‘കേരളം ഹരിതോര്‍ജത്തിന് പ്രത്യേക ഊന്നല്‍ നല്‍കണം’

‘കേരളം ഹരിതോര്‍ജത്തിന് പ്രത്യേക ഊന്നല്‍ നല്‍കണം’

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പഠിച്ച ശേഷം തൊഴില്‍മേഖലാ അടിസ്ഥാനത്തില്‍ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കിയാല്‍ കേരളത്തില്‍ മികച്ച വികസനം സാധ്യമാകുമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ രാജ സേതുനാഥ്

കൊച്ചി: സാമ്പത്തികമായും സാമൂഹികമായും കേരളം മുന്നിലെത്തണമെങ്കില്‍ ടൂറിസം രംഗം കൂടുതല്‍ ശക്തമാകണമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ രാജ സേതുനാഥ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് ഈ രംഗത്ത് മികച്ച സാധ്യതകളാണുള്ളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും കാര്യക്ഷമതയില്ലായ്മ മൂലം ടൂറിസം രംഗത്തെ സാധ്യതകള്‍ വിനിയോഗിക്കപ്പെടുന്നില്ല-രാജ സേതുനാഥ് ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

ടൂറിസം വികസനം ആരംഭിക്കേണ്ടത് കൃത്യമായ മാലിന്യ സംസ്‌കരണത്തില്‍ നിന്നുമാണ്. ഒരു പ്രദേശത്തെ മാലിന്യങ്ങള്‍ അതത് സ്ഥലത്തു തന്നെ സംസ്‌കരിക്കാനുള്ള വഴി കണ്ടെത്തണം. മാലിന്യത്തില്‍ നിന്നും വൈദ്യുതി നിര്‍മിക്കാവുന്ന തലത്തിലേക്ക് സാങ്കേതിക വിദ്യ വളര്‍ന്നു കഴിഞ്ഞു. ഇത്തരം സാങ്കേതിക വിദ്യകള്‍ കൃത്യമായി ഉപയോഗപ്പെടുത്താനായാല്‍ തന്നെ ഈ രംഗത്ത് വലിയൊരു മുന്നേറ്റം നടത്താന്‍ കേരളത്തിനാകും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂറിസം വികസനത്തില്‍ കേരളം മാലിദ്വീപിനെയാണ് മാതൃകയാക്കേണ്ടതെന്നും സേതുനാഥ് അഭിപ്രായപ്പെട്ടു. വെറും അഞ്ചു ലക്ഷം ജനങ്ങള്‍ മാത്രം വസിക്കുന്ന ഈ ദ്വീപില്‍ പ്രതിവര്‍ഷം വന്നു പോകുന്നത് 2.3 മില്യണ്‍ വിദേശ വിനോദ സഞ്ചാരികളാണ്. തങ്ങളുടെ ടൂറിസം സാധ്യതകള്‍ മനസിലാക്കി, ഈ രംഗത്തെ വികസനത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്ന മാലി ഗവണ്‍മെന്റ് വരും വര്‍ഷങ്ങളില്‍ ലക്ഷ്യമിടുന്നത് 7 മില്യണ്‍ വിനോദ സഞ്ചാരികളെയാണ്. അതേ സമയം കേരളത്തില്‍ എത്തുന്നതാവട്ടെ 3 ലക്ഷം വിനോദസഞ്ചാരികളും.

ആഗോളതലത്തില്‍ ആയുര്‍വേദത്തെ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ നാം കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ടൂറിസത്തില്‍ മാലിദ്വീപിനെ മാതൃകയാക്കാം

ആയുര്‍വേദത്തിലും ശ്രദ്ധ വെക്കണം. ആയുഷ് പോലുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നത് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും അത് മൂലം മെഡിക്കല്‍ ടൂറിസം രംഗം മെച്ചപ്പെടുത്തുന്നതിനും സാധിക്കും. ആയുര്‍വേദ ആന്‍ഡ് വെല്‍നെസ്സ് എന്ന ആശയത്തിന് ഏറെ പ്രാധാന്യം ലഭിച്ചു വരുന്ന സമയമാണിത്. എന്നാല്‍ ആഗോളതലത്തില്‍ ആയുര്‍വേദത്തെ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ നാം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും രാജ സേതുനാഥ് ചൂണ്ടിക്കാണിച്ചു.

കേരളം ഇനിയും ശ്രദ്ധ ചെലുത്താത്ത മറ്റൊരു മേഖലയാണ് ഗ്രീന്‍ എനര്‍ജി. സോളാര്‍ പാര്‍ക്കുകള്‍ സ്ഥാപിച്ച് സിയാല്‍ ഈ രംഗത്ത് മികച്ചൊരു മാതൃക സൃഷ്ടിച്ചു എങ്കിലും അത് പിന്തുടരാന്‍ നമുക്കായിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍, പാടങ്ങള്‍ എന്നിവിടങ്ങളില്‍ സോളാര്‍ പാര്‍ക്കുകള്‍ നിര്‍മിച്ച് വൈദ്യുതോല്‍പ്പാദനം നടത്താവുന്നതാണ്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ വേണ്ട വിധത്തില്‍ പഠിച്ചു നടപ്പാക്കാന്‍ കഴിഞ്ഞാല്‍ തന്നെ വികസനത്തില്‍ ഏറെ ദൂരം മുന്നോട്ടു പോകാന്‍ സാധിക്കും. ഓരോ പഞ്ചായത്തിലും ഓരോ വനിതാ സംരംഭക എന്ന സ്റ്റാന്‍ഡ് അപ് ഇന്ത്യ ക്യാംപെയ്‌നിന്റെ ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനായി ലഭ്യമാക്കുന്ന ലോണുകള്‍ സംരംഭകരംഗത്ത് ശരിയായി വിനിയോഗിക്കണം. തൊഴില്‍മേഖലയുടെ അടിസ്ഥാനത്തില്‍ വിവിധ ക്ലസ്റ്ററുകളായി തിരിച്ചു വികസന പദ്ധതികള്‍ നടപ്പാക്കണം. ഇത്തരത്തില്‍ ക്ലസ്റ്ററുകളായി തിരിച്ചു നടത്തുന്ന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 80 ശതമാനം വരെ ഗ്രാന്‍ഡ് നല്‍കുന്നുണ്ട്-അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories