ഇന്റര്‍നെറ്റിലെ പച്ചമീന്‍

ഇന്റര്‍നെറ്റിലെ പച്ചമീന്‍

മത്സ്യോല്‍പന്ന കയറ്റുമതി രംഗത്തെ പ്രമുഖരായ ബേബി മറൈന്‍ വെഞ്ച്വേഴ്‌സിന്റെ ഓണ്‍ലൈന്‍ മല്‍സ്യവിപണന സംരംഭമാണ് മലയാളികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയിരിക്കുന്ന ഡെയ്‌ലി ഫിഷ്. പച്ചമല്‍സ്യം പോഷകഗുണങ്ങള്‍ നഷ്ടമാകാതെ പായ്ക്ക് ചെയ്ത് വീടുകളിലെത്തിക്കുന്ന ഡെയ്‌ലി ഫിഷ് അന്താരാഷ്ട്ര നിലവാരത്തിലുള്ള മല്‍സ്യവിപണനം ആദ്യമായി കേരളത്തില്‍ സാധ്യമാക്കിയ സ്ഥാപനമാണ്

പാല്‍വിപണിയില്‍ അമൂലും മില്‍മയും സൃഷ്ടിച്ചതു പോലുള്ള മാറ്റത്തിനാണ് കേരളത്തിലെ മല്‍സ്യവിപണിയില്‍ ‘ഡെയ്‌ലി ഫിഷ്’ തുടക്കം കുറിച്ചത്. തീര്‍ത്തും അനാരോഗ്യകരവും ഹാനികരവുമായ അന്തരീക്ഷത്തില്‍ ലഭിക്കുന്ന മല്‍സ്യം വാങ്ങിക്കഴിക്കാന്‍ നിര്‍ബന്ധിതരാകുന്ന മലയാളികള്‍ക്ക് മുന്നില്‍ തികച്ചും ആരോഗ്യകരമായ പുതിയൊരു മല്‍സ്യവിപണന മാതൃകയുമായാണ് ഡെയ്‌ലി ഫിഷ് കടന്നുവന്നത്. മല്‍സ്യം രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാതെ ശാസ്ത്രീയമായി ഡീപ്പ് ഫ്രീസ് ചെയ്ത് പായ്ക്കറ്റുകളിലാക്കി ഫ്രെഷ് ആയി വീട്ടുമുറ്റത്ത് എത്തിച്ചുതരുന്ന ഡെയ്‌ലി ഫിഷ് ചുരുങ്ങിയ കാലം കൊണ്ട് ഉപഭോക്താക്കളുടെ പ്രിയം പിടിച്ചുപറ്റി. ഡെയ്‌ലി ഫിഷിന്റെ വെബ്‌സൈറ്റില്‍ കയറിയും മൊബൈല്‍ ആപ്പ് ഉപയോഗിച്ചും നേരിട്ട് ഫോണില്‍ വിളിച്ചും ബുക്ക് ചെയ്താല്‍ പറഞ്ഞ സമയത്ത് ശീതീകരിച്ച ബോക്‌സില്‍ ആവശ്യപ്പെട്ട അളവില്‍ മല്‍സ്യവുമായി ഡെലിവറി ബോയ്‌സ് ഇരുചക്രവാഹനങ്ങളില്‍ വീട്ടുമുറ്റത്തെത്തും. ഗുണനിലവാരമുള്ള മല്‍സ്യം മാര്‍ക്കറ്റ് വിലയില്‍ ഒരു ബുദ്ധിമുട്ടും കൂടാതെ വീട്ടില്‍ കിട്ടുമെന്നതു കൊണ്ടുതന്നെ ഒരിക്കല്‍ വാങ്ങിയവര്‍ ഡെയ്‌ലി ഫിഷിന്റെ സ്ഥിരം ഉപഭോക്താക്കളായി. മലയാളികളെ ആരോഗ്യകരമായ മല്‍സ്യ ഉപഭോഗശീലം പഠിപ്പിച്ച ഡെയ്‌ലി ഫിഷ് കേരളത്തിലെ വിപണി വികസിപ്പിക്കാനും അതിര്‍ത്തി കടന്ന് ദക്ഷിണേന്ത്യയിലാകെ ശക്തമായ വിപണന ശൃംഖല കെട്ടിപ്പടുക്കാനും ഒരുങ്ങുകയാണ്. ഏറെ സാധ്യതകളുള്ള ബെംഗളൂരു വിപണിയിലേക്കും ഇവര്‍ ചുവടുവച്ചു കഴിഞ്ഞു. ഒന്നര വര്‍ഷത്തെ ഡെയ്‌ലി ഫിഷിന്റെ പ്രവര്‍ത്തനാനുഭവങ്ങളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും ബേബി മറൈന്‍ സീഫുഡ് റീട്ടെയ്ല്‍ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ അലക്സ് കെ തോമസ് ഫ്യൂച്ചര്‍ കേരളയോട് സംസാരിക്കുന്നു.

