മ്യൂസിക് ബിസിനസ് വിപുലപ്പെടുന്നു

മ്യൂസിക് ബിസിനസ് വിപുലപ്പെടുന്നു

നീണ്ട പതിറ്റാണ്ടിലേറെക്കാലം വളര്‍ച്ച താഴേക്കായിരുന്നു മ്യൂസിക് ഇന്‍ഡസ്ട്രിയുടേത്. എന്നാല്‍ ഉണര്‍വിന്റെ ലക്ഷണം പ്രകടമായിരിക്കുകയാണ്. വന്‍കിട കമ്പനികള്‍ മ്യൂസിക് ഇന്‍ഡസ്ട്രിയിലെ സ്റ്റാര്‍ട്ട് അപ്പുകളെ ഏറ്റെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. അവയിലൊന്നാണ് ആപ്പിള്‍, ഷാസം എന്ന ചെറു സ്ഥാപനത്തെ ഏറ്റെടുക്കുന്നത്.

സ്ട്രീമിംഗ് സേവന മേഖല കടുത്ത മല്‍സരം അഭിമുഖീകരിക്കുകയാണ്. ഇതില്‍ തന്നെ മ്യൂസിക് സ്ട്രീമിംഗ് രംഗം മികച്ച പുരോഗതിയാണു കൈവരിക്കുന്നതും. യു ട്യൂബ് അടുത്ത വര്‍ഷം പെയ്ഡ് മ്യൂസിക് സ്ട്രീമിംഗ് സേവനം ലഭ്യമാക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. സോണി മ്യൂസിക് എന്റര്‍ടെയ്ന്‍മെന്റ്, വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പ് തുടങ്ങിയ കമ്പനികളുമായി യു ട്യൂബ് ചര്‍ച്ചയിലുമാണ്. ഈ പശ്ചാത്തലത്തിലാണ് സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ ഭീമനായ ആപ്പിള്‍, ഷാസം എന്ന മ്യൂസിക് ആപ്പിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഷാസം നിലവില്‍ ആപ്പിളുമായി സഹകരിക്കുന്നുണ്ട്. സിരി എന്ന ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്റിനു വേണ്ടിയായിരുന്നു സഹകരണം.

ഷാസമിനെ ഏറ്റെടുക്കുന്നത് ആപ്പിളിനു വന്‍ തോതില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ആപ്പിളിന്റെ സ്വന്തം മ്യൂസിക് സ്ട്രീമിംഗ് സേവനമാണ് ആപ്പിള്‍ മ്യൂസിക്ക്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വന്‍ വളര്‍ച്ച ആപ്പിള്‍ മ്യൂസിക്ക് രേഖപ്പെടുത്തുകയും ചെയ്തു. എങ്കിലും സ്‌പോട്ടിഫൈയോട് മല്‍സരിക്കാന്‍ തക്ക രീതിയില്‍ ആപ്പിള്‍ വളര്‍ന്നിരുന്നില്ല. സ്‌പോട്ടിഫൈക്കുള്ള പെയ്ഡ് വരിക്കാരുടെ പകുതി പോലും ആപ്പിളിനില്ല. മറുവശത്ത് ഷാസമാകട്ടെ, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വന്‍ ജനപ്രീതി നേടുകയുണ്ടായി. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഏറ്റവും ജനകീയ ആപ്പുകളിലൊന്നായി നിലനില്‍ക്കുകയും ചെയ്യുന്നുണ്ട് ഷാസം. ആപ്പ് സ്റ്റോര്‍ ആരംഭിച്ച കാലം മുതല്‍ ഷാസമിന് നല്ല ഡിമാന്‍ഡുമുണ്ടായിരുന്നു. ഇതാണ് ഏറ്റെടുക്കലിലേക്കു കലാശിച്ചത്. എന്നാല്‍ കരാര്‍ തുക എത്രയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല ഇരുകമ്പനികളും. 400 മില്യന്‍ ഡോളിറിന്റേതാണ് ഇടപാടെന്ന് ചില കോണുകളില്‍നിന്നും റിപ്പോര്‍ട്ടുകളുണ്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഷാസം.

Comments

comments

Categories: FK Special, Slider