‘ മണ്ണാര്‍ക്കാടിന്റെ സമ്പാദ്യ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വം ‘

‘ മണ്ണാര്‍ക്കാടിന്റെ സമ്പാദ്യ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വം ‘

ഒരു ധനകാര്യ സ്ഥാപനം എന്നതിലുപരി ബാങ്കിതര മേഖലകളിലും കഴിഞ്ഞ 28 വര്‍ഷങ്ങളായി നിലകൊള്ളുകയാണ് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്. ഒരു റൂറല്‍ ബാങ്ക് എന്ന പരിധിക്കകത്ത് നിന്നു കൊണ്ടുതന്നെ പ്രദേശത്തിന്റെ വിദ്യാഭ്യസം, ആരോഗ്യം, കൃഷി, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ബാങ്കിന്റെ കൈകളിലാണ് പ്രദേശവാസികളുടെ സമ്പാദ്യ സുരക്ഷയെന്ന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

പാലക്കാട് ജില്ലയുടെ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ബാങ്കുകളില്‍ ഒന്നാണ് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്. 1989ല്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രവര്‍ത്തനം തുടങ്ങിയ ബാങ്ക് മേഖലയില്‍ നീണ്ട 28 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സ്തുത്യര്‍മായ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസിലും പാലക്കാടിന്റെ മണ്ണിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തുടക്കഘട്ടത്തില്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നെങ്കിലും അവയെല്ലാം അതിജീവിച്ച് പുരോഗതിയുടെ പാതയിലേക്കെത്താന്‍ ബാങ്കിനു കഴിഞ്ഞു എന്നത് ബാങ്കിന്റെ ഇത്രയും കാലത്തെ ആസ്തികളും ബാധ്യതകളും നോക്കിയാല്‍ മനസിലാക്കാവുന്നതേയുള്ളൂ. 1993- 94 സാമ്പത്തിക വര്‍ഷം മുതല്‍ ബാങ്കിംഗ് മേഖലയില്‍ നേട്ടങ്ങളുടെ ഒരു നീണ്ട നിര തന്നെ അവര്‍ സ്വന്തമാക്കി. ബാങ്കിന്റെ തുടക്കകാലം മുതല്‍ സെക്രട്ടറി പദവിയില്‍ സേവനം അനുഷ്ടിക്കുന്ന എം പുരുഷോത്തമന്‍ ഈ വിജയത്തിനു പിന്നിലെ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഘടകമാണ്. ബാങ്കിന്റേതായ രീതിയില്‍ ഏറ്റെടുത്തിട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നാളിതു വരെയും മഹത്തരമായി നിറവേറ്റുവാന്‍ സാധിച്ച അദ്ദേഹം ഫ്യൂച്ചര്‍ കേരളയോട് സ്ഥാപനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെകുറിച്ചും ബാങ്കിംഗ് ഇതര മേഖലയിലെ സജീവ സാന്നിധ്യത്തെകുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ തുടക്കം, ആദ്യകാല പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു ?