കേരളത്തില്‍ ഓണ്‍ലൈന്‍ മല്‍സ്യവിപണിയുടെ സാധ്യതകള്‍?

മല്‍സ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. 80 മുതല്‍ 82 ശതമാനം മലയാളികളും മല്‍സ്യം കഴിക്കുന്നവരാണ്. പ്രതിശീര്‍ഷ മല്‍സ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ ലക്ഷദ്വീപാണ് മുന്നിലെങ്കിലും ആകെ ഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളം തന്നെയാണ് ഒന്നാമത്. ഒരു മലയാളി വര്‍ഷം ശരാശരി 24 കിലോ മല്‍സ്യം കഴിക്കുന്നുണ്ടെന്നാണ് കണക്ക്. അതുകൊണ്ട് തന്നെ വളരെയേറെ സാധ്യതകളാണ് വിപണിയില്‍ ഉള്ളത്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഡെയ്‌ലി ഫിഷ് എന്ന ബ്രാന്‍ഡിന് ഞങ്ങള്‍ രൂപം നല്‍കിയത്. ഒരു ഹൗസ്‌ഹോള്‍ഡ് ബ്രാന്‍ഡായാണ് ഞങ്ങള്‍ ഇതിനെ ഡെവലപ്പ് ചെയ്തത്. ബേബി മറൈന്‍ ഗ്രൂപ്പ് ഡെയ്‌ലി ഫിഷ് എന്ന സംരംഭത്തിലേക്ക് എത്തിയതു തന്നെ ഡൊമസ്റ്റിക് റീട്ടെയ്ല്‍ രംഗത്തെ സാധ്യതകള്‍ മനസിലാക്കിക്കൊണ്ടാണ്. കഴിഞ്ഞ 48 വര്‍ഷങ്ങളായി ബേബി മറൈന്‍ ഗ്രൂപ്പ് സമുദ്രോല്‍പ്പന്ന കയറ്റുമതി രംഗത്ത് സജീവമാണ്. എന്തുകൊണ്ട് എക്‌സ്‌പോര്‍ട്ട് ക്വാളിറ്റിയിലുള്ള ഉല്‍പ്പന്നം പ്രാദേശിക വിപണിയില്‍ എത്തിച്ചുകൂട എന്ന ചിന്തയില്‍ നിന്നാണ് ഡെയ്‌ലി ഫിഷിന്റെ തുടക്കം. കൂടുതല്‍ പഠനം നടത്തിയപ്പോള്‍ മലയാളികളുടെ മല്‍സ്യ വിഭവങ്ങളോടുള്ള പ്രിയം ചെറുതല്ലെന്നു മനസിലാക്കാന്‍ കഴിഞ്ഞു. വിറ്റാമിന്‍, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവകൊണ്ടു സമ്പന്നമായ മല്‍സ്യം കടലില്‍നിന്നു പിടിക്കുന്ന അതേ നിലവാരത്തോടെ ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് പ്രധാനം.

