ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ദുബായ് 2.8 ബില്യണ്‍ ഡോളര്‍ അറ്റാദായം രേഖപ്പെടുത്തി

ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ദുബായ് 2.8 ബില്യണ്‍ ഡോളര്‍ അറ്റാദായം രേഖപ്പെടുത്തി

ദുബായ്: ദുബായ് എമിറേറ്റിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ട്, ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ദുബായ് (ഐസിഡി) സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 2.8 ബില്യണ്‍ ഡോളര്‍ (10.3 ബില്യണ്‍ എഇഡി) അറ്റാദായം രേഖപ്പെടുത്തി. 93.2 ബില്യണ്‍ എഇഡിയാണ് സ്ഥാപനത്തിന്റെ വരുമാനം. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വരുമാനം 13.1 ശതമാനം വര്‍ധിച്ചുവെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

മുന്‍ വര്‍ഷത്തെ സമാന കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റലാഭം 0.3 ശതമാനം ഉയര്‍ന്നിട്ടുണ്ട്. എണ്ണയുടെയും പാചകവാതകത്തിന്റെയും ഉയര്‍ന്ന കമ്മോഡിറ്റി പ്രൈസ്, ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ ശക്തമായി തുടര്‍ന്നത് എന്നീ ഘടകങ്ങളില്‍ നിന്നാണ് കമ്പനി നേട്ടമുണ്ടാക്കിയതെന്നും ഇവര്‍ വ്യക്തമാക്കി.

വായ്പയിലുണ്ടായ വര്‍ധനവ്, ബാങ്കിംഗ്, ധനകാര്യ സേവനങ്ങളില്‍ നിന്നുള്ള വരുമാനത്തിലെ വര്‍ധന, എല്‍എല്‍ഇസി എന്‍ജിനിയറിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗിന്റെ ഏറ്റെടുക്കല്‍ എന്നിവയാണ് ആസ്തി വര്‍ധനയ്ക്ക് ഇടയാക്കിയതെന്ന് കമ്പനി വ്യക്തമാക്കി

2016 അവസാനത്തേതില്‍ നിന്നും 2.2 ശതമാനം വര്‍ധിച്ച് ആസ്തി എഇഡി 786.8 ബില്യണിലെത്തിയെന്ന് കമ്പനി പറഞ്ഞു. വായ്പയിലുണ്ടായ വര്‍ധനവ്, ബാങ്കിംഗ്, ധനകാര്യ സേവനങ്ങളില്‍ നിന്നുള്ള വരുമാനം, എല്‍എല്‍ഇസി എന്‍ജിനിയറിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗിന്റെ ഏറ്റെടുപ്പ് എന്നിവയാണ് ആസ്തി വര്‍ധനയ്ക്ക് ഇടയാക്കിയതെന്ന് ഇവര്‍ വ്യക്തമാക്കി. അതേസമയം, 2.1 ശതമാനം വര്‍ധിച്ച് ബാധ്യത എഇഡി 572.1 ബില്യണ്‍ ആയെന്നും കമ്പനി പറയുന്നു.

2017ന്റെ ആദ്യ പകുതിയില്‍ ഐസിഡിയുടെ വിവിധ വിഭാഗങ്ങള്‍ ശക്തമായ പ്രവര്‍ത്തനവും സാമ്പത്തിക ഫലങ്ങളും സുസ്ഥിരമായ വളര്‍ച്ചയും കാഴ്ചവച്ചുവെന്ന് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ദുബായ് സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്റ്ററുമായ മൊഹമ്മദ് ഇബ്രാഹിം അല്‍ ശൈബാനി പറഞ്ഞു.

തങ്ങളുടെ ശേഷിയും നിക്ഷേപക അവസരങ്ങളും വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ദീര്‍ഘകാല വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നും ദുബായ് നഗരത്തിന്റെ സമൃദ്ധിയില്‍ വിപുലമായ സംഭാവനകള്‍ നല്‍കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia