രാഹുല്‍, പ്രശ്‌നമോ പരിഹാരമോ?

രാഹുല്‍, പ്രശ്‌നമോ പരിഹാരമോ?

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധി കടന്നുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഭരണവും ഓരോ സംസ്ഥാനങ്ങളുടെയും സാരഥ്യവും നേടിയെടുത്ത് അശ്വമേധം നടത്തുന്ന ബിജെപിക്ക് വെല്ലുവിളിയാകാന്‍ രാഹുലിന് സാധിക്കുമെന്ന ആത്മവിശ്വാസം കടുത്ത കോണ്‍ഗ്രസ് അനുഭാവികള്‍ പോലും പ്രകടിപ്പിക്കാത്ത സമയമാണിത്. നെഹ്‌റു-ഗാന്ധി പേരുകളില്‍ ആവേശം കൊള്ളുന്ന തലമുറ കടന്നുപോകുന്നത് കുടുംബരാഷ്ട്രീയത്തിന്റെയും അടിത്തറയിളക്കിയിരിക്കുന്നു

ഡെല്‍ഹിയിലെ അക്ബര്‍ റോഡിലുള്ള ഇരുപത്തിനാലാം നമ്പര്‍ കെട്ടിടത്തില്‍ 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അധികാര കൈമാറ്റത്തിനെ അന്തപുരവിപ്ലവമെന്നാണ് ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അധികാരമൊഴിയാന്‍ വിസമ്മതിച്ച സീതാറാം കേസരിയെ പാര്‍ട്ടി ഭരണഘടനയുടെ ചില ചട്ടങ്ങള്‍ പ്രയോഗിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ബലമായി പുറത്താക്കിയത്. സോണിയയെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ… മുദ്രാവാക്യങ്ങള്‍ അന്ന് അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്തിലും ഒരു മതിലിനപ്പുറത്തുള്ള സോണിയ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിനും മുന്നിലും അന്ന് ശക്തമായി മുഴങ്ങുന്നുണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരസിംഹ റാവുവിനും പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുത്ത മുതിര്‍ന്ന നേതാവ് സീതാറാം കേസരിക്കും എതിരെ കോണ്‍ഗ്രസിനകത്ത് മുറുമുറുപ്പുകള്‍ ശക്തമാകാനാരംഭിച്ചിരുന്നു അക്കാലത്ത്. 1996ലെയും 1998ലെയും തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ വിമത പ്രവര്‍ത്തനം ശക്തമാക്കി. പ്രണബ് മുഖര്‍ജിയും എ കെ ആന്റണിയും ശരദ് പവാറും ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും അടക്കമുള്ളവര്‍ ചേര്‍ന്ന നേതൃനിര, പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം കേസരിയാണെന്ന് വിധിയെഴുതി. പരിഹാരമാര്‍ഗം സോണിയ ഗാന്ധിയുടെ നേതൃത്വം മാത്രമാണെന്നും കണ്ടെത്തപ്പെട്ടു. അങ്ങനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിനെ 1998 മാര്‍ച്ച് 5ന് ചേര്‍ന്ന പ്രത്യേക പ്രവര്‍ത്തക സമിതി യോഗത്തില്‍ അംഗങ്ങള്‍ ചേര്‍ന്ന് പുറത്താക്കി. പില്‍ക്കാലത്ത് രാഷ്ട്രപതിയായ പ്രണബ് മുഖര്‍ജിയാണ് കേസരി ഒഴിയണമെന്നും സോണിയ ഗാന്ധി അധ്യക്ഷയാവണമെന്നുമുള്ള പ്രമേയം എഴുതി വായിച്ചത്. പ്രമേയം പാസാക്കുമ്പോഴും പിന്നാലെ സോണിയ എത്തി പ്രസിഡന്റ് പദവി ഏറ്റെടുക്കുമ്പോഴും സീതാറാം കേസരിയെ തൊട്ടപ്പുറത്തുള്ള മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നെന്ന കഥയും പിന്നീട് പ്രചരിച്ചിരുന്നു.