കോട്ടയം, കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് ഡെയ്‌ലി ഫിഷിന്റെ സാന്നിധ്യമുള്ളത്. കോള്‍ഡ് ചെയ്ന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നതിനാലാണ് ഇ – കൊമേഴ്‌സ് മോഡല്‍ തെരഞ്ഞെടുക്കാന്‍ കാരണം. ഇ-കൊമേഴ്‌സ് വിപണന രീതിയാകുമ്പോള്‍ ഉപഭോക്താക്കളുടെ മേല്‍ നമുക്ക് ഒരു പരിധി വരെ നിയന്ത്രണം ഉണ്ടാകും. എന്‍ഡ് ടു എന്‍ഡ് കോള്‍ഡ് ചെയ്ന്‍ നിലനിര്‍ത്താന്‍ സാധിക്കും എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം

മല്‍സ്യമാര്‍ക്കറ്റുകളും കച്ചവടക്കാരും ഏറെയുള്ള നാടാണ് കേരളം. നേരിട്ട് വിലപേശി വാങ്ങാനുള്ള സാഹചര്യമുള്ളപ്പോള്‍ ഓണ്‍ലൈനായി പായ്ക്ക് ചെയ്ത മല്‍സ്യത്തിന്റെ സ്വീകാര്യത എങ്ങനെയായിരുന്നു?

ഇക്കാര്യത്തില്‍ അവബോധം ഉണ്ടാക്കിയെടുക്കുക എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു. കേരളത്തില്‍ മല്‍സ്യം കഴിക്കുന്നവര്‍ കൂടുതലാണെങ്കില്‍ പോലും ഫ്രഷ് ഫിഷ് കഴിക്കുന്നവരാണ് ഏറെയും. കടല്‍തീരം ധാരാളമുള്ള സംസ്ഥാനമാണ് കേരളം. നമുക്ക് കിട്ടുന്ന മല്‍സ്യങ്ങളെല്ലാം കേരളത്തില്‍ നിന്നു തന്നെയുള്ളതാണെന്ന ധാരണ പൊതുവെയുണ്ട്. എന്നാല്‍ സത്യാവസ്ഥ അതല്ല. മുംബൈ, ഗുജറാത്ത്, മാംഗളൂര്‍, കന്യാകുമാരി, രാമേശ്വരം, നാഗപട്ടണം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നെല്ലാമാണ് പ്രധാനമായും മല്‍സ്യം കേരളത്തിലേക്ക് വരുന്നത്. മലയാളികള്‍ക്ക് മീന്‍ അത്രയും പ്രിയപ്പെട്ടതാണ് എന്നതുതന്നെയാണ് കാരണം. ഇത്രയും ദൂരെ നിന്ന് മല്‍സ്യം കേരളത്തിലേക്ക് എത്തുമ്പോള്‍ അത് എത്രത്തോളം ഫ്രഷ് ആയിരിക്കുമെന്ന ചോദ്യം സ്വാഭാവികമായും ഉയരും. പിടയ്ക്കുന്ന മീനാണ് എങ്കില്‍ വാങ്ങാന്‍ മിക്ക ആളുകളും തയാറാകും. പിടയ്ക്കുന്ന മീന്‍ ചത്തു കഴിഞ്ഞാല്‍ പിന്നെ അതിനെ എങ്ങനെ ഫ്രഷ് ആയി നിലനിര്‍ത്താം എന്നതാണ് ചോദ്യം. അതാണ് ഞങ്ങള്‍ ചെയ്യുന്നതും. ഫ്രോസണ്‍ ഫുഡ് വിപണിയിലെ 48 വര്‍ഷത്തെ അനുഭവ സമ്പത്ത് ഈ ഫ്രഷ്‌നസ് എങ്ങനെ നിലനിര്‍ത്താമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാന്‍ സഹായകമായി. മുന്‍പ് വാങ്ങുന്ന മല്‍സ്യത്തിന്റെ ഗുണമേന്‍മയെ കുറിച്ച് നാം അധികമൊന്നും ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. ആളുകള്‍ ഗുണമേന്‍മയ്ക്ക് പ്രാധാന്യം നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. ഡെയ്‌ലി ഫിഷിന്റെ സ്വീകാര്യത വര്‍ധിക്കാന്‍ ഇതും കാരണമായി. കേരളത്തിലെ ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷി വര്‍ധിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടുതന്നെ ഗുണമേന്‍മ തെല്ലും ചോരാത്ത ബ്രാന്‍ഡഡ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. ഇന്റര്‍നാഷണല്‍ കസ്റ്റമേഴ്‌സിന് ലഭ്യമാക്കുന്ന അതേ നിലവാരത്തില്‍ തന്നെയാണ് കേരളത്തിലും സമുദ്രമല്‍സ്യ വിഭവങ്ങള്‍ ലഭ്യമാക്കുന്നത്.

