കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കണം: അസോചം

കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കണം: അസോചം

കാര്‍ഷിക മേഖലയിലെ മൊത്തം മൂല്യ വര്‍ധനയില്‍ പകുതിയിലധികം സംഭാവന ചെയ്യുന്നത് കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം, ഫോറസ്ട്രി തുടങ്ങിയ മേഖലകളാണ്

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് വ്യവസായ സംഘടനയായ അസോചം. ഖാരിഫ് വിളകളിലുണ്ടായ ഇടിവിനെ തുടര്‍ന്ന് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കാര്‍ഷിക മേഖല വളര്‍ച്ചാ മാന്ദ്യം അഭിമുഖീകരിച്ചതായും ഇത് കണക്കിലെടുത്ത് പൊതുബജറ്റില്‍ കാര്‍ഷിക രംഗത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും അസോചം ആവശ്യപ്പെട്ടു.

ഈ സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കാര്‍ഷിക മേഖലയിലെ വാര്‍ഷിക വളര്‍ച്ച മൊത്തം മൂല്യ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ 4.1 ശതമാനത്തില്‍ നിന്നും 1.7 ശതമാനത്തിലേക്ക് ഇടിഞ്ഞു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അടിസ്ഥാന വിലയുടെ അടിസ്ഥാനത്തിലാണ് ഈ മേഖലയിലെ ജിവിഎ കണക്കാക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനത്തിലുണ്ടായ ഇടിവാണ് ഇക്കാലയളവില്‍ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുള്ളതെന്നും അസോചം വ്യക്തമാക്കിയിട്ടുണ്ട്. 2016-2017 സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 10.7 ശതമാനം വര്‍ധനയാണ് ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഉണ്ടായതെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം ഇതില്‍ 2.8 ശതമാനം ഇടിവുണ്ടായി.

കാലവര്‍ഷം കുറഞ്ഞതാണ് ഖാരിഫ് വിളകളെ ബാധിച്ചതെന്ന് അസോചം നിരീക്ഷിച്ചു. ഇതിനെല്ലാം പുറമെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ മാന്ദ്യവും കാര്‍ഷിക മേഖലയുടെ ക്ഷീണത്തിന് കാരണമായിട്ടുണ്ടെന്ന് അസോചം പറയുന്നു. കാര്‍ഷിക മേഖലയിലെ മൊത്തം മൂല്യ വര്‍ധനയില്‍ പകുതിയിലധികം സംഭാവന ചെയ്യുന്നത് കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം, ഫോറസ്ട്രി തുടങ്ങിയ മേഖലകളാണെന്ന് അസോചം സെക്രട്ടറി ജനറല്‍ ഡിഎസ് റാവത്ത് പറഞ്ഞു. ജലസേചനം പോലുള്ള കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം തന്നെ ഈ വിഭാഗങ്ങളിലും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഡിഎസ് റാവത്ത് നിര്‍ദേശിച്ചു.
ഇന്ത്യയുടെ ജനസംഖ്യയില്‍ ഭൂരിഭാഗം പേരും തൊഴിലെടുക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. അതുകൊണ്ട് കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാനായില്ലെങ്കില്‍ ഉപഭോക്തൃ ആവശ്യകതയിലൂന്നിയുള്ള വളര്‍ച്ചയും നിക്ഷേപവും യാഥാര്‍ത്ഥ്യമാകില്ലെന്ന് റാവത്ത് പറഞ്ഞു. ഇന്ത്യന്‍ കമ്പനികളുടെ ഭൂരിഭാഗവും വലിയ തോതില്‍ ഗ്രാമീണ മേഖലയിലെ ആവശ്യകതയെ ആശ്രയിച്ചാണിരിക്കുന്നത്.

റാബി സീസണില്‍ കര്‍ഷകര്‍ക്കുള്ള എല്ലാ സഹായവും നീട്ടിനല്‍കണമെന്നും വിപണി സാഹചര്യങ്ങള്‍ മോശമാണെങ്കില്‍ കര്‍ഷകര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അസോചം നിര്‍ദേശിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം സമയം വളരെ പ്രധാനമാണ്. ഇറക്കുമതി തീരുവ പോലുള്ള നടപടികള്‍ കൃത്യസമയത്ത് എടുത്താല്‍ ഇതിന്റെ പ്രയോജനം കര്‍ഷകരിലേക്ക് എത്തുമെന്നും അസോചം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: More

Related Articles