മൊബീല്‍ കംപോണന്റുകളുടെ ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്ന് ആപ്പിള്‍

മൊബീല്‍ കംപോണന്റുകളുടെ ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്ന് ആപ്പിള്‍

ആപ്പിളിന് നിലവില്‍ ഇന്ത്യയില്‍ വെറും രണ്ട് ശതമാനം വിപണി വിഹിതം മാത്രമാണുള്ളത്

ന്യൂഡെല്‍ഹി: മൊബീല്‍ ഫോണ്‍ കംപോണന്റുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ആപ്പിളും കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കം നീളുന്നു. മൊബീല്‍ ഫോണ്‍ അനുബന്ധ സാധനങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം നീട്ടിവെക്കണമെന്നാണ് ആപ്പിളിന്റെ ആവശ്യം. ഇതുവഴി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം വ്യാപിപ്പിക്കാന്‍ കമ്പനിക്ക് കഴിയുമെന്നും ആപ്പിള്‍ പറയുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ഇതുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നാല് മാസത്തോളമായി ഇക്കാര്യത്തില്‍ സര്‍ക്കാരും ആപ്പിളും തമ്മില്‍ ചര്‍ച്ച നടന്നുവരികയാണ്. ഈ ചര്‍ച്ചകളിലെല്ലാം മൊബീല്‍ കംപോണന്റുകള്‍ക്ക് കൂടുതല്‍ ഇറക്കുമതി നികുതി ചുമത്താനുള്ള നീക്കം തടയണമെന്ന് ആപ്പിള്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര തലത്തില്‍ മാനുഫാക്ച്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി നികുതി ഇളവ് അനുവദിക്കണമെന്ന നിര്‍ദേശമാണ് ആപ്പിള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. രാജ്യത്ത് ഐഫോണ്‍ നിര്‍മാണം തുടങ്ങുന്നതില്‍ അതീവ താല്‍പ്പരരാണെങ്കിലും നയപരമായ കാര്യങ്ങളില്‍ ഒരു കമ്പനിക്കു മാത്രമായി യാതൊരു ഇളവും ഉണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പിളിനെ അറിയിച്ചിട്ടുള്ളത്. മൊബീല്‍ കംപോണന്റുകള്‍ക്ക് ഇറക്കുമതി തീരുവ ചുമത്തുന്നതില്‍ കാലതാമസം വരുത്തില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കംപോണന്റുകളുടെ നികുതി ഇതര ഇറക്കുമതിക്ക് ആപ്പിള്‍ ശ്രമിക്കുമ്പോള്‍ തദ്ദേശീയ മാനുഫാക്ച്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. പ്രാദേശിക നിര്‍മാണം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പക്ഷെ ഇതുമായി മുന്നോട്ടുപോകുന്നതിന് ഉടന്‍ തന്നെ നികുതി ഇളവ് പ്രഖ്യാപിക്കണമെന്നാണ് ആപ്പിള്‍ പറയുന്നത്. ഇന്ത്യന്‍ വിപണിയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ വിപ്ലവകരമായ പുരോഗതി നിരീക്ഷിക്കാനായിട്ടുണ്ടെങ്കിലും ആപ്പിളിന് ഇന്ത്യയില്‍ വെറും രണ്ട് ശതമാനം വിപണി വിഹിതം മാത്രമാണുള്ളത്.

Comments

comments

Categories: Slider, Top Stories