ഫ്രഷ് പാല്‍ വാങ്ങാനുള്ളപ്പോള്‍ പായ്ക്കറ്റ് പാല്‍ ആരെങ്കിലും വാങ്ങുമോ എന്നു മുമ്പു നാം ചോദിച്ചിരുന്നു. പായ്ക്കറ്റ് വെളിച്ചെണ്ണ വന്നപ്പോഴും സംശയിച്ചു. എന്നാല്‍ പിന്നീട് സ്ഥിതി മാറി. ഇന്ന് പായ്ക്ക് ചെയ്യാത്ത പാല്‍ വാങ്ങാനാണ് ആളുകള്‍ തയാറാകാത്തത്. പുതിയ ഒരു കാറ്റഗറി സൃഷ്ടിക്കുകയാണ് അമൂല്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകള്‍ ചെയ്തത്. ഇവിടെ ഞങ്ങള്‍ സൃഷ്ടിച്ച കാറ്റഗറിയിലേക്ക് കൂടുതല്‍ സ്ഥാപനങ്ങള്‍ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നത്. കൂടുതല്‍ നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ വിപണിയിലെ ആരോഗ്യകരമായ മല്‍സരം സഹായിക്കും
അലക്സ് കെ തോമസ്

മാനേജിംഗ് ഡയറക്റ്റര്‍ & സിഇഒ ബേബി മറൈന്‍ സീഫുഡ് റീട്ടെയ്ല്‍

ഫ്രഷ്‌നസ് ഉറപ്പുവരുത്താന്‍ എന്തൊക്കെ സങ്കേതങ്ങളാണ് ഉപയോഗിക്കുന്നത്?

