ഇന്‍ഷുറന്‍സ് വിപണിയിലെ ലീഡര്‍

ഇന്‍ഷുറന്‍സ് വിപണിയിലെ ലീഡര്‍

കേരളത്തിലെ ഇന്‍ഷുറന്‍സ് വിപണിയില്‍ മുന്‍നിരയിലാണ് എസ്ബിഐ ലൈഫിന്റെ സ്ഥാനം. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തില്‍ വളരെ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന കമ്പനി എന്ന നിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് രണ്ടു വട്ടം ആലോചിക്കാതെ ആശ്രയിക്കാവുന്ന സ്ഥാപനമാണിതെന്ന് എസ്ബിഐ ലൈഫ് കേരള റീജണല്‍ ഡയറക്റ്റര്‍ ജി സുഭാഷ് ബാബു ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

കേരളത്തിലെ ഇന്‍ഷുറന്‍സ് മേഖലയുടെ ചാലകശക്തികളില്‍ ഒന്നാണ് എസ്ബിഐ ലൈഫ് ഇന്ന്. 2001ല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ എസ്ബിഐയുടെ തണലില്‍ ഒതുങ്ങി നിന്ന എസ്ബിഐ ലൈഫ് ഇന്ന് സ്വന്തമായ അസ്തിത്വവും പ്രവര്‍ത്തന ശൃംഖലയുമുള്ള ഒരു വന്‍ ശക്തിയാണ്. കേരളത്തിലെ ഇന്‍ഷുറന്‍സ് മാര്‍ക്കറ്റില്‍ എല്‍ഐസി കഴിഞ്ഞാല്‍ എസ്ബിഐ ലൈഫാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. വളര്‍ച്ചാ നിരക്കില്‍ എസ്ബിഐ ലൈഫ് നടത്തുന്ന മുന്നേറ്റം അത്ഭുതകരമാണ്. കേരളത്തിലെ സാഹചര്യങ്ങള്‍ക്കിണങ്ങിയ പ്രോഡക്ടുകള്‍ തിരഞ്ഞെടുത്ത് മാര്‍ക്കറ്റ് ചെയ്യാനും റൂട്ട് ലെവലില്‍ കസ്റ്റമറുടെ താല്‍പര്യം തിരിച്ചറിഞ്ഞ് ആവശ്യാധിഷ്ഠിതവും കാര്യക്ഷമവുമായി ഇടപെടാന്‍ കഴിയുന്നുവെന്നതാണ് എസ്ബിഐ ലൈഫിനെ മുന്നിലേക്കെത്തിക്കുന്നത്. എസ്ബിഐ ലൈഫ് പെന്‍ഷന്‍ സ്‌കീം പോലുള്ള പോളിസികള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കുന്നത് കേരളത്തിലാണ്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളിലും എസ്ബിഐ ലൈഫിന്റെ കേരള റീജിയണ്‍ മാതൃക കാട്ടുകയാണ്. കേരളത്തില്‍ എസ്ബിഐ ലൈഫിനെ നയിക്കുന്ന ജി സുഭാഷ് ബാബുവിന്റെ അനുഭവസമ്പത്തും ദീര്‍ഘവീക്ഷണവും സത്യസന്ധതയും കഠിനപ്രയത്‌നവും എസ്ബിഐ ലൈഫിന്റെ കേരളത്തിലെ കുതിപ്പിന് നല്‍കുന്ന കരുത്ത് ചെറുതല്ല. എസ്ബിഐ ലൈഫിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേരള റീജണല്‍ ഡയറക്റ്റര്‍ ജി സുഭാഷ് ബാബു ഫ്യൂച്ചര്‍ കേരളയോട് സംസാരിക്കുന്നു.

