ആദ്യ സോഷ്യല്‍ ന്യൂസ് നെറ്റ്‌വര്‍ക്കുമായി ബ്ലൂംബെര്‍ഗ്

ആദ്യ സോഷ്യല്‍ ന്യൂസ് നെറ്റ്‌വര്‍ക്കുമായി ബ്ലൂംബെര്‍ഗ്

ബ്ലൂംബെര്‍ഗ് മീഡിയ അതിന്റെ ട്വിറ്റര്‍ അടിസ്ഥാനമായുള്ള 24 മണിക്കൂര്‍ ലൈവ് സ്ട്രീമിംഗ് വാര്‍ത്താ നെറ്റ്‌വര്‍ക്കിന്റെ പേര് പ്രഖ്യാപിച്ചു. TicToc by Bloomberg എന്ന പേരുള്ള ന്യൂസ് നെറ്റ്‌വര്‍ക്ക് ഈ മാസം 18 മുതല്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് അറിയിച്ചു.

ബ്ലൂംബെര്‍ഗിന്റെ ഗ്ലോബല്‍ ഹെഡ് ഓഫ് ഡിജിറ്റല്‍, എം. സ്‌കോട്ട് ഹാവന്‍സും, ടിക് ടോക്കിന്റെ എഡിറ്റോറിയല്‍ മേധാവി മിന്‍ഡി മസൂസിയും ചേര്‍ന്നു നേതൃത്വം കൊടുക്കുന്ന വാര്‍ത്താ സംഘത്തില്‍ 50 റിപ്പോര്‍ട്ടര്‍മാരും, എഡിറ്റര്‍മാരും, പ്രൊഡ്യൂസര്‍മാരും, സോഷ്യല്‍ മീഡിയ അനലിസ്റ്റുകളുമുണ്ടാകും.

ട്വിറ്ററില്‍ @tictoc (twitter.com/tictoc) എന്ന വിലാസത്തില്‍ നെറ്റ്‌വര്‍ക്ക് ലഭ്യമായിരിക്കും. ട്വിറ്ററില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ബ്രേക്കിംഗ് ആയ വാര്‍ത്താ ഉള്ളടക്കവും മറ്റു വാര്‍ത്തകളും ചേര്‍ത്തുള്ള മിശ്രണം ബ്ലൂംബെര്‍ഗ് പരിശോധിച്ചതിനു ശേഷമായിരിക്കും പ്രസിദ്ധീകരിക്കുന്നത്. ഇത് ബ്ലുംബെര്‍ഗ് ടെലിവിഷനില്‍നിന്നും വളരെ വ്യത്യസ്തമായിട്ടുള്ള ഉല്‍പന്നമായിരിക്കുമെന്നാണ് അവകാശവാദം.

പുതിയ സംരംഭത്തിനായി ബ്ലൂംബെര്‍ഗ് മീഡിയ ആറ് സ്‌പോണ്‍സര്‍മാരുടെ പിന്തുണയാണു തേടിയിരിക്കുന്നത്. AT&T, CA Technologies, CME Group, Goldman Sachs, Infiniti, and TD Ameritrade എന്നിവരാണു സ്‌പോണ്‍സര്‍മാര്‍. ഇവരോരുത്തരും 1.5 മുതല്‍ മൂന്ന് ദശലക്ഷം ഡോളറാണ് സ്‌പോണ്‍സര്‍ഷിപ്പിനായി നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.

പുതിയ വാര്‍ത്താ ശൃംഖലയിലേക്ക് ബ്ലൂംബെര്‍ഗ് തെരഞ്ഞെടുത്തിരിക്കുന്ന അവതാരകരെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ബ്ലൂംബെര്‍ഗ് തയാറായിട്ടില്ല.
ഈ വര്‍ഷം മെയ് മാസമാണ് ട്വിറ്ററുമായി സഹകരിക്കുന്നതായി ബ്ലൂംബെര്‍ഗ് അറിയിച്ചത്. സംയുക്ത സംരംഭത്തിലൂടെ വ്യത്യസ്തമായൊരു ബ്രേക്കിംഗ് ന്യൂസ് അനുഭവം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നു ബ്ലൂംബെര്‍ഗ് മീഡിയ സിഇഒ ജസ്റ്റിന്‍ സ്മിത്ത് പറഞ്ഞു. പുതുയുഗത്തില്‍ ആളുകള്‍ വാര്‍ത്തകളുടെ ഗുണനിലവാരമല്ല നോക്കുന്നത്, പകരം ഏറ്റവും പുതിയ സംഭവങ്ങള്‍ ആദ്യമറിയാനാണ് ശ്രമിക്കുന്നത്. പരമ്പരാഗത മാധ്യമങ്ങള്‍ ഈ മാറ്റത്തിനൊപ്പമെത്താന്‍ സഞ്ചരിക്കാന്‍ ഇതുവരെ തയാറായിട്ടില്ലെന്നും സ്മിത്ത് പറഞ്ഞു.

തക്കസമയത്ത്, കൃത്യതയോടെ, പ്രസക്തമായ, സംക്ഷിപ്തമായ, യഥാര്‍മായ വാര്‍ത്ത അതാണ് ടിക് ടോക്കിന്റെ മുഖമുദ്രയെന്ന് ബ്ലൂംബെര്‍ഗ് പറഞ്ഞു.

Comments

comments

Categories: FK Special