ആന്ധ്രയെയും തെലങ്കാനയെയും കേരളം മാതൃകയാക്കണം

ആന്ധ്രയെയും തെലങ്കാനയെയും കേരളം മാതൃകയാക്കണം

ബിസിനസ് സൗഹൃദ നയങ്ങളില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ കേരളം പുറകോട്ട് പോകാന്‍ കാരണമെന്ന് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ സാബു എം ജേക്കബ്

കൊച്ചി: കേരളത്തിലെ നിലവിലെ സാഹചര്യങ്ങള്‍ വ്യവസായങ്ങളെ ഒരു പരിധിയില്‍ കൂടുതല്‍ വളര്‍ത്തുന്നതിന് അനുയോജ്യമല്ലെന്ന് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ സാബു എം ജേക്കബ്. സര്‍ക്കാരിന്റെ ശ്രദ്ധക്കുറവുകൊണ്ടാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ കേരളം പുറകിലെത്തിയത്. ഈ നില തുടര്‍ന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ രംഗത്ത് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സാബു എം ജേക്കബ് ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ ഇപ്പോള്‍ കേരളത്തിന് ഇരുപതാം സ്ഥാനമാണുള്ളത്. ബിസിനസ് സൗഹൃദപരമായ പല പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവയൊന്നും തന്നെ ശരിയായ വിധത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. മാറി വരുന്ന സര്‍ക്കാരുകള്‍ പ്രശസ്തി മാത്രം മുന്നില്‍കണ്ട് നടത്തുന്ന തുടര്‍ച്ചയില്ലാത്ത പദ്ധതികള്‍ ബിസിനസ് എളുപ്പമാക്കുക എന്ന ആശയത്തിന് തന്നെ വിലങ്ങു തടിയാണ്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് കേരളം മാതൃകയാക്കേണ്ടത് ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളെയാണ്. വിഭജനശേഷവും ഈ സംസ്ഥാനങ്ങള്‍ തമ്മില്‍, കൂടുതല്‍ മികച്ച വ്യാവസായിക അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ ആരോഗ്യകരമായ മത്സരമാണ് നടക്കുന്നത്. ഈസ് ഓഫ് ഡൂയിംഗ് പട്ടികയില്‍ ഈ സംസ്ഥാനങ്ങള്‍ ഓരോ തവണയും സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മൂന്നോ നാലോ പ്രൊഫഷണല്‍ ഏജന്‍സികളാണ് ഈ സംസ്ഥാനങ്ങളില്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പ്രാവര്‍ത്തികമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്. യൂണിറ്റിന് 1 രൂപ നിരക്കിലാണ് ഈ സംസ്ഥാനങ്ങള്‍ വ്യവസായങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നത്. കേരളത്തില്‍ യൂണിറ്റിന് 7 രൂപയാണ് വൈദ്യുതിക്ക് ഈടാക്കുന്നത്. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിച്ചെത്തുന്നവര്‍ക്ക് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ സൗജന്യമായി ഭൂമി, കെട്ടിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുവെന്നും സാബു കൂട്ടിച്ചേര്‍ത്തു.

യൂണിറ്റിന് 1 രൂപ നിരക്കിലാണ് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ വ്യവസായങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നത്. കേരളത്തില്‍ യൂണിറ്റിന് 7 രൂപയാണ് വൈദ്യുതിക്ക് ഈടാക്കുന്നത്. സംരംഭകര്‍ക്ക് സൗജന്യമായി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു അവര്‍

ബിസിനസ് ചെയ്യുന്നതിനായി മലയാളി സംരംഭകര്‍ ആന്ധ്രയെയും തെലങ്കാനയെയും തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് കേരളത്തെ വലിയ തോതില്‍ ബാധിക്കും. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ നിലപാടെടുക്കേണ്ടത്-അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വ്യവസായ വികസനം എന്നത് ചില മേഖലകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. സംസ്ഥാനത്തെ വ്യവസായമേഖലകളെ തരം തിരിച്ച്, ഓരോ മേഖലയില്‍ നിന്നുമുള്ള വിദഗ്ധരുമായി നേരിട്ട് സംസാരിച്ചു വേണം സര്‍ക്കാര്‍ ബിസിനസ് വികസന പദ്ധതികള്‍ വിഭാവനം ചെയ്യേണ്ടത്. ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക്, ഐ ടി പാര്‍ക്ക് എന്നിങ്ങനെ വ്യവസായ മേഖലകളെ പല പാര്‍ക്കുകളായി തിരിച്ച് പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നത് ഗുണകരമാകും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളാണോ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്ന സ്ഥാപനങ്ങളാണോ നമുക്ക് ആവശ്യമെന്ന് സര്‍ക്കാര്‍ വിലയിരുത്തുകയും അതിനനുസരിച്ച് പദ്ധതികള്‍ ക്രമീകരിക്കുകയും വേണം-സാബു ജേക്കബ് വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories