നവംബറില്‍ പണപ്പെരുപ്പം ആര്‍ബിഐ പ്രവചിച്ച 4% കടന്നു

നവംബറില്‍ പണപ്പെരുപ്പം ആര്‍ബിഐ പ്രവചിച്ച 4% കടന്നു

ന്യൂഡെല്‍ഹി: കാലം തെറ്റിയെത്തിയ മഴ മൂലം ഭക്ഷ്യ വില ഉയര്‍ന്നതിനാല്‍ റിസര്‍വ് ബാങ്കിന്റെ പണപ്പെരുപ്പ ലക്ഷ്യം നവംബറില്‍ പാളിയെന്ന് വിലയിരുത്തല്‍. ഒക്‌റ്റോബറില്‍ 3.58 ശതമാനമായിരുന്ന് റീട്ടെയ്ല്‍ പണപ്പെരുപ്പം നവംബറില്‍ 4.20 ശതമാനമായി 13 മാസത്തെ ഉയര്‍ച്ചയിലെത്തിയെന്ന് റോയിട്ടേഴ്‌സ് പോള്‍ വ്യക്തമാക്കുന്നു. ഇത് പലിശ നിരക്കുകളില്‍ ആര്‍ബിഐ സമീപ ഭാവിയില്‍ മാറ്റം വരുത്തുന്നതിനുള്ള സാധ്യതകളെ ഇല്ലാതാക്കിയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പം നാലു ശതമാനത്തിന് താഴെ നിലനിര്‍ത്താനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.

‘നവംബറിലെ കനത്ത മഴ പഴം, പച്ചക്കറി വിളകള്‍ക്ക് കനത്ത നാശം വരുത്തി. അതിനാല്‍ തന്നെ ഉള്ളി,തക്കാളി തുടങ്ങിയവയുടെ വില വര്‍ധിക്കുന്നത് നമ്മള്‍ കണ്ടു’, ലാര്‍സന്‍ ആന്‍ഡ് ട്യുബ്രോയിലെ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റായ രൂപ നിറ്റ്‌സുര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വാടക അലവന്‍സ് വര്‍ധിച്ചതും, ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും, ജിഎസ്ടി നടപ്പിലാക്കല്‍ മൂലം അസംസ്‌കൃത വസ്തുക്കളുടെ ചെലവ് ഉയര്‍ന്നതും പണപ്പെരുപ്പം ഉയരുന്നതിന് കാരണമായെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അവസാനപാദത്തിലെ പണപ്പെരുപ്പം 4.3 മുതല്‍ 4.7 വരെ വര്‍ധിക്കുമെന്ന് ഡിസംബറിലെ ധന നയ അവലോകന യോഗത്തില്‍ ആര്‍ബിഐ പറഞ്ഞിരുന്നു. 2015 ജനുവരി മുതല്‍ ഈ വര്‍ഷം ഒഗസ്റ്റ് വരെ 200 അടിസ്ഥാന പോയ്ന്റുകളുടെ കുറവാണ് നിരക്കുകളില്‍ ആര്‍ബിഐ വരുത്തിയിട്ടുള്ളത്.

ചരക്ക് സേവന നികുതിയും നോട്ട് അസാധുവാക്കല്‍ നടപടിയും മൂലം ഡിമാന്റ് ഇടിയുന്നത് തുടരന്നതിനാല്‍ ഒക്‌റ്റോബറില്‍ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 3.0 ശതമാനമായി ഇടിഞ്ഞിരുന്നു. അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ ജിഎസ്ടി സൃഷ്ടിച്ച പ്രതിസന്ധികളെ ബിസിനസുകള്‍ മറികടക്കാന്‍ തുടങ്ങിയതിനാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തിരിച്ചുവരവ് പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍

Comments

comments

Categories: Slider, Top Stories

Related Articles