റിച്ചി (തമിഴ്)

റിച്ചി (തമിഴ്)

സംവിധാനം: ഗൗതം രാമചന്ദ്രന്‍
അഭിനേതാക്കള്‍: നിവിന്‍ പോളി, പ്രകാശ് രാജ്, ലക്ഷ്മി പ്രിയ, ശ്രദ്ധ ശ്രീനാഥ്.
ദൈര്‍ഘ്യം: 1 മണിക്കൂര്‍ 50 മിനിറ്റ്

റിച്ചി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാരംഗത്തേയ്ക്കു ചുവടുവയ്ക്കുകയാണു മലയാളത്തിന്റെ യുവനടന്‍ നിവിന്‍ പോളി. രക്ഷിത് ഷെട്ടി സംവിധാനം ചെയ്യുകയും ഹിറ്റായി മാറുകയും ചെയ്ത ഉളിദവരു കണ്ടാന്തേ എന്ന കന്നഡ സിനിമയുടെ തമിഴ് റീമേക്കാണ് റിച്ചു. ഗൗതം രാമചന്ദ്രനാണ് റിച്ചി സംവിധാനം ചെയ്തിരിക്കുന്നത്. ഉദ്വേഗഭരിതമായ സസ്‌പെന്‍സ് ഡ്രാമയാണ് റിച്ചി. തമിഴില്‍ നിവിന്‍ പോളിക്ക് ഇതിലും നല്ലൊരു പ്രവേശനം റിച്ചിയിലൂടെയല്ലാതെ ലഭിക്കുമെന്നും തോന്നുന്നില്ല. ചിത്രത്തില്‍ നിവിന്‍ പോളിയുടെ കഥാപാത്രം ഒരു ഗൂണ്ടയുടേതാണ്. ഈ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പു പുറത്തിറങ്ങിയ ടീസറില്‍നിന്നും കഥാപാത്രത്തെ കുറിച്ച് ഏകദേശ രൂപം പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നു. അതാകട്ടെ ഒരുപരിധി വരെ സെന്‍സേഷനും സൃഷ്ടിച്ചിരുന്നു. റിച്ചിയില്‍ സ്വന്തം ശബ്ദമാണു നിവിന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.റിച്ചിക്ക് പ്രചോദനമായ ഉളിദവരു കണ്ടാന്തേ എന്ന കന്നഡ സിനിമ പറയുന്നത് ഉടുപ്പിക്കു സമീപമുള്ള കര്‍ണാടകയിലെ ഒരു തീരദേശ നഗരത്തില്‍ നടന്ന ക്രൈമിനെ കുറിച്ചാണ്.

കൃഷ്ണ ജന്മാഷ്ടമി ആഘോഷം നടക്കുകയാണ്. ഉത്സവത്തിനിടെ ഒരു കൊലപാതകം നടക്കുന്നു. ഈ കുറ്റകൃത്യത്തെ അഞ്ച് വ്യത്യസ്ത കാഴ്ചപ്പാടുകളില്‍ നിന്നും വിവരിക്കുന്നതാണു കഥ. തനതായ വ്യാഖ്യാനവും വിഷ്വല്‍ സൗന്ദര്യവും കൊണ്ടു കന്നഡയില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രത്തിനു തമിഴിലും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. മലയാളത്തില്‍ ഹിറ്റായ പ്രേമം എന്ന ചിത്രം തമിഴിലും ഹിറ്റായിരുന്നു. ഇതു തമിഴ്‌നാട്ടില്‍ നിവിന്‍ പോളിക്കു വന്‍ ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. പ്രേമം സിനിമയിലൂടെ ലഭിച്ച സ്വീകാര്യത റിച്ചി എന്ന സിനിമയുടെ വിജയത്തിനും കാരണമാകുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ട്.

സംവിധായകനെ നിലയില്‍ ഗൗതം രാമചന്ദ്രന്റെ ആദ്യ ചിത്രം കൂടിയാണ് റിച്ചി. രാജീവ് മേനോന്‍, മിസ്‌കിന്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഗൗതമിന് ഇവരുടെ കഴിവ് പകര്‍ന്നു കിട്ടിയിട്ടുണ്ടെന്നതു ചിത്രം കാണുമ്പോള്‍ മനസിലാകും. റിച്ചി സാങ്കേതികമായി ഒട്ടേറെ മികവ് പുലര്‍ത്തിയിട്ടുണ്ട്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയായി പറയാവുന്നത് സംഗീതമാണ്. വളരെ മികച്ച സംഗീത സംവിധാനമാണ് ചിത്രത്തില്‍ അജനീഷ് ലോക്‌നാഥ് നിര്‍വഹിച്ചിരിക്കുന്നത്.

Comments

comments

Categories: FK Special, Movies, Slider
Tags: richie