സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിന് പൊതു-സ്വകാര്യ ഫണ്ട് വേണമെന്ന് ചേതന്‍ മെയ്‌നി

സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിന് പൊതു-സ്വകാര്യ ഫണ്ട് വേണമെന്ന് ചേതന്‍ മെയ്‌നി

500 കോടി രൂപയുടെ പൊതു-സ്വകാര്യ ഫണ്ട് രൂപീകരിക്കണം

ബെംഗളൂരു : ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിന് 500 കോടി രൂപയുടെ പൊതു-സ്വകാര്യ ഫണ്ട് രൂപീകരിക്കണമെന്ന് ചേതന്‍ മെയ്‌നി. കര്‍ണ്ണാടകയില്‍ ഇലക്ട്രിക് വാഹന ഹബ്ബ് നിര്‍മ്മിക്കുന്നതിന് രംഗത്തുള്ള സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനാണ് രേവ ഇലക്ട്രിക് കാര്‍ കമ്പനി സ്ഥാപകന്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

ഇലക്ട്രിക് വാഹന നയം കൊണ്ടുവന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി സെപ്റ്റംബറില്‍ കര്‍ണ്ണാടക മാറിയിരുന്നു. ഇലക്ട്രിക് മൊബിലിറ്റി സംബന്ധിച്ച ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിക്കുന്നതാണ് ഇലക്ട്രിക് വാഹന നയം. ആന്തരിക ദഹന എന്‍ജിന്‍ വാഹനങ്ങളില്‍നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാകുന്നതിന് വേണ്ട സാഹചര്യം സൃഷ്ടിക്കുന്നത് ഇവി നയത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍പ്പെടുന്നു.

ഇലക്ട്രിക് വാഹന നയം കൊണ്ടുവന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി സെപ്റ്റംബറില്‍ കര്‍ണ്ണാടക മാറിയിരുന്നു

യുഎസ് ആസ്ഥാനമായ ടെസ്‌ല പോലുള്ള ഇലക്ട്രിക് കാര്‍ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിയുമോയെന്ന ചോദ്യത്തിന് ടെസ്‌ല കാറുകളുടെ വലിയ വില അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് അനുകൂല ഘടകമാണ്. ഇന്ത്യന്‍ വാഹന വിപണിയുടെ ഒരു ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളെന്ന് ചേതന്‍ മെയ്‌നി എടുത്തുപറഞ്ഞു.

ഇന്ത്യന്‍ വിപണിയെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്നത് ഇവിടുത്തെ കമ്പനികള്‍ക്കാണ്. ഇവിടെ വളരെക്കാലമായി പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്കും വിപണിയുടെ സവിശേഷത അറിയാന്‍ കഴിയും. കൂടുതല്‍ ഇലക്ട്രിക് വാഹന കമ്പനികള്‍ വരുന്നതോടെ വില കുറയുമെന്ന് ചേതന്‍ മെയ്‌നി പറഞ്ഞു.

Comments

comments

Categories: Auto