കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ക്ക് ടിഗോര്‍ ഇവി, ഇ-വെരിറ്റോ വഴിയൊരുക്കും

കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ക്ക് ടിഗോര്‍ ഇവി, ഇ-വെരിറ്റോ വഴിയൊരുക്കും

‘2030’ ലക്ഷ്യത്തിലെത്താന്‍ ഇന്ത്യയെ സഹായിക്കും

ന്യൂ ഡെല്‍ഹി : 2030 ഓടെ രാജ്യത്തെ മുഴുവന്‍ ഓട്ടോമൊബീല്‍ വ്യവസായം ഇലക്ട്രിക് ആയി മാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അസംഭവ്യം എന്ന് ചിന്തിച്ചവരാണ് ഏറെപേരും. ഈ മാസം 6 ന് ടാറ്റ ടിഗോര്‍ ഇവി പുറത്തിറക്കിയതോടെ കേന്ദ്ര സര്‍ക്കാറിന്റെ ‘2030’ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഗുജറാത്തിലെ സാനന്ദ് പ്ലാന്റില്‍നിന്നാണ് ആദ്യ ബാച്ച് ടിഗോര്‍ ഇവി (ഇലക്ട്രിക് വെഹിക്കിള്‍) ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയത്. പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡാണ് (ഇഇഎസ്എല്‍) ഇലക്ട്രിക് ടിഗോറിന്റെ ആദ്യ ഉപഭോക്താക്കള്‍.

വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വേണ്ടി പതിനായിരം ഇലക്ട്രിക് കാറുകളാണ് ഇഇഎസ്എല്‍ സംഭരിക്കുന്നത്. ആകെ ഓര്‍ഡര്‍ ചെയ്യുന്നതിന്റെ 30 ശതമാനം കാറുകള്‍ മഹീന്ദ്രയില്‍നിന്ന് വാങ്ങും. വെരിറ്റോ സെഡാന്റെ ഇലക്ട്രിക് വേര്‍ഷനാണ് മഹീന്ദ്ര ഇഇഎസ്എല്ലിന് വില്‍ക്കുന്നത്. അതേസമയം വേണ്ടത്ര ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചെങ്കില്‍ മാത്രമേ ജനങ്ങള്‍ക്കിടയില്‍ ഇലക്ട്രിക് വാഹനങ്ങളോടുള്ള താല്‍പ്പര്യം വര്‍ദ്ധിക്കൂ.

ടാറ്റയുടെ ഇലക്ട്രിക് ടിഗോറിനും മഹീന്ദ്ര ഇ-വെരിറ്റോക്കും പിന്നാലെ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും

ഇഇഎസ്എല്‍ വാങ്ങുന്ന ഇലക്ട്രിക് കാറുകള്‍ ഹബ് ആന്‍ഡ് സ്‌പോക് മാതൃകയിലായിരിക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ ഓടിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും ദിവസവും നിശ്ചിത റൂട്ടിലൂടെ ഓടിയാല്‍ മതിയാകും. ഈ റൂട്ടുകളില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് താരതമ്യേന ചെറിയ തുക ചെലവഴിച്ചാല്‍ മതി.

ടിഗോറിലൂടെ ഇലക്ട്രിക് റൂട്ടില്‍ യാത്ര തുടങ്ങിയിട്ടേയുള്ളൂവെന്ന് ടാറ്റ മോട്ടോഴ്‌സ് എംഡി ആന്‍ഡ് സിഇഒ ഗുന്ദര്‍ ബുഷെക് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്കായി കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കും. ഇ-മൊബിലിറ്റിയിലേക്ക് പ്രവേശിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം സഹായിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.

ഇലക്ട്രിക് ടിഗോറിന് പിന്നാലെ ഇലക്ട്രിക് ടിയാഗോ വിപണിയിലെത്തിക്കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ പരിപാടി. രണ്ട് കാറുകളും ഒരേ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. വെരിറ്റോയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കും. ഇ-വെരിറ്റോയുടെ പിറകേ കെയുവി 100 ഇലക്ട്രിക് വരും. ടാറ്റയുടെ ഇലക്ട്രിക് ടിഗോറിനും മഹീന്ദ്ര ഇ-വെരിറ്റോക്കും പിന്നാലെ കൂടുതല്‍ ഇലക്ട്രിക് കാറുകളാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. രണ്ടും ഇന്ത്യന്‍ കമ്പനികള്‍ തന്നെ.

Comments

comments

Categories: Auto