എസ്ബിഐ ലൈഫിന്റെ പ്രവര്‍ത്തന രീതി

എസ്ബിഐയുടെ ഘടന തന്നെയാണ് എസ്ബിഐ ലൈഫും പിന്തുടരുന്നത്. എസ്ബിഐക്കുള്ള 16 സര്‍ക്കിളുകളാണ് എസ്ബിഐ ലൈഫിന്റെ 16 റീജിയനുകള്‍. 2001ല്‍ എസ്ബിഐ ലൈഫ് ആരംഭിക്കുമ്പോള്‍ അതിന് വേറിട്ടൊരു സംഘടിത രൂപം ഇല്ലായിരുന്നു. 2008ലാണ് എസ്ബിഐ ലൈഫിന് റീജണല്‍ സ്ട്രക്ചര്‍ വരുന്നത്. ഓരോ റീജിയനും പൂര്‍ണ ചുമതലയുള്ള റീജണല്‍ ഡയറക്‌റക്റ്റര്‍മാരുണ്ട്. നാല് ചാനലുകളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ശക്തമായ ഒരു ഏജന്‍സി ചാനല്‍ എസ്ബിഐ ലൈഫിനുണ്ട്. കേരളത്തില്‍ 61 ബ്രാഞ്ചുകളും ഏഴായിരത്തോളം ഇന്‍ഷുറന്‍സ് അഡൈ്വസര്‍മാരും പ്രവര്‍ത്തിക്കുന്നു. ഏജന്‍സി ചാനലില്‍ റീജണല്‍ സെയില്‍സ് മാനേജര്‍ക്കാണ് മുഖ്യ ചുമതല. അദ്ദേഹത്തിന് കീഴില്‍ നാല് ഏരിയാ സെയില്‍സ് മാനേജര്‍മാരും അതിന് താഴെ ഡിവിഷണല്‍ മാനേജര്‍മാരും യൂണിറ്റ് മാനേജര്‍മാരും അവര്‍ക്ക് കീഴില്‍ ഏജന്റുമാരും പ്രവര്‍ത്തിക്കുന്നു. 1300 ഓളം വരുന്ന കേരളത്തിലെ എസ്ബിഐ ശാഖകളിലെല്ലാം എസ്ബിഐ ലൈഫ് വിപണനം ചെയ്യാന്‍ പ്രാപ്തരായ ഉദ്യോഗസ്ഥരുണ്ട്. അവര്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് സേവനം ലഭ്യമാക്കുന്നു. ബാങ്കിംഗ് വിഭാഗത്തില്‍ റീജണല്‍ മാനേജര്‍, അതിന് താഴെ ആറ് സോണല്‍ മാനേജര്‍മാര്‍, സീനിയര്‍ ഏരിയാ മാനേജര്‍മാര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍മാര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ഇന്‍സ്റ്റിറ്റിയൂഷന്‍ അലയന്‍സ് എന്ന ഒരു ചാനലുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, തൃശൂരിലെ യോഗക്ഷേമ തുടങ്ങി നിരവധി സ്ഥാപനങ്ങളുമായി ഇതിനു വേണ്ടി ധാരണയുണ്ടാക്കിയിട്ടുണ്ട്. മറ്റൊന്ന് കോര്‍പറേറ്റ് ചാനലാണ്്. കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് സൊലൂഷന്‍ നല്‍കുന്നതാണ് ഈ ചാനല്‍. കോര്‍പറേറ്റുകളുടെ പെന്‍ഷന്‍ ഫണ്ട്, ഗ്രാറ്റിയുവിറ്റി ഫണ്ട് തുടങ്ങിയവ മാനേജ് ചെയ്യുകയാണ് ഈ ചാനലിന്റെ ചുമതല. കൂടാതെ 850 സ്റ്റാഫും ഏഴായിരത്തോളം അഡൈ്വസര്‍മാരും ആയിരത്തിലധികം സര്‍ട്ടിഫൈഡ് ഇന്‍ഷുറന്‍സ് ഫെസിലിറ്റേറ്റര്‍മാരുമുള്ള ഓപ്പറേഷന്‍സ് വിഭാഗവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. എസ്ബിഐ ലൈഫിന്റെ ലേണിംഗ് ആന്‍ഡ് ട്രെയിനിംഗ് വിഭാഗത്തിന് ഒരു എല്‍ആന്‍ഡ്ടി മാനേജരും അതിന് കീഴില്‍ 20 ഓളം ട്രെയിനര്‍മാരും മികച്ച പരിശീലനം നല്‍കുന്നു.

