വോള്‍വോ എക്‌സ്‌സി 60 അവതരിപ്പിച്ചു

വോള്‍വോ എക്‌സ്‌സി 60 അവതരിപ്പിച്ചു

എക്‌സ് ഷോറൂം വില 55.90 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി : വോള്‍വോയുടെ പ്രീമിയം എസ്‌യുവിയായ എക്‌സ്‌സി 60 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 55.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. വോള്‍വോയുടെ പുതിയ സ്‌കേലബിള്‍ പ്രൊഡക്റ്റ് ആര്‍ക്കിടെക്ച്ചര്‍ (എസ്പിഎ) പ്ലാറ്റ്‌ഫോമിലാണ് ന്യൂ ജെന്‍ വോള്‍വോ എക്‌സ്‌സി 60 നിര്‍മ്മിച്ചിരിക്കുന്നത്. കാറിന്റെ ‘ഇന്‍സ്‌ക്രിപ്ഷന്‍’ എന്ന വേരിയന്റ് മാത്രമേ ഇന്ത്യന്‍ വിപണിയില്‍ തല്‍ക്കാലം ലഭിക്കൂ.

ഇന്ത്യയിലേക്ക് വരുന്ന രണ്ടാം തലമുറ വോള്‍വോ എക്‌സ്‌സി 60 ആണ് പുറത്തിറക്കിയിരിക്കുന്നത്. 2011 മുതല്‍ മുന്‍ തലമുറ വോള്‍വോ എക്‌സ്‌സി 60 ഇവിടെ ലഭ്യമായിരുന്നു. ഔഡി ക്യു 5, ബിഎംഡബ്ല്യു എക്‌സ് 3, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി, ജാഗ്വാര്‍ എഫ് പേസ്, വരാനിരിക്കുന്ന ലെക്‌സസ് എന്‍എക്‌സ് 300 എച്ച് എന്നിവയാണ് ഇന്ത്യയില്‍ പുതിയ എക്‌സ്‌സി 60 യുടെ എതിരാളികള്‍.

1,969 സിസി, 4 സിലിണ്ടര്‍, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് വോള്‍വോ എക്‌സ്‌സി 60 എസ്‌യുവി ഉപയോഗിക്കുന്നത്. 4,000 ആര്‍പിഎമ്മില്‍ പരമാവധി 233 ബ്രേക് ഹോഴ്‌സ് പവര്‍ കരുത്തും 1,750-2,250 ആര്‍പിഎമ്മില്‍ പരമാവധി 480 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഈ എന്‍ജിന് കഴിയും. 8 സ്പീഡ് ഗിയര്‍ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. നാല് ചക്രങ്ങളിലേക്കും ഈ ട്രാന്‍സ്മിഷന്‍ പവര്‍ കൈമാറും.

പെട്രോള്‍ വേര്‍ഷന്‍ പിന്നീട് അവതരിപ്പിക്കുമെന്ന് വോള്‍വോ വ്യക്തമാക്കിയിട്ടുണ്ട്

ആഗോളതലത്തില്‍ ടി5, ടി6 എന്നീ പെട്രോള്‍ എന്‍ജിനുകളില്‍ എക്‌സ്‌സി 60 ലഭ്യമാണ്. എന്‍ട്രി ലെവല്‍ ഡീസല്‍ മോട്ടോറായ ഡി4 ഘടിപ്പിച്ച വേര്‍ഷനും ലഭിക്കും. ഇവയെല്ലാം 2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുകളാണ്. എന്നാല്‍ നിലവില്‍ ഈ വേരിയന്റുകള്‍ ഇന്ത്യയില്‍ ലഭിക്കില്ല. പെട്രോള്‍ വേര്‍ഷന്‍ പിന്നീട് അവതരിപ്പിക്കുമെന്ന് വോള്‍വോ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ വോള്‍വോ എക്‌സ്‌സി 60 കുറേക്കൂടി സ്‌റ്റൈലിഷ് ആണ്. വോള്‍വോയുടെ ഫഌഗ്ഷിപ്പ് എസ്‌യുവിയായ എക്‌സ്‌സി 90 യുമായി വളരെയധികം ഡിസൈന്‍ സാദൃശ്യങ്ങള്‍ കാണാം. വോള്‍വോയുടെ തനത് മള്‍ട്ടി-സ്ലാറ്റ് ക്രോം ഗ്രില്ല് അവിടെത്തന്നെയുണ്ട്. രണ്ടറ്റങ്ങളിലെയും എല്‍ഇഡി ഹെഡ്‌ലാംപുകള്‍ സ്റ്റൈലിഷ് ആണ്. ഫ്രണ്ട് ബമ്പറിന് നടുവില്‍ വീതിയേറിയ എയര്‍ഡാം, എയര്‍ഡാമിന്റെ ഇരു ഭാഗങ്ങളിലും സ്റ്റൈലിഷ് ക്രോം സാന്നിധ്യം എന്നിവ കാണാം. എല്‍ഇഡി ഡിആര്‍എല്‍, ചെറിയ എല്‍ഇഡി ഫോഗ് ലാംപുകള്‍ എന്നിവയും കണ്ണില്‍പ്പെടാതെ പോകില്ല.

4,688 എംഎം നീളം, 1,902 എംഎം വീതി, 1,658 എംഎം ഉയരം എന്നിവയാണ് പുതിയ വോള്‍വോ എക്‌സ്‌സി 60 എസ്‌യുവിയുടെ അളവുകള്‍. 2,865 മില്ലി മീറ്ററാണ് വീല്‍ബേസ്. ബോള്‍ഡ് ഷോള്‍ഡര്‍ ലൈന്‍, എഴുന്നുനില്‍ക്കുന്ന ക്യാരക്ടര്‍ ലൈനുകള്‍, ഇലക്ട്രിക്കലായി പ്രവര്‍ത്തിപ്പിക്കാവുന്ന ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകള്‍, അവയില്‍ കാണുന്ന ടേണ്‍ സിഗ്നല്‍ ലൈറ്റുകള്‍, സ്റ്റൈലിഷ് അലോയ് വീലുകള്‍ എന്നിവയാണ് എസ്‌യുവിയുടെ പ്രൊഫൈല്‍.

പിന്‍ഭാഗത്ത് പൂര്‍ണ്ണമായും പുതിയ ലുക്കിലാണ് പുതിയ എക്‌സ്‌സി 60 കാണാനാകുന്നത്. എക്‌സ്‌സി 90 യുമായി നല്ല സാമ്യം തോന്നുന്നുണ്ട്. ലംബമായി നല്‍കിയിരിക്കുന്ന എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, റൂഫില്‍ സ്ഥാപിച്ച സ്‌പോയ്‌ലര്‍, ക്രോം സാന്നിധ്യമുള്ള ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍ എന്നിവയാണ് റിയര്‍ വിശേഷങ്ങള്‍.

സെഗ്‌മെന്റില്‍ ഇതാദ്യമായി മസ്സാജ് ഫംഗ്ഷനുള്ള കൂള്‍ഡ്/ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍ നല്‍കിയിരിക്കുന്നു. 9.0 ഇഞ്ച് സെന്‍സസ് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, ഡ്രൈവര്‍ക്ക് സഹായമായി വര്‍ത്തിക്കുന്ന 360 ഡിഗ്രി കാമറ, സെമി ഓട്ടോമാറ്റിക് പാര്‍ക്കിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് അസ്സിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ എന്നിവയാണ് ഫീച്ചറുകള്‍.

Comments

comments

Categories: Auto