ഒരു പ്രദേശത്തിന്റെ തന്നെ സമ്പാദ്യ സുരക്ഷയും ഉത്തരവാദിത്വവും ഇന്ന് ഞങ്ങളുടെ കൈകളിലാണെന്നു പറയുന്നതില്‍ മണ്ണാര്‍ക്കാട് നിവാസികള്‍ക്ക് ഒരെതിര്‍പ്പുമില്ല. 1989ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബാങ്ക് 1994 ഒക്‌റ്റോബറില്‍ മണ്ണാര്‍ക്കാട് ടൗണില്‍ എട്ട് സെന്റ് സ്ഥലത്ത് സ്വന്തം കെട്ടിടം പണികഴിപ്പിച്ച് വിപുലമാക്കപ്പെട്ടു. ചുരുങ്ങിയ കാലയളവില്‍ ബാങ്കിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ ബാങ്ക് അധികാരികള്‍ക്കും ജീവനക്കാര്‍ക്കും സാധിച്ചു. തുടര്‍ന്ന് സാമ്പത്തിക മേഖലയിലെ ബാങ്കിന്റെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. 2000ല്‍ ബാങ്ക് പൂര്‍ണമായും കംപ്യൂട്ടര്‍വല്‍കരിക്കപ്പെട്ടു. 2001ല്‍ ബാങ്കിന്റെ ആദ്യ ശാഖ, പ്രഭാത-സായാഹ്ന ശാഖയായി പ്രവര്‍ത്തനം തുടങ്ങി. 2005ഓടെ ബാങ്കിന്റെ രണ്ടാമത് ശാഖയ്ക്കും തുടക്കമിട്ടു. ഇന്ന് 11 ഡയറക്റ്റര്‍മാരും 33 ജീവനക്കാരും അടങ്ങുന്നതാണ് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്. ഒരു ധനകാര്യ സ്ഥാപനം എന്നതിലുപരി മണ്ണാര്‍ക്കാട് പ്രദേശത്തിന്റെ മറ്റ് പ്രമുഖ മേഖലകളിലേക്കും കടന്നു ചെല്ലാന്‍ പലപ്പോഴും ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരു റൂറല്‍ ബാങ്ക് എന്ന പരിധിക്കകത്ത് നിന്നു കൊണ്ടുതന്നെ പ്രദേശത്തിന്റെ വിവിധ മേഖലകളില്‍ ബാങ്ക് സഹകരിക്കുന്നു. വിദ്യാഭ്യസം, ആരോഗ്യം, കൃഷി, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒരു പ്രദേശത്തിന്റെ അതിപ്രധാന മേഖലകളിലെല്ലാം ഞങ്ങള്‍ സജീവമായി ഇടപെടുന്നുണ്ട്. അതുകൊണ്ടു തന്നെ ആര്‍ബിഐയുടെ ലൈസന്‍സ് ഇല്ലാത്തവരാണ് സഹകരണ ബാങ്കുകള്‍. ബാങ്ക് എന്നത് ധനകാര്യ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനമാണ്, എന്നാല്‍ അതിനുമപ്പുറത്തുള്ള വിഷയങ്ങളിലേക്ക് പ്രവര്‍ത്തിക്കുന്നതിനാല്‍ ആര്‍ബിഐയുടെ ലൈസന്‍സിന് ഞങ്ങള്‍ക്ക് അര്‍ഹതയില്ല.

2015 മുതല്‍ ‘റെസ്‌പോണ്‍സിബിള്‍ 40’ എന്ന പേരില്‍ 40 കുട്ടികള്‍ക്ക് ബാങ്ക് സൗജന്യമായി ഐഎഎസ് പരിശീലനം നല്‍കി വരുന്നുണ്ട്. പ്രദേശത്തു നിന്നും തെരഞ്ഞെടുത്ത 40 കുട്ടികള്‍ക്ക് 125 മണിക്കൂര്‍ ക്ലാസ് ഇതുവഴി നല്‍കുന്നു. കേരളത്തിലെ വിവിധ ഇടങ്ങളിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇതു നടത്തപ്പെടുന്നത്

ധനകാര്യ ഇടപാടുകള്‍ക്ക് പുറമെ ബാങ്ക് സജീവമായി ഇടപെടുന്ന മറ്റ് മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍?

ഇന്ന് ഞങ്ങള്‍ കടന്നുചെല്ലാത്ത മേഖലകള്‍ പാലക്കാട് ജില്ലയില്‍ ഇല്ലെന്നുതന്നെ പറയാം. പ്രധാനമായും ആരോഗ്യ രംഗത്ത് ഉണ്ടായ ബാങ്കിന്റെ ഇടപെടലുകള്‍ എക്കാലത്തും പ്രശംസനീയമാണ്. ജനോപകാരപ്രദമായ നിരവധി കാര്യങ്ങള്‍ ആരോഗ്യമേഖലയില്‍ മണ്ണാര്‍ക്കാട് ഇന്നും ചെയ്തു വരുന്നു. ബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ കെ നായനാര്‍ മെമ്മോറിയല്‍ നീതി മെഡിക്കല്‍ സെന്ററിലൂടെ നിരവധി സേവനങ്ങള്‍ ചെയ്യുന്നുണ്ട്. ഇതുവഴി സാധാരണക്കാരായ ജനങ്ങള്‍ക്ക് സേവന മേഖലയില്‍ ഒരു വെളിച്ചമായി മാറാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു. ഒപ്പം, മണിക്കൂറില്‍ 240ല്‍പരം ടെസ്റ്റുകള്‍ നടത്താവുന്ന ബയോകെമിസ്ട്രി ലാബ്, ആധുനിക സംവിധാനങ്ങളോടു കൂടിയ ഹെമറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റ്, മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റ്, എക്‌സ്‌റേ, ഇസിജി തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങളും ബാങ്ക് നല്‍കി വരുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലും ഞങ്ങള്‍ സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2015 മുതല്‍ ‘റെസ്‌പോണ്‍സിബിള്‍ 40’ എന്ന പേരില്‍ 40 കുട്ടികള്‍ക്ക് സൗജന്യമായി ഐഎഎസ് പരിശീലനം നല്‍കി വരുന്നു. പ്രദേശത്തു നിന്നും തെരഞ്ഞെടുത്ത 40 കുട്ടികള്‍ക്ക് 125 മണിക്കൂര്‍ ക്ലാസ് ഇതുവഴി നല്‍കുന്നു. കേരളത്തിലെ വിവിധ ഇടങ്ങളിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇത് നടത്തപ്പെടുന്നത്. ലേണ്‍ ടു സേര്‍വ് ആന്‍ഡ് സേര്‍വ് ടു ലേണ്‍ എന്ന ആശയമാണ് ഇവര്‍ ഇതുവഴി ലക്ഷ്യമിടുന്നത്. റെസ്‌പോണ്‍സിബിള്‍ 40ലെ കുട്ടികള്‍ ചേര്‍ന്ന് ഇത്തവണ പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിച്ച ഒങ്ങല്ലൂരില്‍ സര്‍വേ നടത്തുകയും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. സര്‍വേ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഒരു ധനകാര്യ സ്ഥാപനം എന്നതിലുപരി എക്കാലവും ജനപക്ഷത്തു നിന്നു പ്രവര്‍ത്തിക്കുന്ന ബാങ്ക് വ്യത്യസ്തമായ പ്രവര്‍ത്തന മേഖലകളിലൂടെയാണ് നിലവില്‍ യാത്ര തുടരുന്നത്. ആരോഗ്യം, വിദ്യാഭ്യാസം എന്നതിനുമപ്പുറം ജൈവ കൃഷി, സുവര്‍ണ്ണം ഓര്‍ഗാനിക് ഷോപ്പ്, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ പല വിഷയങ്ങളിലും സജീവമായി ഇടപെടുന്നു. ആരോഗ്യ മേഖലയില്‍ ഇനിയും ഒട്ടനവധി കാര്യങ്ങള്‍ ബാങ്കിന് ചെയ്യാനുണ്ട്, അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പ്രധാനമായും ഡയാലിസിസ് സെന്ററിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. 15 ഓളം ആളുകള്‍ക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സാങ്കേതികമായി കെവൈസിയിലേക്ക് ബാങ്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാറ്റിയതോടെ അത് സാധിച്ചെടുക്കാന്‍ ചില ബുദ്ധിമുട്ട് നേരിട്ടെങ്കിലും അതൊരു നല്ല സമീപനമാണ്. ഒരു ബാങ്കില്‍ ഇടപാടുകള്‍ നടത്തുന്ന വ്യക്തിയെകുറിച്ചുള്ള എല്ലാ വിവരങ്ങളും ബാങ്കിന് നല്‍കണം എന്നതു കൊണ്ട് ഇടപാടുകളില്‍ സുതാര്യത കൊണ്ടുവരാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഒപ്പം ഈ വിവരങ്ങള്‍ സര്‍ക്കാരിനും ആദായ നികുതി വകുപ്പിനും കൈമാറാനുമാണ്

എം പുരുഷോത്തമന്‍

സെക്രട്ടറി

മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്

സമീപകാലത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി അവാര്‍ഡുകള്‍ ബാങ്ക് നേടിയിട്ടുണ്ടല്ലോ? അതിനെകുറിച്ച്?