കമ്പനി കൈവരിച്ച വളര്‍ച്ച

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ മാര്‍ക്കറ്റ് ലീഡറാണ് എസ്ബിഐ ലൈഫ്. എല്‍ഐസി കഴിഞ്ഞാല്‍ ഏറ്റവുമധികം മാര്‍ക്കറ്റ് ഷെയറുള്ള കമ്പനി എസ്ബിഐ ലൈഫ് ആണ്. കഴിഞ്ഞ വര്‍ഷം 1384 കോടി ഫണ്ട് ബിസിനസ് കൂടി ഉള്‍പ്പെട്ട ഗ്രോസ് റിട്ടണ്‍ പ്രീമിയമാണ് (ജിഡബ്ല്യൂപി) കളക്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ വരെയുള്ള ബിസിനസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം സെപ്തംബര്‍ വരെ 40 ശതമാനത്തോളം വളര്‍ച്ചയുണ്ട്. 1500 കോടിയാണ് ഈ വര്‍ഷം ഉദ്ദേശിക്കുന്ന പ്രീമിയം ബിസിനസ്. 61 ബ്രാഞ്ചുകളുള്ളത് ക്രമേണ കൂട്ടും. രണ്ടുവര്‍ഷം കൊണ്ട് ഏജന്‍സികളുടെ ശക്തി ഏഴായിരത്തില്‍ നിന്ന് പതിനയ്യായിരം ആക്കും. എസ്ബിഐ ലൈഫിന് വളരാനുള്ള വിപുലമായ സാധ്യത മുന്നില്‍ നില്‍ക്കുകയാണ്. എസ്ബിഐയുടെ പിന്തുണയാണ് ഈ വളര്‍ച്ചയില്‍ പ്രധാനമാകുന്നത്. പുതിയ ഒരു കമ്പനി സാധാരണ ഗതിയില്‍ ഏഴ് വര്‍ഷമൊക്കെ കഴിയും ലാഭവും നഷ്ടവുമില്ലാത്ത ബ്രേക്ക് ഇവന്‍ എന്ന നിലയിലേക്കെത്താന്‍. എസ്ബിഐ ലൈഫ് അഞ്ച് വര്‍ഷം കൊണ്ട് തന്നെ ബ്രേക്ക് ഇവനായി. തുടര്‍ന്നിങ്ങോട്ട് ലാഭമുണ്ടാക്കാന്‍ തുടങ്ങി. ഇപ്പോള്‍ വളരെ മികച്ച ലാഭം നേടുന്ന കമ്പനിയാണിത്. തുടക്കത്തില്‍ കമ്പനിയുടെ പെയ്ഡ് ഇന്‍ കാപ്പിറ്റല്‍ ആയിരം കോടി രൂപയായിരുന്നു. ഐപിഒയുടെ സമയത്ത് 70,000 കോടിക്ക് മുകളില്‍ മൂല്യമുള്ള കമ്പനിയായി. ഏറ്റവും ശക്തമായ ബ്രാന്‍ഡ് എന്ന നിലയിലുള്ള എസ്ബിഐ ലൈഫിന്റെ സ്വീകാര്യത വളരെ വലുതാണ്.

