‘ജനപ്രിയമായേക്കില്ല മോദിയുടെ അടുത്ത ബജറ്റ്’

‘ജനപ്രിയമായേക്കില്ല മോദിയുടെ അടുത്ത ബജറ്റ്’

പരിഷ്‌കരണ നടപടികള്‍ തുടരാനാണ് സാധ്യതയെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം

ന്യൂഡെല്‍ഹി: 2018-19ലെ കേന്ദ്ര ബജറ്റ് ജനകീയമായിരിക്കില്ലെന്നും ചെലവിടലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഫെബ്രുവരി 1 ന് സര്‍ക്കാര്‍ അവതരിപ്പിക്കുക മറ്റൊരു നല്ല ബജറ്റായിരിക്കും. ജനകീയതയെന്ന് തോന്നിപ്പിക്കുന്നതിനേക്കാള്‍ ഉത്തരവാദിത്തബോധത്തോടെയുള്ള ഒരു ബജറ്റായിരിക്കും സര്‍ക്കാര്‍ അവതരിപ്പിക്കുകയെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനപ്രിയതയ്ക്ക് വേണ്ടി ബജറ്റ് സര്‍ക്കാര്‍ ഉപയോഗിക്കുമെന്ന് കരുതുന്നില്ല.ര ാഷ്ട്രീയ അധികാരികള്‍ ഇത് മനസിലാക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി നടപ്പിലാക്കി വരുന്ന പരിഷ്‌കരണ നപടികള്‍ പൂര്‍ത്തിയാക്കുന്നതിന് തന്നെയായിരിക്കും മോദി സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുക

കഴിഞ്ഞ മൂന്ന് വര്‍ഷമായി നടപ്പിലാക്കി വരുന്ന പരിഷ്‌കരണ നപടികള്‍ പൂര്‍ത്തിയാക്കുന്നതിന് തന്നെയായിരിക്കും മോദി സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുക. നിരവധി മികച്ച പരിഷ്‌കരണങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അവ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. അതിനാല്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് പകരം ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്കറപ്റ്റ്‌സി കോഡ് 2016 (ഐബിസി), ബാങ്കിംഗ് സാര്‍വത്രികമാക്കല്‍ തുടങ്ങിയ പരിഷ്‌കരണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പലിശ നിരക്കുകള്‍ നിലനിര്‍ത്തുവാനുള്ള ആര്‍ബിഐയുടെ ധനനയ അവലോകന സമിതിയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. പലിശ നിരക്ക് കുറയന്നത് നല്ലതാണെങ്കിലും സേവിംഗ്‌സിലും ശ്രദ്ധിക്കണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ കൂടിയായ റോയ് പറഞ്ഞു.പരിഷ്‌കരണ നടപടികളിലൂടെയും നയങ്ങളിലൂടെയും എട്ട് ശതമാനം വളര്‍ച്ച നേടുവാന്‍ ഇന്ത്യക്ക് ദീര്‍ഘ ദൂരമുണ്ട്. 7 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നത് വളരെ വ്യക്തമാണ്. പണപ്പെരുപ്പ നിരക്ക് താഴ്ന്നു. കറന്റ് എക്കൗണ്ട് കമ്മി (സിഎഡി)യും നിയന്ത്രണത്തിലാണ്. ധനപരമായ ഉത്തരവാദിത്തത്തം സര്‍ക്കാര്‍ ഇതുവരെ കര്‍ക്കശമായി പാലിച്ചിട്ടുണ്ട്.

അടുത്ത 10 വര്‍ഷത്തേക്കുള്ള അജണ്ട തനിക്ക് വളരെ വ്യക്തമാണ്. എല്ലാ ഇന്ത്യക്കാരുടെയും ഉപഭോഗ ആവശ്യകതയ്ക്ക് അനുസരിച്ചുള്ളവ ഉല്‍പ്പാദിപ്പിക്കാന്‍ നമുക്ക് സാധിക്കും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മാത്രം തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ല. ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ പരിഹരിക്കേണ്ടതുണ്ടെന്നും രതിന്‍ റോയ് നിരീക്ഷിച്ചു.

Comments

comments

Categories: Slider, Top Stories