പാര്‍ട്ടിയുടെ തലപ്പത്തേക്കുള്ള കടന്നുവരവ് സോണിയ ഗാന്ധി ആഘോഷമാക്കിയ വര്‍ഷങ്ങളാണ് പിന്നീട് കടന്നുപോയത്. കേസരിയെ പുറത്താക്കാന്‍ ഉത്സാഹിച്ച മഹാരാഷ്ട്രയില്‍ നിന്നുള്ള അതികായനായ ശരദ് പവാറിനെ തന്നെ ആദ്യം ഒതുക്കി. പ്രധാനമന്ത്രി സ്ഥാനം മോഹിച്ചുനിന്ന പവാര്‍ വൈകാതെ സോണിയ ഗാന്ധിയുടെ ഇറ്റലി പൗരത്വം പ്രശ്‌നമാക്കി ഉയര്‍ത്തിക്കാട്ടി എന്‍സിപി രൂപീകരിച്ച് മാറി. കേസരിയെ വളച്ചൊടിച്ചു വരുതിക്ക് കൊണ്ടുവന്ന തന്ത്രജ്ഞനായ പ്രണബ് മുഖര്‍ജിയും അപകടമാണെന്ന് മനസിലാക്കി അദ്ദേഹത്തെയും കൗശലപൂര്‍വം അരികിലേക്ക് മാറ്റി. 2004ല്‍ കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷം ലഭിച്ചപ്പോള്‍, പ്രണബിനെ തഴഞ്ഞ് ചൊല്‍പ്പടിയില്‍ നില്‍ക്കുമെന്ന് ഉറപ്പുള്ള ഡോ. മന്‍മോഹന്‍ സിംഗിനെയാണ് സോണിയ തെരഞ്ഞെടുത്തത്. ഇങ്ങനെ ഒതുക്കേണ്ടവരെ ഒതുക്കിയും സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടും സോണിയ വാണ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലേക്കെത്തുന്നത്. എന്നാല്‍ കേസരിയെ പുറത്താക്കി സോണിയ അധികാരമേറ്റെടുത്ത കാലത്തെ ആവേശമോ രാഷ്ട്രീയ കൗതുകമോ എഐസിസി ആസ്ഥാനത്ത് ഇന്നില്ല. തെരഞ്ഞെടുപ്പ് വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്നിലെത്തിയ 89 പത്രികകളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിന്റെ പേര് മാത്രം.