എസ്ബിഐ ലൈഫിന്റെ പ്രധാന പ്രോഡക്ടുകള്‍

പെന്‍ഷന്‍ പ്ലാനാണ് കേരളത്തില്‍ ഏറ്റവുമധികം വിറ്റഴിയുന്ന പ്രോഡക്ട്. ഞങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രമോട്ട് ചെയ്തതും പെന്‍ഷന്‍ പ്ലാനാണ്. കാരണം ഇന്‍ഷുറന്‍സ് എന്നത് സോഷ്യല്‍ സെക്യൂരിറ്റിയുടെ കൂടി ഭാഗമാണ്. ഓരോ ഇന്‍ഷുറന്‍സ് പോളിസിയും ഓരോ സോഷ്യല്‍ സെക്യൂരിറ്റിയാണ്. രണ്ടു തരം റിസ്‌കാണ് ജീവിതത്തിലുള്ളത്. ഒന്ന് അകാല മരണം. അതിനാണ് ലൈഫ് ഇന്‍ഷുറന്‍സ്. അതിന് വിപരീതമായ മറ്റൊരു റിസ്‌കാണ് കൂടുതല്‍ കാലം ജിവിച്ചിരിക്കുക എന്നത്. പരമാവധി കാലം ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് പെന്‍ഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. മരിച്ചു കഴിഞ്ഞാല്‍ ഭാര്യക്ക് കിട്ടുന്ന പെന്‍ഷനുമുണ്ട്. ഇത്തരത്തില്‍ 14 തരത്തിലുള്ള പെന്‍ഷനുകള്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. റിട്ടയര്‍ സ്മാര്‍ട്ട് എന്ന യുലിപ് പെന്‍ഷന്‍ പ്ലാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷം വരെ പ്രീമിയം അടയ്ക്കാവുന്ന രീതിയിലും തെരഞ്ഞെടുക്കാം. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രയോജനകരമായ പെന്‍ഷന്‍ സ്‌കീമുകള്‍ നിരവധിയുണ്ട്. എന്‍ആര്‍ഐകളാണ് പെന്‍ഷന്‍ പദ്ധതികളെ ഏറ്റവുമധികം ആശ്രയിക്കുന്നത്. കുട്ടികളുടെ പ്രോഡക്ടുകളും ഏറെ ജനപ്രിയമാണ്. സ്മാര്‍ട്ട് ചാംപ്, സ്മാര്‍ട്ട് സ്‌കോളര്‍ എന്നിവയാണ് ഇതില്‍ ഏറ്റവുമധികം സ്വീകാര്യത നേടിയിട്ടുള്ളത്. കാന്‍സറിനെ നേരിടാന്‍ ഓരോരുത്തരെയും സാമ്പത്തികമായി പ്രാപ്തരാക്കുന്ന സമ്പൂര്‍ണ് കാന്‍സര്‍ സുരക്ഷയാണ് മറ്റൊരു പ്രധാന പ്രോഡക്ട്. 1500 രൂപ പ്രീമിയം അടച്ച് തുടങ്ങാവുന്ന ലളിതമായ ഇന്‍ഷുറന്‍സ് ആണിത്. കാന്‍സര്‍ സുരക്ഷയില്‍ ചേര്‍ന്ന ഒരാള്‍ക്ക് കാന്‍സര്‍ രോഗം കണ്ടെത്തിക്കഴിഞ്ഞാല്‍ മെഡിക്കല്‍ പ്രൂഫ് നല്‍കി ഉടന്‍ ഇന്‍ഷുറന്‍സ് സംഖ്യ നേടാം. ബില്ല് ഹാജരാക്കണമെന്നില്ല. സ്‌കീമില്‍ ചേര്‍ന്ന് ആറു മാസത്തിന് ശേഷമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. സ്റ്റാന്‍ഡേര്‍ഡ്, ക്ലാസിക്, എന്‍ഹാന്‍സ്ഡ് എന്നിങ്ങനെ മൂന്നു ഘടകങ്ങള്‍ കാന്‍സര്‍ സുരക്ഷാ സ്‌കീമിലുണ്ട്. ക്രെഡിറ്റ് ലൈഫ് ആണ് മറ്റൊരു പ്രധാന പ്രോഡക്ട്. എസ്ബിഐയുടെ ഹൗസിംഗ് ലോണ്‍ എടുക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. പ്രൊട്ടക്ടഡ് ഹൗസിംഗ് ലോണ്‍ പോലെയാണിത്. 50 ലക്ഷം രൂപയുടെ ലോണ്‍ എടുത്ത് വീടു വെക്കുന്ന ആളുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ബാങ്കിന് തുക തിരിച്ചടക്കേണ്ടത് കുടുംബത്തിന് വലിയ ബാധ്യതയാകും. എന്നാല്‍ ഇന്‍ഷുറന്‍സിനൊപ്പം ചെറിയ പ്രീമിയം കൂടി അടച്ചുകൊണ്ട് ഹൗസിംഗ് ലോണിന് പരിരക്ഷ ഉറപ്പുവരുത്താം.

ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് വളരെ വലിയ വിജയമായിരുന്നു. സെപ്തംബര്‍ 20ന് എസ്ബിഐ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലോഞ്ച് ചെയ്യുമ്പോള്‍ അതിന് മുമ്പുള്ള ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഐപിഒ ആയിരുന്നു. മൂന്നര ഇരട്ടി ഓവര്‍ സബ്‌സ്‌ക്രിബ്ഷന്‍ വന്നു.ഏറ്റവും കൂടുതല്‍ താല്‍പര്യം കാണിച്ചത് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരാണ്

ജി സുഭാഷ് ബാബു

കേരള റീജണല്‍ ഡയറക്റ്റര്‍

എസ്ബിഐ ലൈഫ്

യുലിപ് സ്‌കീമുകളുടെ സവിശേഷത

എസ്ബിഐ ലൈഫിന്റെ കാപ്പിറ്റല്‍ ഗാരന്റി ഉറപ്പുള്ള ‘റിട്ടയര്‍ സ്മാര്‍ട്ട്’ ഒരു യുലിപ് പെന്‍ഷന്‍ പോളിസിയാണ്. ആവശ്യമുള്ളവര്‍ക്ക് നിശ്ചിത കാലാവധിക്ക് മുമ്പു തന്നെയുള്ള ഫണ്ട് വെച്ച് പെന്‍ഷന്‍ വാങ്ങാനുള്ള സൗകര്യവും യുലിപ്പില്‍ ലഭ്യമാണ്. യുലിപ്പുകള്‍ പത്തോ പതിനഞ്ചോ വര്‍ഷത്തേക്കാണ് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോള്‍ നഷ്ടത്തിനുള്ള സാധ്യത വളരെ കുറവാണ്. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും എടുക്കാന്‍ കഴിയുമെന്നതിനാല്‍ പോളിസിയുടെ മൂല്യം ഉയരുന്ന സമയത്ത് എടുക്കാനാകുമെന്ന സൗകര്യവുമുണ്ട്.

ഓഹരി വിപണിയിലെ സ്വീകാര്യത

ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് വളരെ വലിയ വിജയമായിരുന്നു. സെപ്തംബര്‍ 20ന് എസ്ബിഐ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലോഞ്ച് ചെയ്യുമ്പോള്‍ അതിന് മുമ്പുള്ള ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഐപിഒ ആയിരുന്നു. മൂന്നര ഇരട്ടി ഓവര്‍ സബ്‌സ്‌ക്രിബ്ഷന്‍ വന്നു. 8.82 കോടി ഇക്വിറ്റി ഷെയറുകളാണ് കൊടുത്തത്. ഏറ്റവും കൂടുതല്‍ താല്‍പര്യം കാണിച്ചത് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരാണ്. വിദേശ കമ്പനികള്‍ വലിയ താല്‍പര്യം കാണിക്കുകയുണ്ടായി.

ആധുനികവല്‍ക്കരണം

എസ്ബിഐ ലൈഫിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഡിജിറ്റലൈസ്ഡ് ആണ്. തുടങ്ങുമ്പോള്‍ ഡിജിറ്റലൈസേഷന്‍ ഭാഗികമായിരുന്നു. ഇപ്പോള്‍ ഏറെക്കുറെ പൂര്‍ണമായികഴിഞ്ഞു. ഫണ്ട് വാല്യു അടക്കമുള്ള പോളിസി വിവരങ്ങള്‍ എസ്എംഎസ് വഴി കിട്ടാനുള്ള ഡിജിറ്റല്‍ സൗകര്യങ്ങളുമുണ്ട്. ഉപഭോക്താക്കള്‍ക്ക്് സഹായകരമായ ഇത്തരം നിരവധി സേവനങ്ങള്‍ ഡിജിറ്റിലൈസേഷന്റെ ഭാഗമായി വന്നു. പണം ചെക്കായി നല്‍കുന്നതിന് പകരം ഓണ്‍ലൈനായി എക്കൗണ്ടിലേക്കാണ് നല്‍കുന്നത്.
മിസ് സെല്ലിംഗ് പരമാവധി ഇല്ലാതാക്കാന്‍ ഞങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. പോളിസി ഇഷ്യു ചെയ്യുന്നതിന് തൊട്ടുമുമ്പായി പ്രി ഇന്‍ഷ്യുവന്‍സ് വെല്‍ക്കം കാള്‍ പോലുള്ളവ ഇതിനായി ഉറപ്പുവരുത്തുന്നു. കസ്റ്റമറെ വിളിച്ച് പോളിസിയുടെ കാര്യങ്ങള്‍ സംസാരിച്ച് ഉറപ്പുവരുത്തുന്നത് മിസ് സെല്ലിംഗ് ഒഴിവാക്കാന്‍ സഹായിക്കും. മിസ് സെല്ലിംഗ് റേറ്റ് ഏറ്റവും കുറഞ്ഞ കമ്പനിയാണ് എസ്ബിഐ ലൈഫ്. അതില്‍ തന്നെ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രീമിയം അടവിന്റെ സ്ഥിരതയിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു. ഇന്‍ഷുറന്‍സ് അവബോധത്തിലും കേരളം വളരെ മുന്നിലാണ്.

