ഇന്ത്യന്‍ ടെലികോം വരിക്കാരുടെ എണ്ണം 120.1 കോടിയിലേക്ക് ചുരുങ്ങി: ട്രായ്

ഇന്ത്യന്‍ ടെലികോം വരിക്കാരുടെ എണ്ണം 120.1 കോടിയിലേക്ക് ചുരുങ്ങി: ട്രായ്

മൊബീല്‍ സെഗ്‌മെന്റില്‍ ഉപഭോക്താക്കളെ നഷ്ടപ്പെടുത്തിയതിലും നേടിയതിലും ജിയോയാണ് മുന്നില്‍

ന്യൂഡെല്‍ഹി: ഒക്‌റ്റോബറില്‍ രാജ്യത്തെ മൊത്തം ടെലികോം വരിക്കാരുടെ എണ്ണം 0.41 ശതമാനം ഇടിഞ്ഞ് 120.1 കോടിയിലെത്തിയതായി ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) റിപ്പോര്‍ട്ട്. ഒക്‌റ്റോബറില്‍ മൊത്തം 1.75 കോടിയിലധികം ഉപഭോക്താക്കളെയാണ് ടെലികോം കമ്പനികള്‍ക്ക് നഷ്ടമായതെന്നും ട്രായ് വ്യക്തമാക്കുന്നു.
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ കമ്പനികള്‍ സംയുക്തമായി 1.26 കോടിയിലധികം പുതിയ മൊബീല്‍ ഉപഭോക്താക്കളെയാണ് ഇക്കാലയളവില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്.

മൊബീല്‍ സെഗ്‌മെന്റില്‍ ഒക്‌റ്റോബറില്‍ ഏറ്റവും കൂടുതല്‍ പുതിയ വരിക്കാരെ സ്വന്തമാക്കിയത് റിലയന്‍സ് ജിയോയാണ്. 73.44 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ജിയോ ഇക്കാലയളവില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഇതോടെ ജിയോയുടെ വിപണി വിഹിതം 12 ശതമാനത്തിലേക്ക് ഉയര്‍ന്നു. എയര്‍ടെല്‍ 31.4 ലക്ഷം പുതിയ വരിക്കാരെ നേടിയപ്പോള്‍ വോഡഫോണ്‍ 8.79 ലക്ഷവും ഐഡിയ 7.13 ലക്ഷവും വരിക്കാരെ സ്വന്തമാക്കി. പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എന്‍എല്‍ ഇതേ മാസം 6.02 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടിയിട്ടുണ്ടെന്നും ട്രായ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊബീല്‍ സെഗ്‌മെന്റില്‍ ഉപഭോക്താക്കളെ നഷ്ടപ്പെടുത്തിയതിലും ജിയോയാണ് മുന്നില്‍. 1.09 കോടി ഉപഭോക്താക്കളെയാണ് ജിയോയ്ക്ക് ഒക്‌റ്റോബറില്‍ നഷ്ടമായത്. ടാറ്റ ടെലി സര്‍വീസസ് 47.11 ലക്ഷം വരിക്കാരെയും ടെലിനോര്‍ 11.44 ലക്ഷം വരിക്കാരെയും സിസ്‌റ്റേമ ശ്യം 2.31 ലക്ഷം വരിക്കാരെയും എംടിഎന്‍എല്‍ 11,520 വരിക്കാരെയും ഇതേമാസം നഷ്ടപ്പെടുത്തി. രാജ്യത്തെ മൊബീല്‍ വരിക്കാരുടെ എണ്ണത്തില്‍ മാത്രം 48.5 ലക്ഷത്തിന്റെ ഇടിവാണുണ്ടായത്. ടെലിഫോണ്‍ വരിക്കാരുടെ എണ്ണം സെപ്റ്റംബറിലെ 1,206.71 മില്യണില്‍ നിന്നും ഒക്‌റ്റോബറില്‍ 1,201.72 മില്യണായി കുറഞ്ഞു. ഇന്ത്യയുടെ നഗരപ്രദേശങ്ങളില്‍ ടെലിഫോണ്‍ കണക്ഷനുകളുടെ എണ്ണം 70.48 കോടിയില്‍ നിന്നും 69.75 കോടിയിലേക്ക് ചുരുങ്ങിയതായും ട്രായ് നിരീക്ഷിച്ചു.
അതേസമയം, ഗ്രാമീണ മേഖലയില്‍ നിന്നുള്ള സബ്‌സ്‌ക്രിപ്ഷനില്‍ വര്‍ധനയാണ് പ്രകടമായിട്ടുള്ളത്. സെപ്റ്റംബര്‍-ഒക്‌റ്റോബര്‍ കാലയളവില്‍ ഗ്രാമ പ്രദേശങ്ങളില ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 50.18 കോടിയില്‍ നിന്നും 50.41 കോടിയായി വര്‍ധിച്ചു. ലാന്‍ഡ്‌ലൈന്‍ വിഭാഗത്തില്‍ മുന്‍ നിരയിലുള്ള ബിഎസ്എന്‍എലിന് ഈ വിഭാഗത്തില്‍ 1.23 ലക്ഷം വരിക്കാരെ ഒക്‌റ്റോബറില്‍ നഷ്ടമായി.

Comments

comments

Categories: More