‘ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍: നിലവിലെ അവസരങ്ങള്‍ വിനിയോഗിക്കണം’

‘ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍: നിലവിലെ അവസരങ്ങള്‍ വിനിയോഗിക്കണം’

വിദേശത്ത് നിന്നും ഇവിടെ ചികിത്സയ്ക്ക് എത്തുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുകയും യാത്രാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യണം, എങ്കില്‍ ആഗോളതലത്തില്‍ കേരളത്തിന്റെ ആരോഗ്യരംഗം ഇനിയും ശ്രദ്ധിക്കപ്പെടുമെന്ന് സണ്‍റൈസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്റ്റര്‍ പര്‍വീണ്‍ ഹഫീസ്

കൊച്ചി: സംസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് സണ്‍റൈസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്റ്റര്‍ പര്‍വീണ്‍ ഹഫീസ്. നിലവിലെ സ്ഥിതിയില്‍ നിന്നും വ്യത്യസ്തമായി വരും നാളുകളില്‍ ആരോഗ്യ, വിദ്യാഭ്യാസമേഖലകള്‍ കൂടുതല്‍ മെച്ചപ്പെടുന്നതിനുള്ള എല്ലാവിധ സാഹചര്യവും കേരളത്തില്‍ ഉണ്ടെന്നും അവസരങ്ങളെ ശരിയായ വിധത്തില്‍ വിനിയോഗിക്കുക മാത്രമാണ് വേണ്ടതെന്നും പര്‍വീണ്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

ആരോഗ്യരംഗത്ത്, ആഗോളതലത്തില്‍ കഴിവ് തെളിയിച്ച സമര്‍ത്ഥരായ അനേകം ഡോക്റ്റര്‍മാര്‍ കേരളത്തിലുണ്ട്. ചികിത്സയില്‍ ലോകോത്തര ഗുണനിലവാരം പുലര്‍ത്തുന്ന ഡോക്റ്റര്‍മാരും പരിചയസമ്പന്നരായ ജീവനക്കാരുമാണ് ഈ രംഗത്തിന്റെ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ആരോഗ്യരംഗത്ത് ആഗോളതലത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരളത്തിലെ ആശുപത്രികളും മുന്‍പന്തിയിലാണ്. വിദേശത്തു നിന്നുള്ള രോഗികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമാണ് ഇവിടത്തെ ചികിത്സാ സംവിധാനം.

പൂര്‍ണമായും അര്‍പ്പണ മനോഭാവത്തോടെ ബിസിനസ് ചെയ്യുന്നവരെ സംബന്ധിച്ച് കേരളത്തില്‍ തികച്ചും സൗഹൃദപരമായ ബിസിനസ് അന്തരീക്ഷമാണുള്ളത്

വിദേശത്ത് നിന്നും ഇവിടെ ചികിത്സയ്ക്ക് എത്തുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലഘൂകരിക്കുകയും യാത്രാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്ന പക്ഷം ആഗോളതലത്തില്‍ കേരളത്തിന്റെ ആരോഗ്യരംഗം ഇനിയും ശ്രദ്ധിക്കപ്പെടും- പര്‍വീണ്‍ വ്യക്തമാക്കി
പൂര്‍ണമായും അര്‍പ്പണ മനോഭാവത്തോടെ ബിസിനസ് ചെയ്യുന്നവരെ സംബന്ധിച്ച് കേരളത്തില്‍ തികച്ചും സൗഹൃദപരമായ ഒരു അന്തരീക്ഷമാണുള്ളത്. നമ്മള്‍ പ്രവര്‍ത്തിക്കുന്ന മേഖല ഏതാണോ അതിനെപ്പറ്റി വ്യക്തമായി പഠിച്ച് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുക, ബാക്കി എല്ലാം പിന്നാലെ വരുമെന്നാണ് തന്റെ സംരംഭകയാത്രയില്‍ നിന്നും പഠിച്ചിട്ടുള്ളതെന്നും പര്‍വീണ്‍ ഹഫീസ് പറയുന്നു.

വളരെ ഇടുങ്ങിയ കാഴ്ചപ്പാടോടു കൂടി വികസന പദ്ധതികളെ നോക്കിക്കാണുന്നവര്‍ കേരളത്തില്‍ ഉണ്ട്. വളരേ കുറവാണെങ്കിലും ഇക്കൂട്ടരുടെ സാമീപ്യം ബിസിനസ് അന്തരീക്ഷത്തിന് വിള്ളലുണ്ടാക്കുന്നു. ഇത്തരം വ്യക്തികളുടെ സാന്നിധ്യവും ഇടപെടലും കേരളത്തില്‍ നിക്ഷേപിക്കുന്നതില്‍ നിന്നും ബിസിനസ് ആരംഭിക്കുന്നതില്‍ നിന്നും നിക്ഷേപകരെ വിലക്കുന്നു. വികസന പദ്ധതികള്‍ ജനനന്മയ്ക്ക് എന്ന രീതിയില്‍ കണ്ട് പ്രവര്‍ത്തിക്കാന്‍ ഇവര്‍ തയാറാകണമെന്ന് പര്‍വീണ്‍ ചൂണ്ടിക്കാട്ടി.

20 വര്‍ഷങ്ങള്‍ക്കുള്ളില്‍ 20 ആശുപത്രിയെന്ന ചിന്തയോടെ തുടങ്ങിയ സണ്‍റൈസ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ച് 12 വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിലും വിദേശത്തുമായി 10 ശാഖകള്‍ തുടങ്ങാനും വിജയകരമായി മുന്നേറാനും സാധിച്ചിട്ടുണ്ട്. കഠിനാധ്വാനവും ആത്മാര്‍ത്ഥതയുമാണ് ഈ ലക്ഷ്യം നേടുന്നതില്‍ തന്നെയും ചെയര്‍മാനായ ഡോക്റ്റര്‍ ഹഫീസ് റഹ്മാനെയും സഹായിച്ചതെന്ന് പര്‍വീണ്‍ പറയുന്നു

Comments

comments

Categories: Slider, Top Stories