ഡയറക്റ്റര്‍ എന്ന നിലയില്‍ നല്‍കുന്ന സംഭാവന

18 വര്‍ഷം എല്‍ഐസിയിലും തുടര്‍ന്ന് രണ്ടു വര്‍ഷം ബജാജ് അലയന്‍സിലും സേവനമനുഷ്ഠിച്ച ശേഷമാണ് 2005ല്‍ എസ്ബിഐ ലൈഫില്‍ എത്തുന്നത്. കേരളത്തിന്റെ ഏജന്‍സി ചാനലിന്റെ ചുമതലയുള്ള എഎസ്എം ആയാണ് തുടക്കത്തില്‍ പ്രവര്‍ത്തിച്ചത്. അക്കാലത്ത് കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തെത്തി. പിന്നീട് മഹാരാഷ്ട്ര കര്‍ണാടക, ഗോവ സംസ്ഥാനങ്ങള്‍ ചേര്‍ന്ന വെസ്റ്റ് വണ്‍ റീജിയണല്‍ സെയില്‍സ് മാനേജരായി. 2010ല്‍ പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളുള്‍പ്പെട്ട നോര്‍ത്ത് വണ്‍ റീജിയന്റെ ഡയറക്റ്ററായി. 2013ല്‍ കേരള റീജിയന്‍ രൂപം കൊണ്ടപ്പോഴാണ് ഇവിടെ ഇവിടെ വരുന്നത്.
ഈ അനുഭവസമ്പത്ത് ബിസിനസ് സ്ട്രാറ്റജി തയാറാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്ട്രാറ്റജി തയ്യാറാക്കുക. റൂട്ട് ലെവലില്‍ ചെന്ന് എന്താണ് കസ്റ്റമറുടെ ആവശ്യം എന്ന് മനസിലാക്കി നീഡ് ബേസ്ഡ് സെല്ലിംഗിന് പ്രാധാന്യം നല്‍കുന്നു. നമ്മുടെ അഡൈ്വസര്‍മാരെ അതിനായി സജ്ജരാക്കാറുണ്ട്. ആളുകള്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന് പെന്‍ഷന്‍ പോളിസി കേരളത്തിലെ പോലെ ഒരിടത്തും നടന്നിട്ടില്ല. കസ്റ്റമറുടെ താല്‍പര്യം ഏറ്റവും പ്രധാനമാണ്. ആ ബോധ്യം എപ്പോഴുമുണ്ട്. അതുകൊണ്ട് കസ്റ്റമേഴ്‌സിനെ മുന്നില്‍ കണ്ടു കൊണ്ടാണ് പ്രോഡക്ടുകള്‍ക്ക് പ്രാധാന്യം നല്‍കുന്നത്.

കസ്റ്റമറെ വിളിച്ച് പോളിസിയുടെ കാര്യങ്ങള്‍ സംസാരിച്ച് ഉറപ്പുവരുത്തുന്നത് മിസ് സെല്ലിംഗ് ഒഴിവാക്കാന്‍ സഹായിക്കും. മിസ് സെല്ലിംഗ് റേറ്റ് ഏറ്റവും കുറഞ്ഞ കമ്പനിയാണ് എസ്ബിഐ ലൈഫ്. അതില്‍ തന്നെ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രീമിയം അടവിന്റെ സ്ഥിരതയിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു. ഇന്‍ഷുറന്‍സ് അവബോധത്തിലും കേരളം വളരെ മുന്നിലാണ്

