17% വില്‍പ്പന വളര്‍ച്ച നേടി ആപ്പിള്‍ ഇന്ത്യ

17% വില്‍പ്പന വളര്‍ച്ച നേടി ആപ്പിള്‍ ഇന്ത്യ

ന്യൂഡെല്‍ഹി: ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം വില്‍പ്പനയില്‍ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ആപ്പിള്‍ ഇന്ത്യ. 11,619 കോടി രൂപ(1.8 ബില്യണ്‍ ഡോളര്‍)യുടെ വില്‍പ്പനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആപ്പിള്‍ ഇന്ത്യക്ക് നേടാനായത്. 2016 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 53 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണിത്. ഇതുവെച്ചു നോക്കുമ്പോള്‍ വില്‍പ്പന വളര്‍ച്ചയില്‍ കമ്പനിക്ക് കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഐഫോണ്‍ വിപണികളിലൊന്നായാണ് ആപ്പിള്‍ ഇന്ത്യന്‍ വിപണിയെ കാണുന്നത്. ഇന്ത്യന്‍ വിപണിയില്‍ രണ്ട് ബില്യണ്‍ ഡോളര്‍ വില്‍പ്പന കൈവരിക്കുകയെന്ന ലക്ഷ്യമാണ് ആപ്പിളിനുള്ളത്. നോട്ട് അസാധുവാക്കല്‍ നയത്തെ തുടര്‍ന്ന് രാജ്യത്ത് വലിയ വെല്ലുവിളികള്‍ ആപ്പിള്‍ നേരിട്ടിരുന്നു. ഇതുമൂലമുണ്ടായ ആഘാതം കമ്പനിയുടെ വളര്‍ച്ചാ വേഗത്തെയും വില്‍പ്പനയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം സാംസംഗില്‍ നിന്നുള്ള മത്സരവും ആപ്പിള്‍ ഇന്ത്യയുടെ വില്‍പ്പന വളര്‍ച്ച ഇടിയാനുള്ള കാരണമായി വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം 4എസ്, 5എസ് ഐഫോണുകള്‍ക്ക് മികച്ച പ്രതികരണമാണ് ഇന്ത്യന്‍ വിപണിയില്‍ ലഭിച്ചത്. വില്‍പ്പന വര്‍ധനയില്‍ തിരിച്ചടി നേരിട്ടെങ്കിലും 17 ശതമാനം വളര്‍ച്ചയെ ഗുണപരമായാണ് ആപ്പിള്‍ വിലയിരുത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ആപ്പിള്‍.

Comments

comments

Categories: Business & Economy