ലണ്ടനില്‍ റോഡ് ഷോകള്‍; ദുബായ് ലക്ഷ്യമിട്ടത് കൂടുതല്‍ നിക്ഷേപം

ലണ്ടനില്‍ റോഡ് ഷോകള്‍; ദുബായ് ലക്ഷ്യമിട്ടത് കൂടുതല്‍ നിക്ഷേപം

യുകെ നിക്ഷേപകരുടെ എണ്ണം വര്‍ധിപ്പിക്കുക ലക്ഷ്യം

ദുബായ്: ലണ്ടനില്‍ റോഡ് ഷോകള്‍ നടത്തി ദുബായ് ലാന്‍ഡ് ഡെവലപ്‌മെന്റ്(ഡിഎല്‍ഡി) വകുപ്പ്. ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ യുകെ നിക്ഷേപകരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഡിഎല്‍ഡി ഇതുവഴി ലക്ഷ്യമിടുന്നത്. ലോകത്തിനു മുന്നില്‍ പ്രിയപ്പെട്ട റിയല്‍ എസ്റ്റേറ്റ് നിക്ഷേപകേന്ദ്രമായി ദുബായ് നഗരത്തെ അവതരിപ്പിക്കുക എന്ന ഉദ്യേശത്തോടെ ഡിസംബര്‍ മൂന്ന് നാല് തീയതികളിലായാണ് ലണ്ടനില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.

2016 ജനുവരി മുതല്‍ 2017 ജൂലൈ വരെയുള്ള കാലയളവില്‍ ഒന്‍പത് ബില്യണ്‍ എഇഡി മൂല്യമുള്ള 4188 ഇടപാടുകളാണ് യുകെ പൗരന്‍മാര്‍ ദുബായുടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ നടത്തിയത് എന്നത് ഇവന്റിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ മാസം മോസ്‌കോയിലും സമാനമായ റോഡ് ഷോകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.

ദുബായ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനെയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരെയും റഷ്യന്‍, യുകെ നിവാസികള്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഡിഎല്‍ഡി വ്യക്തമാക്കുന്നു.

ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട റിയല്‍ എസ്റ്റേറ്റ് നിക്ഷേപകേന്ദ്രമായി ദുബായ് നഗരത്തെ അവതരിപ്പിക്കുക എന്ന ഉദ്യേശത്തോടെ ഡിസംബര്‍ മൂന്ന്, നാല് തീയതികളിലായാണ് ലണ്ടനില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്

ന്യൂയോര്‍ക്ക്, ഹോങ്കോംഗ്, സിംഗപ്പൂര്‍ പോലെയുള്ള വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ വില ആകര്‍ഷകമായുള്ള ദുബായുടെ പ്രീമിയം റിയല്‍ എസ്റ്റേറ്റ് ഉദ്യമങ്ങളില്‍ റഷ്യന്‍ പൗരന്‍മാര്‍ പരമ്പരാഗതമായി തന്നെ ആകര്‍ഷിക്കപ്പെടാറുണ്ടെന്ന് ഡിഎല്‍ഡി അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു. രാജ്യത്തെ മികച്ച കാലാവസ്ഥ, വന്‍ റഷ്യന്‍ നഗരങ്ങളുമായുള്ള മികച്ച വിമാന യാത്രാ സൗകര്യങ്ങള്‍, ശക്തമായ ആരോഗ്യ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍, സമൃദ്ധമായ വിനോദ സൗകര്യങ്ങള്‍ എന്നിവ റഷ്യന്‍ നിക്ഷേപകരെയും ബയര്‍മാരെയും ആകര്‍ഷിക്കുന്നതായി ഡിഎല്‍ഡി പ്രസ്താവനയില്‍ വ്യക്തമാക്കി.

ദുബായ് റിയല്‍ എസ്റ്റേറ്റ് രംഗം റഷ്യന്‍, യുകെ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതാണെന്നും ഈ എക്‌സ്‌ക്ലൂസീവ് റോഡ്‌ഷോകളിലൂടെ ടാര്‍ഗെറ്റ് ചെയ്യുന്ന പ്രധാന നിക്ഷേപകരിലേക്ക് എത്തിച്ചേരാനാണ് ആഗ്രഹിക്കുന്നതെന്നും റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ആന്‍ഡ് പ്രൊമോഷന്‍ സെന്റര്‍ അസിസ്റ്റന്റ് ഡയറക്റ്റര്‍ ജനറല്‍ മാജിദ അലി റാഷിദ് പറഞ്ഞു.

ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണി അഭിവൃദ്ധിപ്പെടുകയാണെന്നും നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും അവര്‍ വ്യക്തമാക്കി. ദുബായിലേക്ക് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നതു യുകെയില്‍ നിന്നാണെന്നും ഓരോ വര്‍ഷവും യുകെയില്‍ നിന്നുള്ള നിക്ഷേപകര്‍ ദുബായ് സന്ദര്‍ശിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പ്രതിവര്‍ഷം 10 ശതമാനം വര്‍ധനയാണ് ഇതില്‍ ഉണ്ടാവുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia