ഡിടിഎച്ച് വിഭാഗത്തിന്റെ ഓഹരി വില്‍പ്പന എയര്‍ടെല്ലിന് കരുത്തേകും

ഡിടിഎച്ച് വിഭാഗത്തിന്റെ ഓഹരി വില്‍പ്പന എയര്‍ടെല്ലിന് കരുത്തേകും

ജിയോയെ നേരിടാന്‍ ഇടപാട്  എയര്‍ടെല്ലിനെ സഹായിക്കുമെന്ന് കണക്കുകൂട്ടല്‍

കൊല്‍ക്കത്ത: ഡിടിഎച്ച് വിഭാഗമായ ഭാരതി ടെലിമീഡിയയുടെ 20 ശതമാനം ഓഹരികള്‍ അമേരിക്കന്‍ സ്വകാര്യ നിക്ഷേപ സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസിന് വില്‍ക്കാനുള്ള എയര്‍ടെല്ലിന്റെ തീരുമാനം കമ്പനിയുടെ 4ജി നെറ്റ്‌വര്‍ക്ക് വ്യാപനത്തിനും റിലയന്‍സ് ജിയോയുമായുള്ള മത്സരം ശക്തമാക്കുന്നതിനും വഴിയൊരുക്കുമെന്ന് ടെലികോം രംഗത്തെ വിദഗ്ധര്‍.

സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള എയര്‍ടെല്‍ ഈ സാമ്പത്തിക വര്‍ഷത്തെ മൂലധന ചെലവിന്റെ പരിധി നവംബറില്‍ 20,000 കോടി രൂപയില്‍ നിന്ന് 25,000 കോടിയായി ഉയര്‍ത്തിയിരുന്നു. മൂലധന ചെലവ് ഇനത്തില്‍ അധികമായി നീക്കിവെച്ച തുക കമ്പനിയുടെ റേഡിയോ ശൃംഖലയെയും ഫൈബര്‍ ശേഷിയെയും താങ്ങി നിര്‍ത്തുന്നതിനും പ്രയോജനപ്പെടുത്തുമെന്ന് എയര്‍ടെല്ലിന്റെ ഇന്ത്യയിലെയും ദക്ഷിണ ഏഷ്യയിലെയും മാനേജിംഗ് ഡയറക്റ്റര്‍ ഗോപാല്‍ വിറ്റല്‍ നേരത്തെ വ്യക്തമാക്കുകയുണ്ടായി.

വിപണി വിഹിതവും ഉപഭോക്താക്കളുടെ അനുഭവവും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി. ഡാറ്റ ഉപഭോഗത്തിലും ആവശ്യകതയിലും ഉണ്ടായ ഉയര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവങ്ങള്‍ ലഭ്യമാക്കുന്നതിന് മൂലധന ചെലവിടല്‍ ആവശ്യമാണെന്നും വിറ്റല്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക പ്രധാനമായും മേല്‍പറഞ്ഞ കാര്യങ്ങള്‍ക്കുവേണ്ടി എയര്‍ടെല്‍ ചെലവഴിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുമ്പോഴും, ഈ തുകയുടെ ഒരു ഭാഗം കടബാധ്യതകള്‍ കുറയ്ക്കുന്നതിന് കമ്പനി വിനിയോഗിക്കുമെന്ന് കരുതുന്നവരുമുണ്ട്.

ഡിടിഎച്ച് യൂണിറ്റിന്റെ ഓഹരി വില്‍പ്പനവഴി ലഭിക്കുന്ന തുക എയര്‍ടെല്‍ തങ്ങളുടെ ഇന്ത്യയിലെ വയര്‍ലെസ് ബിസിനസിലേക്ക് വകയിരുത്തുമെന്ന് മുന്‍നിര സാമ്പത്തിക സേവന കമ്പനി മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു. പുതിയ ഇടപാട് എയര്‍ടെല്ലിന്റെ മൂല്യം വര്‍ധിപ്പിക്കുന്നതിനു മാത്രമല്ല, ബാലന്‍സ് ഷീറ്റിലെ അസ്ഥിരത ഏറെക്കുറെ പരിഹരിക്കുന്നതിനും സഹായിക്കുമെന്ന് മറ്റൊരു സാമ്പത്തിക സേവനദാതാക്കളായ ജെഎം ഫിനാന്‍ഷ്യല്‍ വിലയിരുത്തി. ഇത് കൂടാതെ ഭാരതി ഗ്രൂപ്പിന്റെ ഡിടിഎച്ച് വിഭാഗത്തിന്റെ ലിസ്റ്റിംഗ് ഭാവിയില്‍ നടന്നേക്കുമെന്നും അവര്‍ കരുതുന്നു.

കഴിഞ്ഞ ദിവസം എയര്‍ടെല്‍ പ്രഖ്യാപിച്ച കരാര്‍ പ്രകാരം, ഭാരതി ടെലിമീഡിയയിലെ 15 ശതമാനം ഓഹരികള്‍ വാര്‍ബര്‍ഗിന് വില്‍ക്കും. ശേഷിക്കുന്ന അഞ്ച് ശതമാനം ഓഹരി മറ്റൊരു അനുബന്ധ സ്ഥാപനം കൈമാറും. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ടെല്ലിന്റെ ഡിടിഎച്ച് വിഭാഗം ആകെ 3430.6 കോടി രൂപയുടെ വരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു മുന്‍പിലത്തെ വര്‍ഷവുമായി തട്ടിച്ചു നോക്കുമ്പോള്‍ 17.6 ശതമാനം അധികമാണിത്.

Comments

comments

Categories: Business & Economy