അഹമ്മദ് പട്ടേലടക്കം രാഷ്ട്രീയ ഉപദേശകരുടെ വാക്കു കേട്ടാണ് തീരുമാനങ്ങളെടുത്തിരുന്നതെങ്കിലും സോണിയയുടെ കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അധികാരത്തിന് വേണ്ടി കഷ്ടപ്പെടേണ്ടിവന്നിട്ടില്ല. വിദേശിയെന്ന ഇമേജ് പലഘട്ടങ്ങളിലും അവര്‍ക്ക് അനുഗ്രഹമാകുന്നതാണ് കണ്ടത്. യുപിഎ ഒന്നാം സര്‍ക്കാരിന് അധികാരത്തുടര്‍ച്ചയുണ്ടായപ്പോള്‍ അത് സോണിയയുടെ നേതൃപാടവമായി വിലയിരുത്തപ്പെട്ടു. മന്‍മോഹന്‍ സിംഗിന് മേല്‍ ഉയര്‍ന്നു നില്‍ക്കുന്ന സൂപ്പര്‍ പ്രധാനമന്ത്രിയുടെ പരിവേഷമാണ് യുപിഎ ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്ന സോണിയക്ക് ലഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയപ്പോള്‍ തന്നെ ഭാവികാര്യങ്ങളും സോണിയ തീരുമാനിച്ചുറപ്പിച്ചിരുന്നു. രാഷ്ട്രീയ അനന്തരാവകാശിയായി രാഹുല്‍ ഗാന്ധിയെ കൊണ്ടുവരാനുള്ള പദ്ധതി ഏറെ നേരത്തെ തന്നെ അണിയറയില്‍ തയാറായിരുന്നു. രാഷ്ട്രീയത്തില്‍ ഒട്ടും താല്‍പര്യമില്ലാതിരുന്ന രാഹുല്‍ ഗാന്ധി 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുടുംബമണ്ഡലമായ അമേഠിയില്‍ സ്ഥാനാര്‍ഥിയാകുന്നത് സോണിയയുടെ ഉറച്ച തീരുമാന പ്രകാരമാണ്. പടിപടിയായി രാഹുലിനെ ഉയര്‍ത്തിക്കൊണ്ടുവന്ന് പാര്‍ട്ടിയുടെ മുഖമാക്കാനും ഒപ്പം പതിയെ സ്വയം പിന്‍വാങ്ങാനുമുള്ള പദ്ധതിക്ക്് വേഗം വെച്ചത് 2011ഓടു കൂടിയാണെന്ന് മാത്രം. ആരോഗ്യനില വഷളായതു മൂലമാണ് പിന്മാറ്റമെന്ന്് പാര്‍ട്ടി വൃത്തങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും യഥാര്‍ഥ കാരണം അതല്ലെന്ന് കോണ്‍ഗ്രസിന്റെ വംശപാരമ്പര്യ രാഷ്ട്രീയം വീക്ഷിക്കുന്ന ആര്‍ക്കും മനസിലാകും.

പേരിനൊപ്പമുള്ള ‘ഗാന്ധി’ എന്നും രാഷ്ട്രീയ ആയുധമാക്കി വിജയം കണ്ടവരാണ് ഇന്ദിര മുതല്‍ സോണിയ വരെയുള്ള നേതാക്കള്‍. രാഹുലിന് എന്നാല്‍ ഈ രണ്ടാംപേര് ബാധ്യതയാണെന്ന് ഇതിനകം വ്യക്തമായിരിക്കുന്നു. ലോകത്തെ വംശാധിപത്യത്തിന്റെ ആകെ ചരിത്രം പരിശോധിച്ചാല്‍ വംശസ്ഥാപകര്‍ ഏറെ ഗുണഗണങ്ങളുള്ളവരാണെന്ന് മനസിലാകും. നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവെന്ന അതികായനും പിന്നാലെ എത്തിയ ഇന്ദിര ഗാന്ധിയും ആ മാനകങ്ങളനുസരിച്ച് അദ്വിതീയര്‍ തന്നെയായിരുന്നു. സമര്‍ഥമായി തന്റെ ഗാന്ധി പേര് മാര്‍ക്കറ്റ് ചെയ്യാന്‍ രാജീവ് ഗാന്ധിയെ തുണച്ചതും സോണിയയെ രംഗത്തെത്തിച്ചതും അനന്തര തലമുറയെക്കുറിച്ച് കരുതലോടെ ചിന്തിച്ച ഇന്ദിര ഗാന്ധിയുടെ ദീര്‍ഘവീക്ഷണത്തിന്റെ മാതൃകയാണ്. അതേസമയം, ഇന്ദിരയുടെ പൗത്രനിലേക്ക് ഗാന്ധി നാമം എത്തുമ്പോള്‍ അതിന്റെ സാംഗത്യം തന്നെ ചോദ്യം ചെയ്യുന്ന പുതിയ തലമുറയാണ് ചുറ്റുമുള്ളത്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മ ഗാന്ധിയുടെ വിഖ്യാതമായ രണ്ടാംപേര് രക്തബന്ധമോ വിവാഹബന്ധമോ ഇല്ലാതെ എങ്ങനെ നെഹ്‌റു കുടുംബത്തിലെത്തി എന്ന ചോദ്യമാണ് പുതിയ തലമുറ ഉറക്കെ ഉന്നയിക്കുന്നത്. വംശപാരമ്പര്യത്തിന്റെ വികാരമുയര്‍ത്തി രാഷ്ട്രീയത്തെ സ്വാധീനിക്കാമായിരുന്ന കാലം കടന്നുപോയിരിക്കുന്നു എന്ന് സാരം. ലോകത്തെ ഏത് അധികാരവംശവും പില്‍ക്കാലത്ത് നേരിട്ട സ്വാഭാവിക പരിണാമം തന്നെയാണിത്.

