വളര്‍ച്ചാ വേഗത്തില്‍ ഗുജറാത്തും മധ്യപ്രദേശും ഹരിയാനയും മുന്നില്‍: ക്രിസില്‍

വളര്‍ച്ചാ വേഗത്തില്‍ ഗുജറാത്തും മധ്യപ്രദേശും ഹരിയാനയും മുന്നില്‍: ക്രിസില്‍

സാമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പം, സാമ്പത്തികാരോഗ്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളുടെ വളര്‍ച്ചാ വേഗവും പ്രകടനവും കണക്കാക്കിയത്

ന്യൂഡെല്‍ഹി: കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ രാജ്യത്ത് ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച പ്രകടമാക്കിയിട്ടുള്ള സംസ്ഥാനങ്ങളില്‍ മുന്‍നിരയിലുള്ളത് ഗുജറാത്തും മധ്യപ്രദേശും ഹരിയാനയുമാണെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. സാമ്പത്തിക വളര്‍ച്ചാ വേഗം കുറവുള്ള സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശും കേരളവും പഞ്ചാബുമാണെന്നും റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ വ്യക്തമാക്കുന്നു. ‘സംസ്ഥാനങ്ങളുടെ വളര്‍ച്ച’ എന്ന തലക്കെട്ടിലാണ് ക്രിസില്‍ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

വിവിധ ഘടകങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സരം വര്‍ധിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങളുടെ പ്രകടനത്തില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് ക്രിസിലിന്റെ കണ്ടെത്തല്‍. 2013 മുതല്‍ 2017 വരെയുള്ള കാലയളവില്‍ രാജ്യത്ത് ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച അനുഭവപ്പെട്ടത് ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണെന്നും കണ്‍സ്ട്രക്ഷന്‍-മാനുഫാക്ച്ചറിംഗ് മേഖലയില്‍ നിന്നുള്ള വളര്‍ച്ചയില്‍ ഗുജറാത്ത് മുന്നില്‍ നില്‍ക്കുന്നതായും ക്രിസില്‍ ചൂണ്ടിക്കാട്ടി. അതേസമയം, മാനുഫാക്ച്ചറിംഗ്-വ്യാപാരം, ഗതാഗതം-ആശയവിനിമയ സേവനങ്ങള്‍ എന്നീ മേഖലകളെടുക്കുമ്പോള്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളത് ചത്തീസ്ഗഡും ഹരിയാനയുമാണെന്നാണ് ക്രിസിലിന്റെ നിരീക്ഷണം.

വളര്‍ച്ചാ വേഗത്തില്‍ മുന്നില്‍ നില്‍ക്കുന്നതുകൊണ്ടു തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഈ സംസ്ഥാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ വിജയം നേടാനാണ് സാധ്യത. പ്രത്യേകിച്ച് ഗുജറാത്തില്‍ മൊത്തം മൂല്യ വര്‍ധന (ജിവിഎ)യില്‍ മാനുഫാക്ച്ചറിംഗ് മേഖലയില്‍ നിന്നുള്ള വിഹിതം 28.4 ശതമാനത്തില്‍ നിന്നും 34.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഏകദേശം ചൈനയില്‍ നിന്നുള്ള കണക്കുകള്‍ക്ക് സമമാണെന്നാണ് ക്രിസില്‍ റിപ്പോര്‍ട്ട്.

തൊഴില്‍ കൂടുതലായി സൃഷ്ടിക്കുന്ന മേഖലകളിലെ മൊത്തം മൂല്യ വര്‍ധനയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ഗുജറാത്തും മധ്യപ്രദേശും ഹരിയാനയും രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ജിഡിപി വളര്‍ച്ചയില്‍ താഴെ നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ വളര്‍ച്ചാ വേഗം മന്ദഗതിയിലാണെന്നും ക്രിസില്‍ പറയുന്നു. 2013 മുതല്‍ 2017 വരെയുള്ള കാലയളവില്‍ കേരളം, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തൊഴില്‍ ഏറെയുള്ള മേഖലകളില്‍ ജിവിഎ കുറഞ്ഞ തലത്തിലായിരുന്നു.

വിലക്കയറ്റത്തിന്റെ അടിസ്ഥാനത്തില്‍ 11 സംസ്ഥാനങ്ങളിലെ പണപ്പെരുപ്പം ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധനക്കമ്മി മൂന്ന് ശതമാനത്തില്‍ താഴെ നിലനിര്‍ത്തികൊണ്ട് മികച്ച രീതിയില്‍ ഉയര്‍ന്ന വളര്‍ച്ച സ്വന്തമാക്കിയ സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ചത്തീസ്ഗഡ്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന എന്നിവയാണ്. എന്നാല്‍, കുറഞ്ഞ വളര്‍ച്ചയുള്ള കേരളം, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ധനക്കമ്മി മൂന്ന് ശതമാനത്തിനും മേലെയാണ്.

സാമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പം, സാമ്പത്തികാരോഗ്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളുടെ വളര്‍ച്ചാ വേഗവും പ്രകടനവും ക്രിസില്‍ വിലയിരുത്തിയിട്ടുള്ളത്. മൂന്ന് വളര്‍ച്ചാ മാനദണ്ഡങ്ങളും പരിശോധിക്കുമ്പോള്‍ ഗുജറാത്തും മഹാരാഷ്ട്രയും മികച്ച പ്രകടനം നടത്തിയതായാണ് ക്രിസില്‍ പറയുന്നത്. ഈ സംസ്ഥാനങ്ങളുടെ വളര്‍ച്ചാ നിരക്കും പണപ്പെരുപ്പവും വായ്പാ തോതും ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്‌മെന്റ് (എഫ്ആര്‍ബിഎം) ആക്റ്റ് കണക്കാക്കിയിട്ടുള്ള 2013-2017 കാലയളവിലെ ധനക്കമ്മി ലക്ഷ്യത്തേക്കാള്‍ താഴെയാണ് ഈ സംസ്ഥാനങ്ങളുടെ ധനക്കമ്മിയെന്നും ക്രിസില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Comments

comments

Categories: More