരളത്തില്‍ ഒരു സംരംഭം ആരംഭിക്കുന്നതിനും നടത്തുന്നതിനും ആവശ്യമായ ലൈസന്‍സിന്റെ പേര് ‘ഫാക്റ്ററീസ്, ട്രേഡ്, എന്‍ട്രപ്രണര്‍ഷിപ്പ് ആക്റ്റിവിറ്റീസ് ആന്‍ഡ് അദര്‍ സര്‍വീസ് ‘എന്ന പേരില്‍ കൂടുതല്‍ വ്യവസായ സൗഹൃദമായി മാറ്റിയിരുന്നു. ലൈസന്‍സ് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്ന സമയപരിധി 15 ദിവസമായി നിജപ്പെടുത്തിയതാണ് മറ്റൊരു പ്രധാന നടപടി. ലൈസന്‍സുകളുടെ അഞ്ചു വര്‍ഷ കാലാവധി അങ്ങനെ തന്നെ തുടരുന്നതാണ്. വ്യവസായങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോകള്‍ നല്‍കുന്നതിനുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഹരിത വിഭാഗത്തില്‍പ്പെട്ട വ്യവസായങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ സെല്‍ഫ്-സര്‍ട്ടിഫിക്കേഷന്‍ സംവിധാനവും കൊണ്ടുവന്നു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിലുള്ള കെട്ടിടനിയമങ്ങളും പുതുക്കിയിട്ടുണ്ട്. ഇതുപ്രകാരം കവറേജ് ഏരിയയും ഫ്‌ളോര്‍ ഏരിയ അനുപാതവും വര്‍ധിപ്പിച്ചു. പരിഷ്‌കരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന കേജാലക ബോര്‍ഡിനു അനുബന്ധമായി ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ സെല്‍ രൂപീകരിച്ചു. ഇത് അപേക്ഷകരുമായി സുഗമമായി സംവദിക്കുന്നതിനും അപേക്ഷകള്‍ക്ക് വേഗത്തില്‍ അംഗീകാരം നല്‍കുന്നതിനും സഹായിക്കും. ഓണ്‍ലൈന്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് മെക്കാനിസവും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.

Comments

comments

Categories: More