മണിപ്പൂരിലും ഗോവയിലും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും അധികാരം പിടിക്കാന്‍ സാധിക്കാഞ്ഞത് രാഹുലിന്റെ അനങ്ങാപ്പാറ നയം മൂലമാണെന്ന് പിന്നീട് വ്യക്തമായി. രണ്ടിടങ്ങളിലും ചെറുകക്ഷികളെ കൂട്ടുപിടിച്ച് ബിജെപി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ കുതിരക്കച്ചവടം ആരോപിച്ച് രംഗത്തെത്തിയ രാഹുല്‍ രാജ്യമെങ്ങും കോണ്‍ഗ്രസ് അണികളുടെ ആത്മവിശ്വാസം തകര്‍ത്തു

അധികാരം കുടുംബരാഷ്ട്രീയത്തിന്റെ പിന്തുടര്‍ച്ചയായി ലഭിച്ചതല്ലെന്നും രാജ്യത്തെ യുവാക്കളുടെ നായകനാവാന്‍ തനിക്ക് സാധിക്കുമെന്നും രാഹുല്‍ ഗാന്ധി തെളിയിക്കാത്തിടത്തോളം അദ്ദേഹത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യാതൊരു പ്രസക്തിയുമില്ല. അവസരങ്ങള്‍ ഏറെ ലഭിച്ചിട്ടും അതെല്ലാം തട്ടിത്തെറിപ്പിക്കാന്‍ മിടുക്കനാണെന്ന് അദ്ദേഹം ഇതിനകം പേരെടുത്തിട്ടുമുണ്ട്. യുപിഎ സര്‍ക്കാരിന്റെ കീഴിലെ സഹസ്രകോടികളുടെ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തു വന്നപ്പൊഴെല്ലാം കോണ്‍ഗ്രസിന്റെ യുവരാജാവ് മൗനത്തിന്റെ വാത്മീകത്തിലേക്ക് ഒളിക്കുകയാണ് ചെയ്തത്. സര്‍ക്കാരിന്റെ അന്തിമനാളുകളിലൊന്നില്‍ ഡെല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ സ്വന്തം മാതാവിന്റെ നിര്‍ദേശപ്രകാരം തയാറാക്കിയ അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ് ചവറ്റുകൊട്ടയിലിട്ട് ക്ഷുഭിതയൗവനം ചമയാനുള്ള തന്ത്രം ദയനീയമായി പരാജയപ്പെട്ടു. ഏറെത്താമസിയാതെ അദ്ദേഹവും മാതാവും മോത്തിലാല്‍ വോറയും ഓസ്‌കാര്‍ ഫെര്‍ണാണ്ടസുമടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടായിരം കോടി രൂപയുടെ നാഷണല്‍ ഹെറാള്‍ഡ് അഴിമതിയിലും പെട്ടു. വിശ്വാസ്യത കൂടുതല്‍ തകര്‍ക്കാനാണ് ഇത്് വഴിവെച്ചത്. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മഹാരാഷ്ട്രയിലെ കുഗ്രാമത്തിലെത്തി കര്‍ഷകയായ കലാവതിയുടെ കുടുംബത്തില്‍ അന്തിയുറങ്ങിയതടക്കമുള്ള പരിപാടികള്‍ വാസ്തവത്തില്‍ കോണ്‍ഗ്രസിന്റെ ഭാവി നേതാവിന് കോമാളി പരിവേഷം ചാര്‍ത്തി നല്‍കാന്‍ പ്രതിപക്ഷത്തിനെ സഹായിച്ചു. ഇക്കാര്യങ്ങളൊന്നും അദ്ദേഹത്തെ ഉപദേശിക്കുന്നവര്‍ക്ക് ഒട്ടും മനസിലാക്കാനായില്ലെന്നതാണ് ദുരന്തം. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ തന്റെ കുപ്പായത്തിന്റെ കീശ കീറിയതാണെന്ന പ്രഖ്യാപനം നടത്തിയാണ് അദ്ദേഹം അബദ്ധത്തില്‍ ചാടിയത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ എടിഎമ്മില്‍ നിന്ന് രണ്ടായിരം രൂപ പിന്‍വലിക്കാന്‍ പത്തോളം വാഹനങ്ങളുടെയും എസ്പിജി സുരക്ഷയുടെയും അകമ്പടിയോടെ അദ്ദേഹം നടത്തിയ യാത്ര ജനങ്ങളെ ചിരിപ്പിക്കാനേ ഉപകരിച്ചുള്ളൂ.

ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് നിലകൊണ്ടപ്പോഴൊക്കെ നേട്ടമുണ്ടായിട്ടുണ്ടെന്ന വസ്തുത മനസിലാക്കാന്‍ രാഹുലിനോ ഉപദേശകര്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് പാര്‍ട്ടി നേരിടുന്ന മറ്റൊരു വിഷമവൃത്തം. ഉപദേശം നല്‍കുന്നത് ആരൊക്കെയെന്നാണ് ഇപ്പോഴും വ്യക്തമാകാത്തത്. പാര്‍ലമെന്റിനു നേര്‍ക്ക് ഭീകരാക്രമണം നടത്തിയ കേസില്‍ തെളിവുകളും നിയമവും ഇഴകീറി പരിശോധിച്ച് സുപ്രീംകോടതി വധശിക്ഷക്ക് വിധിച്ച അഫ്‌സല്‍ ഗുരുവിന് ഐക്യദാര്‍ഢ്യം നേര്‍ന്ന് ആസാദി മുദ്രാവാക്യം ഉയര്‍ന്ന ജെഎന്‍യു ക്യാംപസിലേക്ക് ഓടിയെത്തി ഇരിപ്പുറപ്പിച്ച രാഹുലിന്റെ നടപടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഉപദേശ പ്രകാരമാണെന്നാണ് ല്യൂട്ടണ്‍സ് ഡെല്‍ഹിയില്‍ പറഞ്ഞുകേള്‍ക്കുന്ന കഥകളിലൊന്ന്. ദേശീയതയെ മാനിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടെയിടയിലേക്ക് ഈ നടപടി കൈമാറിയ സന്ദേശമെന്തായിരിക്കാം? ഏറ്റവുമൊടുവില്‍ ഗുജറാത്തില്‍ പ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ ആയുധം പിതൃമാതാവടക്കം ഉപയോഗിച്ചു തേഞ്ഞ മൃദുഹിന്ദുത്വമാണ്. ഗുജറാത്തിലെ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ ദര്‍ശനം നടത്തി ഭക്തിയുടെ തെളിവ് നിരത്തുന്ന രാഹുല്‍ പക്ഷേ സന്ദര്‍ശക ഡയറിയില്‍ ഒപ്പുവെക്കുമ്പോള്‍ അഹിന്ദു കോളത്തിലായിപ്പോകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടിക്കാന്‍ വടി തേടി പോകേണ്ട അവസരം അടുത്തിടെയൊന്നുമുണ്ടായിട്ടില്ല.

സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കുന്നതിന് രാഹുല്‍ മതിയായ പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്നത് ഗൗരവമുള്ള ചോദ്യമാണ്. ഏറ്റവുമൊടുവില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍, ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വമ്പന്‍ തോല്‍വിയാണ് രാഹുലിനെ കാത്തിരുന്നത്. ഉത്തര്‍പ്രദേശില്‍ നേരിയ പിഴവ് സംഭവിച്ചെന്ന രാഹുലിന്റെ പരാമര്‍ശം രാഷ്ട്രീയ വൃത്തങ്ങളിലെ തമാശയായിരുന്നു. മണിപ്പൂരിലും ഗോവയിലും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും അധികാരം പിടിക്കാന്‍ സാധിക്കാഞ്ഞത് രാഹുലിന്റെ അനങ്ങാപ്പാറ നയം മൂലമാണെന്ന് പിന്നീട് വ്യക്തമായി. രണ്ടിടങ്ങളിലും ചെറുകക്ഷികളെ കൂട്ടുപിടിച്ച് ബിജെപി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ കുതിരക്കച്ചവടം ആരോപിച്ച് രംഗത്തെത്തിയ രാഹുല്‍ രാജ്യമെങ്ങും കോണ്‍ഗ്രസ് അണികളുടെ ആത്മവിശ്വാസം തകര്‍ത്തു. പഞ്ചാബില്‍ രാഹുല്‍ ഗാന്ധി തഴയാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത് കോണ്‍ഗ്രസിന്റെ യുവരാജാവിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. അസമില്‍ സംഘടനയെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കായി വിമത നേതാവ് ഹിമന്ദ ബിശ്വ ശര്‍മ കാത്തിരുന്നപ്പോള്‍ വീട്ടുവളപ്പിലെ പുല്‍ത്തകിടിയില്‍ വളര്‍ത്തുനായയായ പിഡിയെ കളിപ്പിക്കുകയായിരുന്നു രാഹുല്‍. നേരെ അമിത് ഷായെ ചെന്നുകണ്ട് ബിജെപിയിലെത്തിയ ഹിമന്ദ ബിശ്വ ശര്‍മ ഇന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് മുക്തമാക്കാന്‍ പ്രവര്‍ത്തിക്കുന്നു.

രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിളിച്ച് ബിജെപി രാഷ്ട്രീയമായി അപമാനിക്കുന്നെന്നും ഇത് വിലക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ അനുകൂല പ്രതികരണമാണ് ഉണ്ടായത്. ‘പപ്പു’ വിളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്തില്‍ നിരോധിച്ചു. എന്നാല്‍ എതിരാളികള്‍ കല്‍പ്പിച്ചു നല്‍കിയ ‘പപ്പുമോന്‍’ ഇമേജില്‍ നിന്ന് പുറത്തുകടക്കാനും കുടുംബ പാരമ്പര്യത്തിന്റെ ഭാഗമായി ലഭിച്ച യുവരാജാവ് മനോഭാവം മാറ്റിവെക്കാനും രാഹുല്‍ തയാറായാലേ കോണ്‍ഗ്രസിന് ഈ അധികാര കൈമാറ്റം കൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കൂ. ശക്തമായ ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഒഴിവ് ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ട്. ഗിമ്മിക്കുകളും പഴയകാല നമ്പറുകളും പ്രയോഗിക്കുന്നത് അവസാനിപ്പിച്ച്, അവസരങ്ങള്‍ തേടുന്ന യുവാക്കളെ ഒപ്പം കൂട്ടി ക്രിയാത്മക രാഷ്ട്രീയം പയറ്റിയാലേ രാഹുലിന് ഈ ഒഴിവിലേക്ക് കടന്നുവരാനാകൂ. അല്ലാത്തപക്ഷം ഗാന്ധിയെന്ന വാല് രാഹുലിനും അദ്ദേഹം കോണ്‍ഗ്രസിനും ബാധ്യതയാകും.

Comments

comments

Categories: FK Special, Slider