പച്ച സാരിയുടെ മദ്യ വിമുക്ത വിപ്ലവം

പച്ച സാരിയുടെ മദ്യ വിമുക്ത വിപ്ലവം

വാരണാസി ജില്ലയിലെ ഖുശിയാരി ഗ്രാമത്തെ മദ്യത്തില്‍ നിന്നും ചൂതുകളിയില്‍ നിന്നും വിമുക്തമാക്കിയ ഒരു സംഘം വനിതകളാണ് ഗ്രീന്‍ ഗാംഗ്. ഖുശിയാരി ഗ്രാമത്തിന്റെ ഇന്നത്തെ പുഞ്ചിരിക്ക് ഗ്രീന്‍ ഗാംഗിലെ ഓരോ സ്ത്രീകളോടും നാം കടപ്പെട്ടിരിക്കുന്നു

ഗ്രീന്‍ ഗാംഗ്-മുപ്പതോളം സ്ത്രീകള്‍ ചേര്‍ന്ന സംഘം, പ്രായം ഇവിടെ ഒരു പ്രശ്‌നമല്ല. ശാരീരികവും മാനസികവുമായി നേരിടുന്ന അക്രമണത്തില്‍ പ്രായത്തിനെന്ത് പ്രസക്തി. നമ്മുടെ ശരീരം ഏതു കാരണത്താലായാലും മറ്റൊരാള്‍ക്ക് യഥേഷ്ടം അടിക്കാനും ചവിട്ടാനുമുള്ളതല്ലെന്ന ചിന്തയും മദ്യത്തിനെയും മയക്കുമരുന്നിനെയും തുടച്ചുനീക്കുമെന്ന പ്രതിജ്ഞയും മതി ഗ്രീന്‍ ഗാംഗിലേക്കു നിങ്ങള്‍ക്കും കടന്നു വരാന്‍. ഒരു ഗ്രാമത്തെയൊന്നാകെ മദ്യത്തില്‍ നിന്നും ചൂതുകളിയില്‍ നിന്നും മോചിപ്പിച്ച കഥയാണ് ഈ വനിതകള്‍ക്ക് മാതൃകയായി നല്‍കാനുള്ളത്.

പച്ച നിറത്തിലുള്ള സാരിയാണ് ഗ്രീന്‍ ഗാംഗിന്റെ ആദ്യ ഹൈലൈറ്റ്. ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ വടക്കു ഭാഗത്തുള്ള വാരണാസി ജില്ലയിലെ ഖുശിയാരി ഗ്രാമത്തിലെ സ്ത്രീകളാണ് വീടിനും നാടിനും ഒരുപോലെ നാശം വിതയ്ക്കുന്ന മദ്യത്തിനും മയക്കുമരുന്നിനും ഇതുവഴിയുണ്ടാകുന്ന ഗാര്‍ഹിക പീഡനത്തിനുമെതിരെ അണിനിരക്കുന്നതിനായി ഗ്രീന്‍ ഗാംഗ് എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ഗാര്‍ഹിക പീഡനത്തിന്റെ മൂലകാരണം ചൂതുകളിയും മദ്യപാനവുമാണെന്ന തിരിച്ചറിവാണ് അവരെ ഇതിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സജ്ജരാക്കിയത്. സാമൂഹ്യ തിന്‍മകളായ ശൈശവ വിവാഹം, സ്ത്രീധന സമ്പ്രദായം എന്നിവയ്‌ക്കെതിരെ പൊരുതുമെന്ന പ്രതിജ്ഞയെടുത്താണ് ഓരോ സ്ത്രീകളും ഈ സംഘത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നതു തന്നെ.

