ഹീറോ ഇലക്ട്രിക് കൂടുതല്‍ പ്ലാന്റുകള്‍ സ്ഥാപിക്കും

ഹീറോ ഇലക്ട്രിക് കൂടുതല്‍ പ്ലാന്റുകള്‍ സ്ഥാപിക്കും

ന്യൂ ഡെല്‍ഹി : കൂടുതല്‍ അസ്സംബ്ലി പ്ലാന്റുകള്‍ സ്ഥാപിക്കുന്ന കാര്യം ഹീറോ ഇലക്ട്രിക് ആലോചിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് മടങ്ങ് വില്‍പ്പന വളര്‍ച്ചയാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. കയറ്റുമതിയും വര്‍ധിപ്പിക്കുമെന്ന് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്റ്റര്‍ നവീന്‍ മുഞ്ജാല്‍ പറഞ്ഞു. ഈ വര്‍ഷം 25,000 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കാനാകുമെന്നാണ് ഹീറോ ഇലക്ട്രിക് പ്രതീക്ഷിക്കുന്നത്. നിലവില്‍ പ്രതിവര്‍ഷം 50,000 യൂണിറ്റ് ഉല്‍പ്പാദന ശേഷിയാണ് ലുധിയാനയിലെ പ്ലാന്റിനുള്ളത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ വില്‍പ്പനയില്‍ പത്ത് മടങ്ങ് വര്‍ധന ലക്ഷ്യം

കഴിഞ്ഞ വര്‍ഷം 15,000 യൂണിറ്റില്‍ താഴെ വാഹനങ്ങള്‍ മാത്രമാണ് ഹീറോ ഇലക്ട്രിക് വിറ്റത്. ഈ വര്‍ഷം രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ആകെ 32,000-35,000 യൂണിറ്റ് വില്‍പ്പന നടക്കുമെന്ന് നവീന്‍ മുഞ്ജാല്‍ പറഞ്ഞു. ഇലക്ട്രിക് ഇരുചക്ര വാഹന വിപണി ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്.

നിലവില്‍ പ്രതിവര്‍ഷം 50,000 യൂണിറ്റ് ഉല്‍പ്പാദന ശേഷിയാണ് ലുധിയാനയിലെ പ്ലാന്റിനുള്ളത്

ഈ വര്‍ഷത്തേക്കാള്‍ 2018 ല്‍ മൂന്ന് മടങ്ങ് വില്‍പ്പന വളര്‍ച്ചയാണ് ലക്ഷ്യമെന്ന് നവീന്‍ മുഞ്ജാല്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ നിലവിലെ പ്ലാന്റ് മതിയാകാത്ത സാഹചര്യം വരും. പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ പുതുതായി എത്ര രൂപയുടെ നിക്ഷേപം നടത്തുമെന്ന് തുറന്നുപറഞ്ഞില്ല.

പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് എവിടെയെല്ലാമായിരിക്കുമെന്ന് തീര്‍ച്ചയായിട്ടില്ല. പശ്ചിമ ഇന്ത്യയിലോ ദക്ഷിണ ഇന്ത്യയിലോ പ്ലാന്റ് സ്ഥാപിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. അന്തര്‍ദേശീയ വിപണികളിലേക്ക് കയറ്റുമതി ആലോചിക്കുന്നുണ്ട്. തുറമുഖത്തിന് സമീപമാകുമ്പോള്‍ കയറ്റുമതി കൂടുതല്‍ എളുപ്പമാകും.

ലുധിയാന പ്ലാന്റിനേക്കാള്‍ ശേഷിയുള്ളതാകില്ല പുതിയ പ്ലാന്റുകളെന്ന് നവീന്‍ മുഞ്ജാല്‍ വ്യക്തമാക്കി. വമ്പന്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനേക്കാള്‍ ഉപഭോക്താക്കളുടെ സാമീപ്യത്തില്‍ കൂടുതല്‍ പ്ലാന്റുകള്‍ തുടങ്ങാനാണ് ആലോചിക്കുന്നത്. ഇ-റിക്ഷ ബിസിനസ്സും ആരംഭിക്കും. ഹീറോ മോട്ടോകോര്‍പ്പിന് നിലവില്‍ 32 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. എന്നാല്‍ വില്‍പ്പന കുറവാണ്. ഈ അന്തര്‍ദേശീയ വിപണികളില്‍ ശക്തി തെളിയിക്കുകയും വേണം.

Comments

comments

Categories: Auto