പാലക്കാട് ജില്ലയില്‍ തന്നെ ഏറ്റവും മികച്ച ബാങ്കുകളില്‍ ഒന്നാണ് ഇന്ന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്. പിന്നിട്ട വഴികളില്‍ എല്ലാം നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്. ബാങ്കിന്റെ ഇടപാടുകാരോടുള്ള സമീപനം തന്നെയാണ് അതില്‍ പ്രധാനം. മികച്ച ബാങ്ക്, ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള ബാങ്ക്, 24 മണിക്കൂര്‍ സേവനത്തിനുള്ള ദേശീയ അംഗീകാരം തുടങ്ങി ഇത്തവണ ആറോളം അവാര്‍ഡുകള്‍ മണ്ണാര്‍ക്കാട് ബാങ്കിനെ തേടിയെത്തി. സഹകരണ ബാങ്കുകള്‍ക്ക് ബാങ്കിന്റെ ഇടപാടുകാരെ അറിയുന്നതു പോലെ മറ്റൊരു ബാങ്കിനും അത് സാധ്യമല്ല. ഇടപാടുകരെ നല്ലവണ്ണം പഠിച്ചതു കൊണ്ടുതന്നെ ഇന്നിതു വരെയും ഞങ്ങള്‍ക്ക് ഒരു ജപ്തിയും നടത്തേണ്ടി വന്നിട്ടുമില്ല. ജനങ്ങളുമായി നല്ലൊരു ബന്ധം നിലനിര്‍ത്തി പോരാന്‍ സഹകരണ ബാങ്കുകള്‍ എന്നും ശ്രമിക്കാറുണ്ട്. കസ്റ്റമേഴ്‌സിന്റെ സംതൃപ്തിയാണ് ഞങ്ങളുടെ പിന്‍ബലവും വിജയവും. അതിന്റെ ഫലമാണ് അവാര്‍ഡുകള്‍.

ബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇകെ നായനാര്‍ മെമ്മോറിയല്‍ നീതി മെഡിക്കല്‍ സെന്ററിലൂടെ നിരവധി സേവനങ്ങള്‍ ചെയ്യുന്നുണ്ട്. ഇതോടൊപ്പം മണിക്കൂറില്‍ 240ല്‍പരം ടെസ്റ്റുകള്‍ നടത്താവുന്ന ബയോകെമിസ്ട്രി ലാബ്, ആധുനിക സംവിധാനങ്ങളോടു കൂടിയ ഹെമറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റ്, മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റ്, എക്‌സ്‌റേ, ഇസിജി തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങളും ബാങ്ക് നല്‍കുന്നു

കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ മണ്ണാര്‍ക്കാട് ബാങ്കിനെ ബാധിച്ചിരുന്നോ ?

കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ മറ്റു പല ബാങ്കുകളെയും സാരമായി തന്നെ ബാധിച്ചെങ്കിലും മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് ബാങ്കിനെ അത് ബാധിച്ചില്ല എന്നതാണ് പ്രധാന സംഗതി. അന്നത്തെ സാഹചര്യത്തില്‍ ആളുകള്‍ക്ക് അവശ്യാനുസരണം പണം നല്‍കാനും മറ്റുമുള്ള സമ്പാദ്യം ബാങ്കിന്റെ പക്കലുണ്ടായിരുന്നു. അക്കാലയളവില്‍ ബാങ്കിന്റെ ഏറ്റവും കുറഞ്ഞ കാഷ് ബാലന്‍സ് ഒന്നര കോടി രൂപയായിരുന്നു. ഒരു ഇടപാടുകരെയും കാശില്ലെന്നു പറഞ്ഞു മടക്കി അയക്കേണ്ട സ്ഥിതി ബാങ്കിന് വന്നിട്ടില്ല. എന്നാല്‍ നോട്ട് അസാധുവാക്കല്‍ ബാങ്കിനെ ഒരു തരത്തിലും ബാധിച്ചില്ല എന്നു പറയാന്‍ കഴിയില്ല, നിക്ഷേപത്തില്‍ നല്ലൊരു കുറവ് ആ സമയത്തുണ്ടായി. നോട്ട് അസാധുവാക്കല്‍ വളരെ മോശപ്പെട്ട നിലപാടായാണ് ഞാന്‍ കാണുന്നത്. ദ്രുതഗതിയില്‍ നടപ്പിലാക്കേണ്ട ഒന്നായിരുന്നില്ല ഇത്. ജനങ്ങള്‍ക്ക് അല്‍പസമയം നീട്ടി നല്‍കുന്നതുകൊണ്ട് ആര്‍ക്കും ഒരു നഷ്ടവും വരില്ല. ഇതുവരെയും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള എല്ലാവിധ നടപടികളും അനുസരിച്ചു മുന്നോട്ടു പോയ ചരിത്രമേ ഇവിടുത്തെ ജനങ്ങള്‍ക്കുള്ളൂ. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ പെട്ടന്നുളള എടുത്തു ചാട്ടം അനാവശ്യമായി.

പുതിയതായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ ?

ഇപ്പോള്‍ ഏറ്റവും പുതുതായി ബാങ്ക് നടപ്പാക്കിയ പദ്ധതിയാണ് സോളാര്‍ പ്ലാന്റ്. വൈദ്യുതിയില്‍ സ്വയം പര്യാപ്തമാകുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി തുടങ്ങിയത്. കെട്ടിടത്തിന്റെ മേല്‍ ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന പ്ലാന്റില്‍ നിന്നും ബാങ്കിന് ആവശ്യമുള്ള വൈദ്യുതി ഇവിടെ നിന്നുതന്നെ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. മുമ്പ് കെട്ടിടത്തിനു മുകളിലുണ്ടായിരുന്ന പച്ചക്കറി കൃഷി താഴേക്ക് മാറ്റിയിട്ടുണ്ട്. ഒരു ഓഡിറ്റോറിയത്തിന്റെ നിര്‍മാണമാണ് ഇനി തുടങ്ങാനിരിക്കുന്ന മറ്റൊരു പദ്ധതി.

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ ബാങ്ക് എക്കൗണ്ടുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നയത്തെ എങ്ങനെ നോക്കികാണുന്നു ?

സാങ്കേതികമായി കെവൈസിയിലേക്ക് ബാങ്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാറ്റിയതോടെ അത് സാധിച്ചെടുക്കാന്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടുണ്ടെങ്കിലും അത് ഒരു നല്ല സമീപനമായാണ് ബാങ്ക് നോക്കി കാണുന്നത്. ഒരു ബാങ്കില്‍ ഇടപാടുകള്‍ നടത്തുന്ന വ്യക്തിയെകുറിച്ചുള്ള എല്ലാ വിവരങ്ങളും ബാങ്കിന് നല്‍കണം എന്നതു കൊണ്ട് ഇടപാടുകളില്‍ സുതാര്യത കൊണ്ടുവരാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഒപ്പം ഈ വിവരങ്ങള്‍ സര്‍ക്കാരിനും ആദായ നികുതി വകുപ്പിനും കൈമാറാനുമാണ്. അതുകൊണ്ടു തന്നെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് വളരെ നല്ല കാര്യം തന്നെ. സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നീക്കത്തിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്ക് ഇല്ലാതാക്കാനും അതുവഴി സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: FK Special, Slider