ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.2 ശതമാനമായേക്കുമെന്ന് യുഎന്‍

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.2 ശതമാനമായേക്കുമെന്ന് യുഎന്‍

സ്വകാര്യ നിക്ഷേപത്തിന്റെ ജിഡിപിയിലുള്ള വിഹിതം 2010ലെ 40 ശതമാനത്തില്‍ നിന്നും ഈ വര്‍ഷം 30 ശതമാനമായി കുറഞ്ഞു

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച 7.2 ശതമാനമാകാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 2019ല്‍ വളര്‍ച്ചാ നിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ഉപഭോഗത്തിലെ വര്‍ധന, പൊതുനിക്ഷേപം, ഘടനാപരമായ പരിഷ്‌കരണങ്ങള്‍ എന്നിവ ഇന്ത്യയെ വളര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം.
ദക്ഷിണേഷ്യയുടെ മൊത്തം സാമ്പത്തികാവസ്ഥ അനുകൂലമായ തലത്തിലായിരിക്കുമെന്നും ഹ്രസ്വകാലത്തേക്ക് വളര്‍ച്ചയില്‍ സ്ഥിരതയുണ്ടാകുമെന്നും യുഎന്‍ നിരീക്ഷിച്ചു. ഇടക്കാലാടിസ്ഥാനത്തില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. യുഎന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് തയാറാക്കിയ ‘ലോക സാമ്പത്തിക സാഹചര്യവും 2018ലെ പ്രതീക്ഷകളും’ എന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച വിലയിരുത്തലുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മേഖലയിലെ വിവിധ സമ്പദ്‌വ്യവസ്ഥകളിലെ സാമ്പത്തിക നയങ്ങളില്‍ അടിസ്ഥാനസൗകര്യ മേഖലയിലേക്കുള്ള നിക്ഷേപത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. മാത്രമല്ല വിദേശ ആവശ്യകതയിലുണ്ടാകുന്ന ഉണര്‍വ് വളര്‍ച്ചയെ താങ്ങിനിര്‍ത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിലും ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ക്ഷീണം നേരിട്ടെങ്കിലും ഇന്ത്യയുടെ വളര്‍ച്ചാ വിണ്ടെടുപ്പ് സംബന്ധിച്ച ശുഭ സൂചനകളാണ് റിപ്പോര്‍ട്ട് പങ്കുവെക്കുന്നത്.

അതേസമയം, സ്വകാര്യ നിക്ഷേപത്തിലെ മോശം പ്രകടനം സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ അതേപടി നിലനില്‍ക്കുന്നുണ്ട്. സ്വകാര്യ നിക്ഷേപത്തിന്റെ ജിഡിപിയിലുള്ള വിഹിതം 2010ലെ 40 ശതമാനത്തില്‍ നിന്നും ഈ വര്‍ഷം 30 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്‌മെന്റ് (എഫ്ആര്‍ബിഎം) ലക്ഷ്യത്തിലേക്കെത്തുക ശ്രമകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ നോമുറയും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിഗമനം പുറത്തുവിട്ടിട്ടുണ്ട്. 2018ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.5 ശതമാനമായിരിക്കുമെന്നാണ് നോമുറ പറയുന്നത്. 2018ന്റെ ആദ്യ പകുതിയില്‍ 7.8 ശതമാനം വളര്‍ച്ചയാണ് നോമുറ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം രണ്ടാം പകുതിയില്‍ 7.1 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്ന സ്ഥാനത്താണിത്. 2019ല്‍ ഇന്ത്യ 7.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നും നോമുറ വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപവും സ്വകാര്യ ഉപഭോഗവും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുമെന്ന വിലയിരുത്തലാണ് നോമുറയും നടത്തിയിട്ടുള്ളത്.

Comments

comments

Categories: More