മല്‍സ്യം ചത്തുകഴിഞ്ഞാല്‍ ഒന്നുകില്‍ വിദഗ്ധമായി അതിനെ പ്രിസര്‍വ് ചെയ്യണം. അല്ലെങ്കില്‍ കൃത്യമായ കോള്‍ഡ് ചെയ്ന്‍ വേണം. കടലില്‍ നിന്നു പിടിക്കുന്ന മല്‍സ്യത്തില്‍ പുറത്തെ താപനിലയില്‍ അതിവേഗം ബാക്ടീരിയകള്‍ പെരുകും. കോള്‍ഡ് ചെയ്ന്‍ നിലനിര്‍ത്തിയില്ലെങ്കില്‍ ഓരോ പതിനഞ്ചു മിനിറ്റിലും അത് ഇരട്ടിയാവും. ബാക്റ്റീരിയ പെരുകുമ്പോള്‍ മല്‍സ്യത്തില്‍ നിന്നും പോഷകഗുണം മുഴുവന്‍ ഇല്ലാതാകും. അടുത്ത ഘട്ടത്തിലാണ് ഇത് അഴുകുന്നത്. മംഗലാപുരത്തു നിന്നും മുംബൈയില്‍ നിന്നുമൊക്കെ കൃത്യമായ കോള്‍ഡ് ചെയ്ന്‍ ഇല്ലാതെ വരുന്ന മല്‍സ്യം ഇവിടെയത്തുമ്പോഴേക്കും പോഷകഗുണം മുഴുവന്‍ നശിച്ച് അഴുകുന്ന അവസ്ഥയിലാകും. ഇവിടെയാണ് ഡെയ്‌ലിഫിഷിന്റെ പ്രസക്തി. കടലില്‍ നിന്ന് പിടിക്കുമ്പോള്‍ മുതല്‍ ഉപഭോക്താക്കളിലെത്തും വരെ ഈ കോള്‍ഡ് ചെയ്ന്‍ ഞങ്ങള്‍ സംരക്ഷിക്കുന്നു. മല്‍സ്യത്തിന്റെ ഉള്ളില്‍ മൈനസ് 18 ഡിഗ്രി ലഭിക്കത്തക്കവിധം ശീതികരിക്കപ്പെടുമ്പോഴാണ് അത് ഗുണമേന്‍മ ചോരാതെ സംരക്ഷിക്കപ്പെടുന്നത്. മൈനസ് 40 ഡിഗ്രിയില്‍ ശീതികരിക്കുമ്പോള്‍ ഉള്ളില്‍ മൈനസ് 18 ഡിഗ്രി ലഭിക്കുന്നു. മൈനസ് 40 ഡിഗ്രിയിലാണ് ഞങ്ങള്‍ ഇതിനെ ശീതീകരിക്കുന്നത്. എല്ലാ ഉപഭോക്താക്കളേയും ഞങ്ങളുടെ അന്തര്‍ദേശീയ ഉപഭോക്താക്കളെ പോലെ തന്നെയാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും നല്ല നിലവാരത്തില്‍ എങ്ങനെ ഉല്‍പ്പന്നം ഇവര്‍ക്ക് കൊടുക്കാം എന്നാണ് ഞങ്ങള്‍ ആലോചിച്ചത്. കയറ്റുമതിക്ക് ഉപയോഗിക്കുന്ന അതേ നിലവാരത്തിലുള്ള ഫ്രീസറുകള്‍, അതേ പരിശോധനാ സംവിധാനങ്ങള്‍, കെമിക്കലുകളോ പ്രിസര്‍വേറ്റീവുകളോ ഉപയോഗിക്കാതെ ഉന്നതനിലവാരത്തിലുള്ള പ്രൊസസിംഗ് എന്നിവയെല്ലാമാണ് ഉപയോഗപ്പെടുത്തുന്നത്. രാമേശ്വരത്തിനടുത്ത് മണ്ഡപം, കോഴിക്കോട്, കൊച്ചി, മംഗലാപുരം എന്നീ നാലിടത്താണ് ഞങ്ങള്‍ക്ക് ഫാക്റ്ററികളുള്ളത്. മല്‍സ്യം ശേഖരിക്കുന്നതു തൊട്ട് ഉല്‍പ്പന്നം ഉപഭോക്താക്കളുടെ കൈയില്‍ എത്തുന്നത് വരെയുള്ള ഓരോ പോയിന്റിലും താപനില നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. താപനില നിലനിര്‍ത്തി ഉല്‍പ്പന്നത്തിന്റെ ഫ്രഷ്‌നസ് ഉറപ്പു വരുത്തുന്നതിന് വളരെ പ്രാധാന്യമാണ് ഞങ്ങള്‍ നല്‍കുന്നത്.

ഇവിടെ നിലവാരവും സാങ്കേതികവിദ്യയും ഉന്നതമാണ്. അതിനനുസരിച്ചാണോ ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത്?

ഉപയോഗിക്കുന്ന എല്ലാ പ്രൊസസിനും സാങ്കേതികവിദ്യക്കും ചാര്‍ജ് ചെയ്തുകൊണ്ട് ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ല. ആളുകള്‍ വാങ്ങാന്‍ തയാറാകില്ല എന്നതുതന്നെ കാരണം. ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് ഏറ്റവും വലിയ ഗുണം ഇവിടെയുള്ള ജനസംഖ്യയാണ്. ഉപഭോക്താക്കളുടെ എണ്ണം കൂടുതലാണെന്നതിനാല്‍ വില കൂട്ടേണ്ട സാഹചര്യം ഇല്ല. കൂടുതല്‍ ആളുകള്‍ വാങ്ങിക്കുമ്പോള്‍ വില കുറഞ്ഞുകൊണ്ടിരിക്കും. വില എപ്പോഴും വിപണിക്ക് അനുയോജ്യമായ തരത്തിലുള്ളതാവണം. അല്ലാതെ ഒരു വലിയ വിലയിട്ടുകൊണ്ട് ആര്‍ക്കും മുന്നോട്ടു പോകാന്‍ സാധിക്കില്ല.

