ഡുകാറ്റി സ്‌ക്രാംബ്ലര്‍ മെഷ് 2.0 പുറത്തിറക്കി

ഡുകാറ്റി സ്‌ക്രാംബ്ലര്‍ മെഷ് 2.0 പുറത്തിറക്കി

ഇന്ത്യ എക്‌സ് ഷോറൂം വില 8.52 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി : ഡുകാറ്റിയുടെ എന്‍ട്രി ലെവല്‍ സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളിന്റെ പുതിയ വേരിയന്റായ സ്‌ക്രാംബ്ലര്‍ മെഷ് 2.0 ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.52 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് സ്‌ക്രാംബ്ലറിനേക്കാള്‍ മെഷ് 2.0 ല്‍ വിഷ്വല്‍ അപ്‌ഗ്രേഡുകള്‍ കാണാം. കാലിഫോര്‍ണിയന്‍ ഡിസൈനറായ റോളണ്ട് സാന്‍ഡ്‌സിന്റെ ഭാവനയില്‍ വിരിഞ്ഞ സ്‌പെഷല്‍ പെയിന്റ് സ്‌കീമാണ് ഇതിലൊന്ന്. 1970 കളിലെ വെസ്റ്റ് കോസ്റ്റ് സ്‌റ്റൈലില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നിറങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്.

സവിശേഷമായ അപ്പീല്‍ തോന്നിപ്പിക്കുംവിധം സ്റ്റാന്‍ഡേഡ് വേര്‍ഷനേക്കാള്‍ സ്‌റ്റൈലിംഗ് അപ്‌ഗ്രേഡുകളും ലഭിച്ചിട്ടുണ്ട്. റോളണ്ടുമായുള്ള സഹകരണത്തിന്റെ ഫലമായി സ്‌ക്രാംബ്ലര്‍ മെഷ് 2.0 വെരി സ്‌പെഷല്‍ മോട്ടോര്‍സൈക്കിളാണെന്ന് ഡുകാറ്റി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ സെര്‍ജി കാനോവാസ് ഗാരിഗ പറഞ്ഞു.

കാലിഫോര്‍ണിയന്‍ ഡിസൈനറായ റോളണ്ട് സാന്‍ഡ്‌സിന്റെ ഭാവനയില്‍ വിരിഞ്ഞ സ്‌പെഷല്‍ പെയിന്റ് സ്‌കീം സ്‌ക്രാംബ്ലര്‍ മെഷ് 2.0 ല്‍ കാണാം

ക്രോസ്-സെക്ഷന്‍ അലുമിനിയം ഹാന്‍ഡില്‍ബാറുകള്‍, ഫഌറ്റ് ട്രാക്ക് പ്രോ സീറ്റ്, ബ്ലാക്ക് എക്‌സ്‌ഹോസ്റ്റ്, സിലിണ്ടര്‍ ഹെഡ് കവറുകള്‍ എന്നിവ പുതിയ ഡുകാറ്റി സ്‌ക്രാംബ്ലര്‍ 2.0 ഉപയോഗിക്കുന്നു. കഫേ റേസര്‍ സ്റ്റൈലില്‍ ബ്രഷ്ഡ് കൂളിംഗ് ഫിന്നുകളും കാണാം.

1956 ലെ പ്രശസ്തമായ ഡുകാറ്റി മെഷ് 1 250 ല്‍നിന്നാണ് സ്‌ക്രാംബ്ലര്‍ മെഷ് 2.0 തന്റെ പേര് കണ്ടെത്തിയത്. 250 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ മോട്ടോര്‍സൈക്കിളായിരുന്നു മെഷ് 1. അതേ എന്‍ജിനാണ് സ്‌ക്രാംബ്ലര്‍ 250 ന് നല്‍കിയത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ മെഷ് 1 ന് കഴിയുമായിരുന്നു.

എന്നാല്‍ 803 സിസി ട്വിന്‍ സിലിണ്ടര്‍ ഡെസ്‌മോഡ്യു യൂറോ 4 എന്‍ജിനാണ് ഡുകാറ്റി സ്‌ക്രാംബ്ലര്‍ മെഷ് 2.0 ഉപയോഗിക്കുന്നത്. 8,250 ആര്‍പിഎമ്മില്‍ 72 ബിഎച്ച്പി കരുത്തും 5,750 ആര്‍പിഎമ്മില്‍ 67 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ഈ എന്‍ജിന് കഴിയും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.

ഇതോടെ ഡുകാറ്റി സ്‌ക്രാംബ്ലര്‍ ലൈനപ്പില്‍ ആറ് വേരിയന്റുകളായി. സ്‌ക്രാംബ്ലര്‍ ഐക്കണ്‍, സ്‌ക്രാംബ്ലര്‍ ഡെസേര്‍ട്ട് സ്ലെഡ്, സ്‌ക്രാംബ്ലര്‍ ക്ലാസ്സിക്, സ്‌ക്രാംബ്ലര്‍ ഫുള്‍ ത്രോട്ടില്‍, സ്‌ക്രാംബ്ലര്‍ കഫേ റേസര്‍ എന്നിവയാണ് മറ്റ് അഞ്ച് വേരിയന്റുകള്‍. ഡെല്‍ഹി-എന്‍സിആര്‍, മുംബൈ, ബെംഗളൂരു, പുണെ, അഹമ്മദാബാദ്, കൊല്‍ക്കത്ത, കൊച്ചി എന്നീ ഏഴ് ഡീലര്‍ഷിപ്പുകളില്‍ ഡുകാറ്റി സ്‌ക്രാംബ്ലര്‍ മെഷ് 2.0 ലഭിക്കും.

Comments

comments

Categories: Auto