4ഡിഎക്‌സ് സ്‌ക്രീനുകളുടെ എണ്ണം 21 ആക്കാന്‍ ലക്ഷ്യമിട്ട് പിവിആര്‍

4ഡിഎക്‌സ് സ്‌ക്രീനുകളുടെ എണ്ണം 21 ആക്കാന്‍ ലക്ഷ്യമിട്ട് പിവിആര്‍

ഹോംങ്കോംഗ് : രാജ്യത്തെ പ്രമുഖ തിയേറ്റര്‍ ശൃംഖലയായ പിവിആര്‍ ഇന്ത്യയിലെ 4ഡിഎക്‌സ് സ്‌ക്രീനുകളുടെ എണ്ണം 21 ആയി ഉയര്‍ത്താനൊരുങ്ങുന്നു. ദക്ഷിണകൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിജെ 4ഡിപ്ലെക്‌സുമായി ഇത് സംബന്ധിച്ച കരാരില്‍ പിവിആര്‍ ഒപ്പുവെച്ചു.

മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററായ പിവിആറിന് ഇന്ത്യയില്‍ മൂന്ന് 4ഡിഎക്‌സ് സ്‌ക്രീനുകളാണ് നിലവിലുള്ളത്. 2015ല്‍ നോയ്ഡയിലാണ് തങ്ങളുടെ ആദ്യത്തെ 4ഡിഎക്‌സ് പിവിആര്‍ ആരംഭിച്ചത്. ഇതുകൂടാതെ മുംബൈയിലും ബെംഗളുരുവിലും പിവിആറിന് 4ഡിഎക്‌സ് സ്‌ക്രീനുകളുണ്ട്. മാര്‍ച്ച് അവസാനത്തോടെ രണ്ട് സ്‌ക്രീനുകള്‍ കൂടി കമ്പനി ആരംഭിക്കും.

പുതിയ കരാര്‍പ്രകാരം 2019ഓടെ 4ഡിഎക്‌സ് സ്‌ക്രീനുകള്‍ 16 എണ്ണം കൂട്ടിച്ചേര്‍ക്കും. ഇതോടെ 2019 അവസാനത്തില്‍ മൊത്തം 4ഡിഎക്‌സ് സ്‌ക്രീനുകളുടെ എണ്ണം 21 ആയി ഉയരും. ഒരു സ്‌ക്രീനിന് 11 മില്യണ്‍ ഡോളറാ(3.5 കോടി രൂപ)ണ് ചെലവിടുക. ചലിക്കുന്ന സീറ്റുകള്‍, ദൃശ്യാനുഭവത്തിനനുസരിച്ചുള്ള അന്തരീക്ഷ പ്രതീതി തുടങ്ങിയവയാണ് 4ഡിഎക്‌സ് ടെക്‌നോളജി പ്രദാനം ചെയ്യുന്നത്.

തങ്ങള്‍ ഇന്ത്യയില്‍ 4ഡിഎക്‌സ് ആരംഭിച്ച ആദ്യ വര്‍ഷത്തില്‍ നാല്‍പ്പതോളം സിനിമകള്‍ പ്രദര്‍ശിപ്പിച്ചുവെന്നും ഇവയില്‍ കൂടുതലും ഹോളിവുഡില്‍ നിന്നുള്ളവയായിരുന്നുവെന്നും പിവിആര്‍ സിഇഒ ഗൗതം ദുട്ട പറയുന്നു. 4ഡിഎക്‌സ് സ്‌ക്രീനുകള്‍ ലാഭകരമാണെന്നും മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ക്രീനുകളുടെ എണ്ണം ഉയര്‍ത്തുന്നതിലൂടെ 4ഡിഎക്‌സ് പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ ബോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ദുട്ട പങ്കുവെച്ചു.

Comments

comments

Categories: Slider, Top Stories