പുതിയ ഒരു കമ്പനിയാണ് ഞങ്ങളുടേത്. പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തോളം മാത്രമേയായിട്ടുള്ളൂ. എന്നിരുന്നാലും വളര്‍ച്ചയില്‍ ഉണ്ടായിട്ടുള്ളത് 230 ശതമാനം വര്‍ധനവാണ്. വളരെ വേഗത്തിലുള്ള വളര്‍ച്ചയ്ക്കാണ് കമ്പനി സാക്ഷ്യം വഹിച്ചത്. മൗത്ത് പബ്ലിസിറ്റിയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി

ഇ-കൊമേഴ്‌സ് മോഡല്‍ വിപണന രീതി തെരഞ്ഞെടുക്കാന്‍ എന്താണ് കാരണം?

കോട്ടയം, കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് ഡെയ്‌ലി ഫിഷിന്റെ സാന്നിധ്യമുള്ളത്. കോള്‍ഡ് ചെയ്ന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നതിനാലാണ് ഇ – കൊമേഴ്‌സ് മോഡല്‍ തെരഞ്ഞെടുക്കാന്‍ കാരണം. കടകളില്‍ വച്ച് കച്ചവടം ചെയ്യാത്ത കാരണവും അതുതന്നെയാണ്. കടകളില്‍ ലഭ്യമാക്കുകയാണെങ്കില്‍ കേരളത്തിലുടനീളം സാന്നിധ്യമറിയിക്കാമായിരുന്നു. കടകളില്‍ നിന്ന് ഉപഭോക്താവ് ഇത് വാങ്ങുന്നതോടെ ഞങ്ങള്‍ക്ക് അവരുടെ മേല്‍ ഒരു നിയന്ത്രണവും ഇല്ലാതാകും. ഉപഭോക്താവ് എവിടെ പോകുന്നോ അവിടെയെല്ലാം ഈ ഉല്‍പ്പന്നവും സഞ്ചരിക്കുന്നു. അതിനനുസരിച്ച് ഉല്‍പ്പന്നത്തിന്റെ താപനിലയില്‍ വ്യതിയാനമുണ്ടാകും. ഒരു ഉല്‍പ്പന്നത്തെ സംബന്ധിച്ചും താപനിലയില്‍ ഉണ്ടാകുന്ന ഈ വ്യതിയാനം നല്ലതല്ല. അതുപോലെ തന്നെ റീ ഫ്രീസ് ചെയ്യുന്നതും നല്ലതല്ല. അങ്ങനെ ചെയ്യുന്നത് ഉല്‍പ്പന്നത്തിന്റെ നിലവാരത്തെ ബാധിക്കും. ഇ-കൊമേഴ്‌സ് വിപണന രീതിയാകുമ്പോള്‍ ഉപഭോക്താക്കളുടെ മേല്‍ നമുക്ക് ഒരു പരിധി വരെ നിയന്ത്രണം ഉണ്ടാകും. എന്‍ഡ് ടു എന്‍ഡ് കോള്‍ഡ് ചെയ്ന്‍ നിലനിര്‍ത്താന്‍ സാധിക്കും എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം. വളരെ പതുക്കെയുള്ള വിപുലീകരണമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫ്രീ ഡെലിവറിയാണ് ഞങ്ങള്‍ നല്‍കുന്നത്. ഓരോ ഉപഭോക്താക്കളെയും മോണിറ്റര്‍ ചെയ്യാന്‍ ഈ രീതി വഴി സാധിക്കും. മാര്‍ക്കറ്റിംഗിനായാലും ഓരോ ഉപഭോക്താക്കളെയും പ്രത്യേകം ടാര്‍ജെറ്റ് ചെയ്യാന്‍ നമുക്ക് ഈ രീതിയിലൂടെ കഴിയും.