ഖുശിയാരി മദ്യ വിമുക്തം

സര്‍ക്കാരിതര സംഘടനയുടെ പിന്തുണയോടെ ഗ്രീന്‍ ഗാംഗ് ഇന്ന് ഒരു സംഘടിത പ്രസ്ഥാനമായി മാറിയിട്ടുണ്ട്. പുരുഷന്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടൊന്നും കാര്യമില്ലെന്നു മനസിലാക്കി സ്ത്രീകള്‍ സംഘടിതമായി ഗ്രാമത്തിലെ ഓരോ വീടുകളിലും മദ്യത്തിനും മയക്കുമരുന്നിനുമായി നേരിട്ട് റെയ്ഡ് ചെയ്തു. വീടിനും സമൂഹത്തിനും ദോഷം ചെയ്യുന്ന ഇത്തരം സാമൂഹിക വിപത്തുകള്‍ ഒഴിവാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഭീഷണി മുഴക്കാനും അവര്‍ മടി കാണിച്ചില്ല. മാത്രമല്ല ഗാര്‍ഹിക പീഡനത്തിനു മുതിര്‍ന്നാല്‍ പോലീസ് കേസുകളിലേക്ക് പോകുമെന്നുള്ള മുന്നറിയിപ്പു കൂടിയാണ് അവര്‍ വീടുവീടാന്തരം നല്‍കിയത്. 2015ല്‍ രൂപപ്പെട്ട ഗ്രീന്‍ ഗാംഗിന്റെ പ്രവര്‍ത്തന ഫലമായി ഖുശിയാരി ഇന്ന് മദ്യത്തിന്റെ കരാള ഹസ്തത്തില്‍ നിന്നും മുക്തമാക്കപ്പെട്ടിരിക്കുന്നു. അതെ, ഖുശിയാരിയുടെ ഇന്നത്തെ പുഞ്ചിരിക്ക് ഗ്രീന്‍ ഗാംഗിലെ ഓരോ സ്ത്രീകളോടും നാം കടപ്പെട്ടിരിക്കുന്നു.

പോലീസിന്റെ ഉത്തമ മിത്രം

പോലീസിന്റെ മുഴുവന്‍ പിന്തുണയും നേടിയാണ് ഗ്രീന്‍ ഗാംഗിന്റെ പ്രവര്‍ത്തനം. പോലീസ് ചങ്ങാതിമാരായി കണ്ട അവരെ പോലീസ് മിത്ര എന്ന വിളിപ്പേരിലാണ് അവിടങ്ങളില്‍ അറിയപ്പെടുന്നത്. ഒരു ചെറു സംഘം സ്ത്രീകള്‍ ആണെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കാര്യമായ മാറ്റങ്ങള്‍ ഗ്രാമത്തില്‍ ദൃശ്യമാകുന്നുമുണ്ട്. സര്‍ക്കാരിന്റെ വിവിധ സ്ത്രീ സുരക്ഷ, ആരോഗ്യ സുരക്ഷാ പദ്ധതികളെ കുറിച്ചുള്ള കൃത്യമായ അവബോധം ഗ്രാമീണ സ്ത്രീകള്‍ക്കു നല്‍കാനും ഇവരിലൂടെ കഴിയുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ പോലീസുകാരുടെ ജോലിയാണ് ഗ്രീന്‍ ഗാംഗ് ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ സുരക്ഷ പോലീസിന്റെ ചുമതലയായി മാറി. ഏതു സമയത്തും പോലീസിന്റെ എല്ലാവിധ സഹായവും ഈ ഗ്രാമീണ സ്ത്രീകള്‍ക്കു ലഭ്യമാകാന്‍ അവര്‍ ശ്രദ്ധിക്കുന്നുമുണ്ട്.

ചെറുത്തു നില്‍പിന്റെ പോരാട്ടം

സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടി കാണിച്ചിരുന്ന സ്ത്രീകളായിരുന്നു ഖുശിയാരിയിലേത്. പുറം ലോകത്ത് നടക്കുന്നതും തങ്ങള്‍ക്ക് അവകാശങ്ങളുണ്ടോ സുരക്ഷയുണ്ടോ എന്നു പോലും അറിയാത്തവര്‍. എന്നാലിന്ന് സന്നദ്ധ സംഘടകളുടെ സഹായത്താല്‍ അവര്‍ ഒരുപാടു മുന്നേറിയിരിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് പത്തു പേരുമായി തുടങ്ങിവെച്ച പ്രസ്ഥാനത്തിലെ അംഗസംഖ്യ ഇപ്പോള്‍ 30 ആയി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സംഘത്തിലെ വനിതകളുടെ സ്വയ രക്ഷയ്ക്കായും മറ്റും സെല്‍ഫ് ഡിഫന്‍സ് പരിശീലനങ്ങളും നല്‍കുന്നുണ്ട്. പ്രായഭേദമന്യേ സംഘത്തിലെ എല്ലാ സ്ത്രീകളും ഇതിനായി മുന്നിട്ടു വരുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ട പ്രധാന വിഷയം.

മദ്യ രഹിത സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ഗാര്‍ഹിക സുരക്ഷയും സ്ത്രീധന സമ്പ്രദായ നിരോധനവും മാത്രമല്ല മറിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസപരമായ വിഷയങ്ങള്‍, വോട്ടര്‍മാര്‍ക്കായുള്ള ബോധവല്‍കരണ പരിപാടികള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലെല്ലാം ഗ്രീന്‍ ഗാംഗിന്റെ പ്രവര്‍ത്തന മേഖല വ്യാപിക്കുന്നുണ്ട്

ആശാ ദേവിയാണ് ഗ്രീന്‍ ഗാംഗിന്റെ നേതൃസ്ഥാനത്ത്. അവരുടെ അഭിപ്രായത്തില്‍ ഖുശിയാരിയിലെ പുരുഷന്‍മാര്‍ മുമ്പ് അവരുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും മദ്യപാനത്തിനും ചീട്ടുകളിക്കും വിനിയോഗിക്കുകയായിരുന്നു പതിവ്. കൃഷിജോലികളില്‍ പോലും അവര്‍ക്കും താല്‍പര്യമില്ലാതായി. പട്ടിണിയും മറ്റുമായി സ്ത്രീകളും കുട്ടികളും കഷ്ടപ്പെടുന്നതിനൊപ്പം മദ്യപാനികളായ പുരുഷന്‍മാരുടെ ശാരീരിക പീഡനവും ഏല്‍ക്കേണ്ടിവന്നു. കാലങ്ങളോളം സഹികെട്ടാണ് ഇതിനെതിരെ പൊരുതാന്‍ അവര്‍ ഇറങ്ങിത്തിരിച്ചത്. ഇന്ന് തണല്‍ മരത്തിനു താഴെ ഇരുന്നു ചീട്ടുകളിക്കാന്‍ പോലും പുരുഷന്‍മാര്‍ക്ക് ഭയപ്പെടുന്നുണ്ട്. കുടുംബത്തിലെ സമാധാനമാണ് പ്രധാനം. സാമൂഹിക തിന്മകള്‍ക്ക് അറുതി വന്നാല്‍ ഓരോ കുടുംബവും രക്ഷപെടും.

പച്ചസാരി കൂടുതല്‍ പന്തലിക്കുന്നു

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഗാംഗ് വാരണാസി ജില്ലയിലെ മറ്റ് ആറു ഗ്രാമങ്ങളിലും അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ച് അവിടങ്ങളില്‍ ഗ്രീന്‍ ഗാംഗ് രൂപീകരിക്കാന്‍ ശ്രമിച്ചു വരികയാണ്. നക്‌സല്‍ ആക്രമണം നിലനില്‍ക്കുന്ന മിര്‍സാപുര്‍ ജില്ലയിലും ഗ്രീന്‍ ഗാംഗിന് തുടക്കമിടാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. മദ്യ രഹിത സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ഗാര്‍ഹിക സുരക്ഷയും സ്ത്രീധന സമ്പ്രദായ നിരോധനവും മാത്രമല്ല മറിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസപരമായ വിഷയങ്ങള്‍, വോട്ടര്‍മാര്‍ക്കായുള്ള ബോധവല്‍കരണ പരിപാടികള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലെല്ലാം ഗ്രീന്‍ ഗാംഗിന്റെ പ്രവര്‍ത്തന മേഖല വ്യാപിക്കുന്നുണ്ട്.

Comments

comments

Categories: FK Special, Slider