എന്‍ട്രി-ലെവല്‍ 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറഞ്ഞേക്കും

എന്‍ട്രി-ലെവല്‍ 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറഞ്ഞേക്കും

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഗോ പ്ലാറ്റ്‌ഫോമിനെ സ്വീകരിക്കാനൊരുങ്ങി മൊബീല്‍ നിര്‍മാതാക്കള്‍

ന്യൂഡെല്‍ഹി: എന്‍ട്രി-ലെവല്‍ 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ ഏകദേശ വില 3000 രൂപയില്‍ നിന്ന് 2500 രൂപ വരെ കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. തദ്ദേശീയ മൊബില്‍ നിര്‍മാണ കമ്പനികളടക്കമുള്ളവ ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഗോ പ്ലാറ്റ്‌ഫോം അധിഷ്ഠിതമായ സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്നത് പരിഗണിച്ച് വരികയാണ്. ഇത് ഉപയോക്താക്കള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍. 5000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വിഭാഗത്തിലാണ് വിലക്കുറവ് പ്രകടമാകുക.
മൈക്രോമാക്‌സ്, ലാവ, കാര്‍ബണ്‍, ഇന്റക്‌സ് തുടങ്ങിയ തദ്ദേശീയ മൊബീല്‍ നിര്‍മാണ കമ്പനികള്‍ പുതിയ സംവിധാനം സ്വീകരിക്കുന്നതിനായി ഗൂഗിളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. 512 എംബിയ്ക്കും 1 ജിബിയ്ക്കുമിടയില്‍ മെമ്മറിയുള്ള ഫോണുകള്‍ക്കായാണ് ആന്‍ഡ്രോയ്ഡ് ഗോ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നത്.

‘ ആന്‍ഡ്രോയ്ഡ് ഗോ വരുന്നതോടെ നിലവില്‍ 3000-3500 രൂപ വിലയുള്ള ഫോണുകള്‍ അതിലും കുറഞ്ഞ നിരക്കില്‍ ലഭിക്കും. ഇത് കൂടുതല്‍ മികച്ച ഉപഭോക്തൃ അനുഭവം സൃഷ്ടിക്കും’, കാര്‍ബണ്‍ മൊബില്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഷഷിന്‍ ദേവ്‌സറെ പറഞ്ഞു. ആന്‍്‌ഡ്രോയ്ഡ് ഗോ ഡിവൈസുകള്‍ ജനുവരി മുതല്‍ ലഭ്യമാക്കാനാണ് ലാവ പദ്ധതിയിടുന്നത്. ഡിവൈസ് സമാനമാണെങ്കില്‍ പോലും ഉപഭോക്തൃ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ആന്‍ഡ്രോയ്ഡ് ഗോ വ്യത്യസ്തമായിരിക്കുമെന്നാണ് ലാവയുടെ പ്രൊഡക്റ്റ് മേധാവിയായ ഗൗരവ് നിഗം പറയുന്നത്.

തങ്ങളുടെ ഭാരത് സീരിസ് ഫോണുകളുടെ ഭാഗമായി ജനുവരി അവസാനത്തോടെ ആന്‍്‌ഡ്രോയ്ഡ് ഗോയില്‍ പ്രവര്‍ത്തിക്കാനാണ് മൈക്രോമാക്‌സിന്റെ പദ്ധതി. കാര്‍ബണാകട്ടെ 2018ലെ രണ്ടാം പാദം മുതലാണ് ഇത്തരം ഫോണുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുക. ഇവയെല്ലാം തന്നെ 3500 രൂപയ്ക്കും 2500 രൂപയ്ക്കും ഇടയിലുള്ള ഫോണുകളായിരിക്കുമെന്ന് കമ്പനി എക്‌സിക്യൂട്ടിവുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളേയും ഗൂഗിളിനേയും സംബന്ധിച്ച് 5,000 രൂപയില്‍ താഴെയുള്ള സെഗ്മെന്റ് വളരെ നിര്‍ണായകമാണ്. 2017ല്‍ ഇന്ത്യയില്‍ 135 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് വിറ്റഴിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വിഭാഗമായിരിക്കും ഇതിന്റെ 14 ശതമാനവും സംഭാവന ചെയ്യുകയെന്നാണ് കൗണ്ടര്‍പോയ്ന്റ് ടെക്‌നോളജി മാര്‍ക്കറ്റ് റിസര്‍ച്ച് വ്യക്തമാക്കുന്നത്.

1700 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്നതിന് കാര്‍ബണ്‍ മൊബില്‍സ്, സെല്‍കോണ്‍, ഇന്റക്‌സ് എന്നിവരുമായി ഭാരതി എയര്‍ടെല്‍ പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്. സമാന വാഗ്ദാനം നടപ്പിലാക്കാന്‍ മൈക്രോമാക്‌സ്, ഇന്റക്‌സ് എന്നിവയുമായി വോഡഫോണ്‍ ഇന്ത്യയും സഹകരിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് ഗോ വഴി ഫോണിലൂടെയുള്ള ഇന്റര്‍നെറ്റ് ബ്രൗസിംഗ് നടത്തുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഗൂഗിളിന് സാധിക്കും. നിലവില്‍ 330 മില്യണ്‍ ആളുകളാണ് ഫോണ്‍ വഴി ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്നത്.

Comments

comments

Categories: Tech