ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളില്‍ പരിശോധനയുമായി ആദായ നികുതി വകുപ്പ്

ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളില്‍ പരിശോധനയുമായി ആദായ നികുതി വകുപ്പ്

പരിശോധന കൊച്ചിയിലും

ന്യൂഡെല്‍ഹി: നികുതി വെട്ടിപ്പ് നടത്തുന്നതായുള്ള സംശയത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാന ബിറ്റ്‌കോയിന്‍ എക്‌സേഞ്ചുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി . ഡെല്‍ഹി, ബെംഗളുരു, ഹൈദരാബാദ്, കൊച്ചി, ഗുരുഗ്രാം തുടങ്ങി രാജ്യത്തെ ഒമ്പതോളം എക്‌സ്‌ചേഞ്ചുകളിലാണ് ബുധനാഴ്ച രാവിലെ ആദായ നികുതി സംഘങ്ങള്‍ പരിശോധന നടത്തിയത്.

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 133 എ പ്രകാരമാണ് പരിശോധന നടത്തിയത്. നിക്ഷേപകരുടെയും വ്യാപാരികളുടെയും വ്യക്തിഗത തിരിച്ചറിവ് തെളിവുകള്‍, ഇടപാട് വിവരങ്ങള്‍, ബാങ്ക് എക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവ സംഘം ശേഖരിച്ചിട്ടുണ്ട്. ഈ എക്‌സ്‌ചേഞ്ചുകളുടെ വിവിധ സാമ്പത്തിക ഡാറ്റ, പ്രവര്‍ത്തന വിവരങ്ങള്‍ തുടങ്ങിയവും ആദായ നികുതി സംഘം പരിശോധിച്ചു. രാജ്യത്ത് ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകള്‍ക്കെതിരെ നടക്കുന്ന ആദ്യത്തെ വലിയ നടപടിയാണിത്.

വിര്‍ച്വല്‍ കറന്‍സിയായ ബിറ്റ്‌കോയിനിലൂടെയുള്ള ഇടപാടുകള്‍ക്ക് രാജ്യം അംഗീകാരം നല്‍കിയിട്ടില്ല. ബിറ്റ്‌കോയിന്റെ വിനിമയം ഉയരുന്നത് ലോകത്തിലെ കേന്ദ്രബാങ്കുകളിലെല്ലാം വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. ബിറ്റ്‌കോയിനടക്കമുള്ള വിര്‍ച്വല്‍ കറന്‍സികളെ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലും ആഗോളതലത്തിലും വിര്‍ച്വല്‍ കറന്‍സികളുടെ നിലവിലുള്ള സ്ഥിതി വിലയിരുത്തുന്നതിനും ഇത്തരം കറന്‍സികളുമായി ഇടപെടുന്നതിനുള്ള നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാര്‍ച്ചില്‍ കേന്ദ്രധന മന്ത്രാലയം ഒരു ഇന്റര്‍-ഡിസിപ്ലിനറി കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു.

Comments

comments

Categories: Slider, Top Stories