21,494 യൂണിറ്റ് മാരുതി സുസുകി ഡിസയര്‍ തിരിച്ചുവിളിച്ചു

21,494 യൂണിറ്റ് മാരുതി സുസുകി ഡിസയര്‍ തിരിച്ചുവിളിച്ചു

ഈ വര്‍ഷം ഫെബ്രുവരി 23 നും ജൂലൈ 10 നുമിടയില്‍ നിര്‍മ്മിച്ച കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്

ന്യൂ ഡെല്‍ഹി : സബ് കോംപാക്റ്റ് സെഡാനായ ഡിസയറിന്റെ 21,494 യൂണിറ്റ് മാരുതി സുസുകി തിരിച്ചുവിളിച്ചു. ഈ വര്‍ഷം ഫെബ്രുവരി 23 നും ജൂലൈ 10 നുമിടയില്‍ നിര്‍മ്മിച്ച കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ചില കാറുകളുടെ റിയര്‍ വീല്‍ ഹബ്ബിലെ തകരാറാണ് കാരണമെന്ന് കമ്പനി അറിയിച്ചു. മാരുതി സുസുകിയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നാണ് ഡിസയര്‍. ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് ഏറ്റവും വേഗത്തില്‍ താണ്ടിയ മാരുതി സുസുകി കാര്‍ കൂടിയാണ് ഡിസയര്‍.

തകരാറ് കണ്ടെത്തിയ കാറുകളുടെ ഉടമസ്ഥരെ മാരുതി സുസുകി ബന്ധപ്പെട്ടുവരികയാണ്. പരിശോധനയും റീപ്ലേസ്‌മെന്റും കമ്പനി സൗജന്യമായി ചെയ്തുകൊടുക്കും. മാരുതി സുസുകിയുടെ വെബ്‌സൈറ്റില്‍ ഷാസി നമ്പര്‍ (എംഎ3 യെതുടര്‍ന്ന് 14 ഡിജിറ്റ് ആല്‍ഫന്യൂമറിക് നമ്പര്‍) നല്‍കി തിരിച്ചുവിളിച്ചവയില്‍ തങ്ങളുടെ കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയും. തകരാറുള്ള റിയര്‍ വീല്‍ ഹബ് കാരണം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മാരുതി അറിയിച്ചു.

വെബ്‌സൈറ്റില്‍ ഷാസി നമ്പര്‍ നല്‍കി തിരിച്ചുവിളിച്ചവയില്‍ തങ്ങളുടെ കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉടമകള്‍ക്ക് പരിശോധിക്കാം

ഡിസയറിന്റെ മൂന്നാം തലമുറ മോഡല്‍ മാരുതി സുസുകി ഈ വര്‍ഷം പുറത്തിറക്കിയിരുന്നു. മെയ് മാസത്തില്‍ അവതരിപ്പിച്ച പുതിയ ഡിസയര്‍ അഞ്ചര മാസത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റാണ് വിറ്റുപോയത്. കാറിന്റെ പുതിയ സ്റ്റൈലിംഗില്‍ നിരവധി പേരാണ് ആകൃഷ്ടരായത്. പുതു തലമുറ സ്വിഫ്റ്റിന്റെ അതേ മെക്കാനിക്കല്‍ അണ്ടര്‍പിന്നിംഗ്‌സാണ് ഈ സബ്‌കോംപാക്റ്റ് സെഡാന് നല്‍കിയിരിക്കുന്നത്. നിര്‍മ്മിച്ചിരിക്കുന്നതാകട്ടെ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലും. മുന്‍ഗാമിയേക്കാള്‍ ഭാരം കുറവും ദൃഢതയേറിയതും കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്നതുമാണ്.

1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളാണ് മാരുതി സുസുകി ഡിസയറിന് നല്‍കിയിരിക്കുന്നത്. 5 സ്പീഡ് മാന്വല്‍, ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Comments

comments

Categories: Auto