ബജാജ് പള്‍സര്‍ ബ്ലാക്ക് പാക്ക് എഡിഷന്‍ പുറത്തിറക്കി

ബജാജ് പള്‍സര്‍ ബ്ലാക്ക് പാക്ക് എഡിഷന്‍ പുറത്തിറക്കി

പള്‍സര്‍ 150, 180, 220എഫ് ബൈക്കുകളുടെ ബ്ലാക്ക് പാക്ക് എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ബജാജ് ഓട്ടോ

ന്യൂ ഡെല്‍ഹി : രാജ്യത്തെ ഇരുചക്ര വാഹന വിപണിയിലെ പ്രധാന മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നാണ് ബജാജ് ഓട്ടോയുടെ പള്‍സര്‍. പള്‍സര്‍ സീരീസില്‍ ഇതുവരെ ഒരു കോടി ബൈക്കുകള്‍ വിറ്റുപോയതായി കമ്പനി അറിയിച്ചു. പുതിയ നാഴികല്ല്.

ആഘോഷ പരിപാടികളുടെ ഭാഗമെന്നോണം, 2018 വര്‍ഷത്തേക്കായി പള്‍സര്‍ 150, 180, 220എഫ് ബൈക്കുകളുടെ ബ്ലാക്ക് പാക്ക് എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ബജാജ് ഓട്ടോ. നിലവിലെ വേര്‍ഷനേക്കാള്‍ ഈ സ്‌പെഷല്‍ എഡിഷന്‍ ബൈക്കുകളില്‍ വിഷ്വല്‍ അപ്‌ഗ്രേഡുകള്‍ കാണാം. പുതു വര്‍ഷത്തില്‍ പുതിയ ഗ്രാഫിക്‌സാണ് നല്‍കിയിരിക്കുന്നത്. മെക്കാനിക്കല്‍ കാര്യങ്ങളില്‍ യാതൊരു മാറ്റവുമില്ല.

പുതിയ പ്രീമിയം ബ്ലാക്ക് പെയിന്റ് സ്‌കീം, മാറ്റ് ഗ്രേ ഹൈലൈറ്റുകള്‍, വെളുത്ത അലോയ് വീലുകള്‍ എന്നിവ 2018 ബജാജ് പള്‍സര്‍ 150, 180, 220എഫ് ബ്ലാക്ക് പാക്ക് എഡിഷന്‍ ബൈക്കുകള്‍ക്ക് ലഭിച്ചിരിക്കുന്നു. സാറ്റിന്‍ ക്രോം എക്‌സ്‌ഹോസ്റ്റ് കവര്‍ നല്‍കിയിട്ടുണ്ട്. മൂന്ന് മോട്ടോര്‍സൈക്കിളുകളുടെയും ഡിസൈന്‍ ഒന്നുതന്നെ. കാലങ്ങളായി അങ്ങനെയാണുതാനും.

ലോകമാകെ 25 ലധികം രാജ്യങ്ങളിലാണ് ബജാജ് പള്‍സര്‍ വിറ്റത്

2001 ല്‍ അവതരിപ്പിച്ചശേഷം ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡാണ് പള്‍സറെന്ന് ബജാജ് ഓട്ടോ മോട്ടോര്‍സൈക്കിള്‍സ് വിഭാഗം പ്രസിഡന്റ് എറിക് വാസ് പറഞ്ഞു. ലോകമാകെ 25 ലധികം രാജ്യങ്ങളിലാണ് ബജാജ് പള്‍സര്‍ വിറ്റത്. മിക്ക രാജ്യങ്ങളിലും മാര്‍ക്കറ്റ് ലീഡറാണ്. ലോകമാകെ ഒരു കോടിയിലധികം പള്‍സര്‍ ഉപഭോക്താക്കളെ ലഭിച്ചതില്‍ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പതിനാറ് വര്‍ഷം മുമ്പാണ് ആദ്യ ബജാജ് പള്‍സര്‍ വിപണിയിലെത്തുന്നത്. രാജ്യത്തെ ഏറ്റവും ജനപ്രിയ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നില്‍ പള്‍സര്‍ ഉള്‍പ്പെടും. 150 സിസി മോട്ടോര്‍സൈക്കിളിലാണ് തുടങ്ങിയതെങ്കില്‍ പിന്നീട് പള്‍സറിന്റെ 220 സിസി, 135 സിസി മോഡലുകള്‍ വന്നു. പള്‍സര്‍ ആര്‍എസ് 200 ആണ് ബ്രാന്‍ഡില്‍നിന്നുള്ള ആദ്യ ഫുള്‍ ഫെയേഡ് മോട്ടോര്‍സൈക്കിള്‍.

Comments

comments

Categories: Auto