‘കേരളത്തിന് നല്‍കുന്നത് പത്തില്‍ അഞ്ച് മാര്‍ക്ക്’

‘കേരളത്തിന് നല്‍കുന്നത് പത്തില്‍ അഞ്ച് മാര്‍ക്ക്’

നോട്ട് നിരോധനം, ജിഎസ്ടി, ഗള്‍ഫ് മാന്ദ്യം തുടങ്ങിയ ഘടകങ്ങള്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കേരളത്തിലെ ബിസിനസ് രംഗം ഇനിയും മുക്തമായിട്ടില്ലെന്ന് പാരഗണ്‍ ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്‌സ് സാരഥി സുമേഷ് ഗോവിന്ദ്

കൊച്ചി: ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ ആദ്യ പത്തില്‍ വരുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും കേരളം അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയാണ്. ഇതിന് സര്‍ക്കാര്‍ മാത്രമല്ല കാരണക്കാര്‍, സര്‍ക്കാര്‍ പദ്ധതികളെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താത്ത സംരംഭകരും ഏത് സംരംഭം വന്നാലും വികസനം മുടക്കികളായി നില്‍ക്കുന്ന ഒരു കൂട്ടരും ഉത്തരവാദികളാണ്-പാരഗണ്‍ ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്‌സ് പ്രൊപ്രൈറ്റര്‍ സുമേഷ് ഗോവിന്ദ് പറഞ്ഞു.

നിലവില്‍ കേരളത്തിലെ ബിസിനസ് വികസനത്തിന് പത്തില്‍ അഞ്ച് മാര്‍ക്ക് മാത്രമാണ് താന്‍ നല്‍കുകയെന്ന് പറഞ്ഞ അദ്ദേഹം, സംസ്ഥാനത്തെ ബിസിനസ് വികസനം പൂര്‍ണ അര്‍ത്ഥത്തില്‍ സാധ്യമാകണമെങ്കില്‍ ടൂറിസം, ആയുര്‍വേദം, ഹാന്‍ഡിക്രാഫ്റ്റ് തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

ടൂറിസം മേഖലയ്ക്ക് കേരളത്തില്‍ അനന്ത സാധ്യതകളാണുള്ളത്. മെഡിക്കല്‍ ടൂറിസം, ആയുര്‍വേദ ടൂറിസം എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയാല്‍ വിദേശത്ത് നിന്നും ആളുകളെ ആകര്‍ഷിക്കാനും വിദേശ വിപണിയില്‍ കേരളത്തിന് മികച്ച വിപണി കണ്ടെത്താനും സാധിക്കും. സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതി അത്ര മെച്ചപ്പെട്ടതല്ല. നോട്ട് നിരോധനം, ജിഎസ്ടി, ഗള്‍ഫ് മാന്ദ്യം തുടങ്ങിയ ഘടകങ്ങള്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ബിസിനസ് രംഗം ഇനിയും മുക്തമായിട്ടില്ല. ഈ അവസ്ഥ ഉള്‍ക്കൊണ്ട് വേണം മുന്നോട്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍-സുമേഷ് വ്യക്തമാക്കി.

ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണമുണ്ടാകുമെങ്കിലും നിലവില്‍ പല നയങ്ങളും അവ്യക്തമായി തുടരുകയാണ്. ടാക്‌സ് റിട്ടേണ്‍സ് സംബന്ധിച്ച അവ്യക്തതകള്‍ സംരംഭകരെ വളരെ മോശമായിത്തന്നെ ബാധിക്കുന്നുണ്ട്

ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണമുണ്ടാകുമെങ്കിലും നിലവില്‍ പല നയങ്ങളും അവ്യക്തമായി തുടരുകയാണ്. ടാക്‌സ് റിട്ടേണ്‍സ് സംബന്ധിച്ച അവ്യക്തതകള്‍ സംരംഭകരെ വളരെ മോശമായിത്തന്നെ ബാധിക്കുന്നുണ്ട്. പുതിയ വ്യവസായം തുടങ്ങാന്‍ എത്തുന്നവരോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തികച്ചും പിന്തിരിപ്പന്‍ സമീപനമാണ് കൈക്കൊള്ളുന്നത്. ചുവപ്പുനാടയില്‍ കുരുങ്ങി എത്രയെത്ര പദ്ധതികളാണ് ഇപ്പോഴും പ്രാവര്‍ത്തികമാകാതെ കിടക്കുന്നത്. ഒരു സംരംഭം തുടങ്ങുമ്പോള്‍ അതിനോടനുബന്ധിച്ചുണ്ടാകുന്ന തൊഴിലവസരങ്ങളെ പറ്റി ചിന്തിക്കാതെയാണ് പദ്ധതികള്‍ക്ക് ചുവപ്പുകൊടി കാണിക്കുന്നത്. ഇത്തരം സമീപനങ്ങള്‍ മാറാതെ, ഇവിടെ എങ്ങനെ വികസനം സാധ്യമാകും-സുമേഷ് ഗോവിന്ദ് ചോദിക്കുന്നു.

റെസ്റ്റോറന്റ് രംഗത്ത് കൂണുപോലെയാണ് സംരംഭങ്ങള്‍ മുളയ്ക്കുന്നത്. എന്നാല്‍ ഗുണനിലവാരം, വൃത്തി, ഭക്ഷണത്തിലെ പുതുമ എന്നിവ നിലനിര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ റെസ്റ്റോറന്റ് ബിസിനസ് നഷ്ടത്തിലാകുന്നു. ഇത് മുഴുവന്‍ ഇന്‍ഡസ്ട്രിയെ തന്നെ ബാധിക്കുന്ന കാര്യമാണ്. ഭക്ഷ്യമേഖലയില്‍ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത് അനിവാര്യമാണ്-സുമേഷ് പറഞ്ഞു.

Comments

comments

Categories: Slider, Top Stories