പാക്കേജിംഗിന് ഉപഭോക്താക്കള്‍ അധിക പണം നല്‍കേണ്ടതില്ല: അലി ഹാരിസ് ഷേര്‍

പാക്കേജിംഗിന് ഉപഭോക്താക്കള്‍ അധിക പണം നല്‍കേണ്ടതില്ല: അലി ഹാരിസ് ഷേര്‍

നോട്ട് അസാധുവാക്കല്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി ഇടിച്ചു

ന്യൂഡെല്‍ഹി: പാക്കേജിംഗിന് വേണ്ടി ഉപഭോക്താക്കള്‍ അധിക പണം നല്‍കേണ്ടതില്ലെന്ന് മുന്‍നിര ഭക്ഷ്യ ഉല്‍പ്പന്ന കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് അലി ഹാരിസ് ഷേര്‍. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കേജിംഗില്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായും വരുന്നത്. പായ്ക്കിന്റെ ആകര്‍ഷകമായ രൂപകല്‍പ്പനയും പാക്കേജിംഗ് ഫോര്‍മാറ്റുമാണ് അവ. രൂപകല്‍പ്പനയ്ക്ക് വേണ്ടി ലോകത്തെ ഏറ്റവും മികച്ച കമ്പനികളുമായി സഹകരിക്കുന്നുണ്ട്. വണ്ടര്‍ഫുള്‍സിന്റെ പാക്കേജിംഗ് ശ്രദ്ധിച്ചാല്‍ അത് ഏറ്റവും മികച്ചതും ലോകനിലവാരമുള്ളതുമാണെന്ന് കാണാം-ഹാരിസ് ഷേര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഏറ്റവും ധീരമായ തീരുമാനമായിരുന്നു ജിഎസ്ടി. അതുമൂലം ബിസിനസിന് ചെറിയ പ്രതിസന്ധികളുണ്ടായിട്ടുണ്ട്. അത് പ്രതീക്ഷിച്ചിരുന്നതാണ്. പഴയ നിലയിലേക്ക് നമ്മള്‍ വൈകാതെ തന്നെ തിരിച്ചെത്തും. ജിഎസ്ടിയും നോട്ട് അസാധുവാക്കലും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്നാല്‍, നോട്ട് അസാധുവാക്കല്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ നഷ്ടപ്പെടുത്തി. എന്നാല്‍, ജിഎസ്ടി നടപ്പിലാക്കിയത് അവരെ ബാധിച്ചതേയില്ല. ഡിജിറ്റൈസേഷന്‍, ആകര്‍ഷകമായ മൂല്യ പാക്കേജുകള്‍ എന്നിവ കൃത്യമായി ആസൂത്രണം ചെയ്യുകയാണെങ്കില്‍ ജിഎസ്ടി ഒരു കമ്പനിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കില്ല.

ഇന്നൊവേഷന്റെ ഭാഗമായി എട്ട് മാസത്തിനിടെ നിരവധി  ഉല്‍പ്പന്നങ്ങള്‍ ബ്രിട്ടാനിയ വിപണിയില്‍ അവതരിപ്പിച്ചിരുന്നു

ഉപഭോക്താക്കളുടെ പെരുമാറ്റത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ സൗകര്യപ്രദമായത് സ്വന്തമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ധാരാളം യാത്ര ചെയ്യുന്ന ഇന്നത്തെ ആളുകള്‍ ഉപഭോഗത്തെക്കുറിച്ചും ആരോഗ്യദായകമായ ഉല്‍പ്പന്നങ്ങളെക്കുറിച്ചും ഇറക്കുമതി ഭക്ഷണത്തെക്കുറിച്ചും ഏറെ ബോധവാന്മാരാണ്. ആരോഗ്യപ്രദമായ ജീവിതശൈലി സ്വീകരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. രുചിയും നേട്ടവും കോര്‍ത്തിണക്കിക്കൊണ്ടുള്ള ആരോഗ്യപ്രദമായ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം-അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടാനിയയുടെ ഗുഡ് ഡേ, മാരീ ഗോള്‍ഡ് എന്നീ മുന്‍നിര ബ്രാന്‍ഡുകളാണ് ഏറ്റവും മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നത്. മുന്‍നിര ബ്രാന്‍ഡുകള്‍ മറ്റുള്ളവയേക്കാള്‍ വേഗം വളരുന്നതിന് കാരണം ഉപഭോക്താക്കള്‍ അവരുടെ തെരഞ്ഞെടുപ്പില്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതിനാലാണെന്നും അലി ഹാരിസ് ഷേര്‍ വിലയിരുത്തി.

ഇന്നൊവേഷന്റെ ഭാഗമായി കഴിഞ്ഞ ആറ് മുതല്‍ എട്ട് മാസത്തിനിടെ നിരവധി ഉല്‍പ്പന്നങ്ങളാണ് ബ്രിട്ടാനിയ വിപണിയില്‍ അവതരിപ്പിച്ചത്. സ്‌നാക്‌സ് വിഭാഗത്തില്‍ ഇന്നൊവേഷന്‍ നടപ്പിലാക്കിയ ശേഷം ബിസ്‌കറ്റുകള്‍ കൂടാതെ പ്രാദേശിക ഉല്‍പ്പന്നങ്ങളും അവര്‍ വിപണിയിലെത്തിച്ചിരുന്നു.

Comments

comments

Categories: Business & Economy