100 ഇന്ത്യന്‍ കമ്പനികള്‍ നേടിയത് 38.9 ലക്ഷം കോടി രൂപയുടെ സമ്പത്ത്

100 ഇന്ത്യന്‍ കമ്പനികള്‍ നേടിയത് 38.9 ലക്ഷം കോടി രൂപയുടെ സമ്പത്ത്

ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ടിസിഎസ്

മുംബൈ: അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്തെ 100 കമ്പനികള്‍ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മൊത്തം 38.9 ലക്ഷം കോടി രൂപയുടെ സമ്പത്ത് രേഖപ്പെടുത്തിയതായി ബ്രോക്കറേജ് സംരംഭമായ മോടിലാല്‍ ഓസ്വാള്‍. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ ആസ്തി നേടിയത് ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ലിസ്റ്റില്‍ ടിസിഎസ് ഒന്നാമതെത്തുന്നത്.

മോടിലാല്‍ ഓസ്വാളിന്റെ 22ാമത് വാര്‍ഷിക വെല്‍ത്ത് ക്രിയേഷന്‍ പഠന റിപ്പോര്‍ട്ട് പ്രകാരം 2012 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഏകദേശം 2.50 ലക്ഷം കോടി രൂപയുടെ സമ്പത്താണ് ടിസിഎസ് ഉണ്ടാക്കിയത്. 2.31 ലക്ഷം കോടി രൂപയുടെ സമ്പത്ത് ആര്‍ജിച്ച് എച്ച്ഡിഎഫ്‌സി ബാങ്കാണ് രണ്ടാം സ്ഥാനത്തുള്ളത്. അഞ്ച് വര്‍ഷത്തിനിടെ മൊത്തം 1.89 ലക്ഷം കോടി രൂപയുടെ സമ്പാദ്യമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേടിയതെന്നും പഠനത്തില്‍ പറയുന്നു. 1.59 ലക്ഷം കോടി രൂപയുടെ ആസ്തി രേഖപ്പെടുത്തി ഐടിസി നാലാം സ്ഥാനത്തും 1.41 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി മാരുതി സുസുക്കി അഞ്ചാം സ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ 100 കമ്പനികള്‍ ചേര്‍ന്ന് മൊത്തം 38.9 ലക്ഷം കോടി രൂപയുടെ സമ്പാദ്യമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നേടിയിട്ടുള്ളതെന്നും ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നും മോടിലാല്‍ ഓസ്വാള്‍ പറഞ്ഞു. ഇത്തവണയും അജന്ത ഫാര്‍മയുടെ സമ്പാദ്യത്തിലാണ് ഏറ്റവും വേഗത്തിലുള്ള വര്‍ധന നിരീക്ഷിച്ചിട്ടുള്ളത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഈ വിഭാഗത്തില്‍ അജന്ത ഫാര്‍മ മുന്നേറ്റം കുറിക്കുന്നത്.

2.31 ലക്ഷം കോടി രൂപയുടെ സമ്പത്ത് ആര്‍ജിച്ച് എച്ച്ഡിഎഫ്‌സി ബാങ്കാണ് രണ്ടാം സ്ഥാനത്തുള്ളത്. അഞ്ച് വര്‍ഷത്തിനിടെ മൊത്തം 1.89 ലക്ഷം കോടി രൂപയുടെ സമ്പാദ്യമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേടിയതെന്നും പഠനത്തില്‍ പറയുന്നു

2012-2017 കാലയളവില്‍ അജന്ത ഫാര്‍മയുടെ ഓഹരി വില 29 മടങ്ങ് വര്‍ധിച്ചു (96 ശതമാനം സിഎജിആര്‍). എല്ലാ വിപണി സാഹചര്യങ്ങളിലും സമ്പത്ത് വര്‍ധിക്കുമെന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. അതുകൊണ്ട് വിപണി സാഹചര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനേക്കാള്‍ നിക്ഷേപം നടത്തേണ്ടുന്ന ഓഹരികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഉചിതമെന്ന് പഠനം നിരീക്ഷിക്കുന്നു.

മേഖല തിരിച്ചുള്ള കണക്കെടുത്താല്‍ വെല്‍ത്ത് ക്രിയേഷനില്‍ മുന്നില്‍ നില്‍ക്കുന്നത് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ രംഗമാണ്. 9.34 ലക്ഷം കോടി രൂപയാണ് 2012-2017ല്‍ ഈ മേഖലയില്‍ നിന്നുള്ള സമ്പത്ത്.

റീട്ടെയ്ല്‍ ഇന്‍ഡസ്ട്രിയെ പിന്തള്ളിയാണ് ഇത്തവണ ബാങ്കിംഗ് രംഗം മുന്നേറ്റം നടത്തിയത്. 6.9 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് റീട്ടെയ്ല്‍ മേഖല നേടിയത്. അതേസമയം, സമ്പദ്‌വ്യവസ്ഥയിലുണ്ടായ തിരിച്ചടികളുടെ ഫലമായി കമ്പനികളുടെ സമ്പദ്യത്തില്‍ മൊത്തം ആറ് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഖനനം, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, നിര്‍മാണം-റിയല്‍റ്റി തുടങ്ങിയ മേഖലകളില്‍ നിന്നാണ് ഏറ്റവുമധികം ആസ്തി നഷ്ടം ഉണ്ടായത്.

Comments

comments

Categories: Slider, Top Stories