വിപണിയിലെ മല്‍സരത്തെകുറിച്ച് ?

മല്‍സ്യ വിപണിയിലുള്ള ആളുകളും ഞങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ഞങ്ങള്‍ ഈ മേഖലയില്‍ പുതിയ ഒരു വിഭാഗം സൃഷ്ടിച്ചു കൊണ്ടുവരികയാണ് ചെയ്തത്. ഫ്രഷ് പാല്‍ വാങ്ങാനുള്ളപ്പോള്‍ പായ്ക്കറ്റ് പാല്‍ ആരെങ്കിലും വാങ്ങുമോ എന്ന് മുമ്പു നാം ചോദിച്ചിരുന്നു. പായ്ക്കറ്റ് വെളിച്ചെണ്ണ വന്നപ്പോഴും സംശയിച്ചു. എന്നാല്‍ പിന്നീട് സ്ഥിതി മാറി. അമൂല്‍ എന്ന ഒരു ബ്രാന്‍ഡ് പായ്ക്ക്ഡ് ആയി നമുക്ക് ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ വിപണി അതിനെ സ്വീകരിച്ചു. ഇന്ന് പായ്ക്ക് ചെയ്യാത്ത പാല്‍ വാങ്ങാനാണ് ആളുകള്‍ തയാറാകാത്തത്. പുതിയ ഒരു കാറ്റഗറി സൃഷ്ടിക്കുകയാണ് അമൂല്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകള്‍ ചെയ്തത്. ഇവിടെ ഞങ്ങള്‍ സൃഷ്ടിച്ച കാറ്റഗറിയിലേക്ക് കൂടുതല്‍ സ്ഥാപനങ്ങള്‍ കടന്നു വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ഞങ്ങളുടേത് പോലുള്ള ഒരു ചെറിയ കമ്പനിക്ക് ഇതിന്റെ മാര്‍ക്കറ്റിംഗ് മൊത്തമായി ഏറ്റെടുക്കാന്‍ സാധിക്കില്ല. കൂടുതല്‍ സ്ഥാപനങ്ങള്‍ മേഖലയിലേക്ക് വന്നാല്‍ മാത്രമേ എന്താണ് ഞങ്ങള്‍ ചെയ്യുന്നത് എന്നതിനേക്കുറിച്ചുള്ള അവബോധം വിപണിയുടെ താഴേ തട്ടിലേക്ക് വരെ എത്തിക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ വിപണിയിലെ ആരോഗ്യകരമായ മല്‍സരം സഹായിക്കും.

സ്ഥാപനത്തിന്റെ വളര്‍ച്ചയും വളര്‍ച്ചാ ലക്ഷ്യങ്ങളും?

പുതിയ ഒരു കമ്പനിയാണ് ഞങ്ങളുടേത്. പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തോളം മാത്രമേയായിട്ടുള്ളൂ. എന്നിരുന്നാലും വളര്‍ച്ചയില്‍ ഉണ്ടായിട്ടുള്ളത് 230 ശതമാനം വര്‍ധനവാണ്. വളരെ വേഗത്തിലുള്ള വളര്‍ച്ചയ്ക്കാണ് കമ്പനി സാക്ഷ്യം വഹിച്ചത്. ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുണ്ട്. മൗത്ത് പബ്ലിസിറ്റിയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. കേരള വിപണിയില്‍ മാത്രമുണ്ടായിരുന്ന സാന്നിധ്യം ഈ സാമ്പത്തിക വര്‍ഷത്തില്‍ ബെംഗളൂരുവിലേക്കും വ്യാപിച്ചു കഴിഞ്ഞു. 2020ഓടെ ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിക്കാനുള്ള തയാറെടുപ്പിലാണ് ഞങ്ങള്‍. കേരളത്തിലെ തന്നെ ചെറു നഗരങ്ങളിലേക്ക് കൂടി വ്യാപിക്കാനും പദ്ധതിയുണ്ട്.

Comments

comments