മാതൃകയാകുന്ന സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍

കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രോജക്ടുകളില്‍ എസ്ബിഐ ലൈഫ് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. സിഎസ്ആര്‍ ആക്ടിവിറ്റീസ് നടപ്പാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ് എന്നതു കൊണ്ടുതന്നെ സിഎസ്ആറിന് വേണ്ടി ഏറ്റവുമധികം വിഹിതം ലഭിക്കുന്നത് കേരള റീജിയനാണ്. ഈ വര്‍ഷം ഒരു കോടി രൂപയാണ് കേരളത്തില്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെച്ചിട്ടുള്ളത്. ഇതില്‍ 80 ലക്ഷത്തിന്റെ പ്രോജക്ടുകള്‍ ആയിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടര വര്‍ഷംകൊണ്ട് നാല് കോടി രൂപ ചെലവിട്ട് 150 ഓളം സിഎസ്ആര്‍ പ്രോജക്ടുകള്‍ നടപ്പിലാക്കുകയുണ്ടായി. കുട്ടികളുടെ വിദ്യാഭ്യാസത്തിലാണ് ഞങ്ങളുടെ ഊന്നല്‍. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ സ്‌കൂളുകളാണ് പ്രധാനമായും സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുക്കുന്നത്. നിരവധി സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, സയന്‍സ് ലാബുകള്‍ തുടങ്ങിയവ സ്ഥാപിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനത്തിലും ശ്രദ്ധ ചെലുത്തുന്നു. ഹോസ്പിറ്റലുകള്‍, പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങള്‍ എന്നിവക്കും സഹായം നല്‍കുന്നുണ്ട്. വയനാട്ടില്‍ എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് എസ്ബിഐ ലൈഫ് ലേണിംഗ് സെന്റര്‍ എന്ന തൊഴില്‍ പരിശീലന കേന്ദ്രം ഉണ്ടാക്കി സര്‍ക്കാര്‍ ജോലികള്‍ അന്യമായി നില്‍ക്കുന്ന ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്കായി ട്രെയിനിംഗ് പരിപാടികള്‍ നടത്തുന്നു. 45 ലക്ഷം രൂപ ചെലവിട്ട് കംപ്യൂട്ടര്‍ ലാബ് തുടങ്ങിയ സംവിധാനങ്ങളോടെയാണ് ലേണിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പരിശീലനം നേടിയ പലരും പിഎസ്‌സി ലിസ്റ്റില്‍ വന്നിട്ടുണ്ട്. ചിലര്‍ക്ക് ടൂറിസം പ്രമോഷന്‍ ജോലികള്‍ ലഭിച്ചു. ചിലര്‍ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചു. ഈ വര്‍ഷവും പരിശീലന പരിപാടി തുടരുകയാണ്. എല്ലാ ജില്ലകള്‍ക്കും സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളില്‍ പ്രാതിനിധ്യം നല്‍കാറുണ്ട്. അട്ടപ്പാടി മുള്ളി എന്ന പ്രദേശത്ത് വെള്ളമില്ലാത്തതു മൂലം കൃഷി ചെയ്യാനാകാതെ കിടന്ന നാല്‍പത് ഹെക്ടര്‍ സ്ഥലം ഏഴ് ലക്ഷം രൂപ ചെലവില്‍ താഴെ നിന്ന് വെള്ളം പമ്പ് ചെയ്ത് മുകളിലെത്തിച്ച് ജലസേചനത്തിനുള്ള സൗകര്യം നല്‍കി കൃഷിഭൂമിയാക്കി മാറ്റി. 50 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു.

വിപണിയില്‍ ആരോടാണ് മല്‍സരം

വിപണിയില്‍ മല്‍സരം ഫീല്‍ ചെയ്യാറില്ല. ഇന്‍ഷുറന്‍സ് മേഖലയില്‍ വളര്‍ച്ചക്കുള്ള വലിയ സാധ്യതകളുണ്ട്. സാച്ചുറേഷന്റെ അടുത്തെങ്ങും ഈ മേഖല എത്തിയിട്ടില്ല. വിപണിയിലെ സ്വീകാര്യതയ്ക്ക് ബ്രാന്‍ഡ് വലിയ ഘടകമാണ്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തില്‍ വളരെ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന കമ്പനി എന്ന നിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് രണ്ടു വട്ടം ആലോചിക്കാതെ ആശ്രയിക്കാവുന്ന സ്ഥാപനമാണിന്ന് എസ്ബിഐ ലൈഫ്.

Comments

comments

Categories: FK Special, Slider