സൗരോര്‍ജത്തിന്റെ ആഗോള സാധ്യതകള്‍

സൗരോര്‍ജത്തിന്റെ ആഗോള സാധ്യതകള്‍

ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ അന്താരാഷ്ട്ര സോളാര്‍ അലയന്‍സ് നിലവില്‍ വന്നത് സൗരോര്‍ജ വ്യാപനത്തിന് ഉപകരിക്കും

സൗരോര്‍ജമാണ് ഇനിയുള്ള നാളത്തേക്ക് മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ പോകുന്ന ഊര്‍ജ സ്രോതസ്സുകളിലൊന്ന്. കല്‍ക്കരിയും എണ്ണയുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇന്ന് ലോകരാജ്യങ്ങള്‍ക്ക് ബോധ്യപ്പെട്ടുതുടങ്ങി. ഇനി സൗരോര്‍ജത്തില്‍ പരമാവധി ശ്രദ്ധ വെക്കാം എന്ന തലത്തിലേക്കാണ് മിക്ക രാജ്യങ്ങളും ചിന്തിക്കുന്നത് തന്നെ. ആ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാവുന്നു ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ രൂപം കൊണ്ട അന്താരാഷ്ട്ര സോളാര്‍ അലയന്‍സ്.

ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് അന്താരാഷ്ട്ര സോളാര്‍ അലയന്‍സ് നിലവില്‍ വന്നത്. ഇന്ത്യയാണ് ആസ്ഥാനമെന്നത് നമുക്ക് ഈ മേഖലയിലെ അപാര സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഊര്‍ജം നല്‍കുന്നു. ഈ സഖ്യത്തിന്റെ ഭാഗമായ രാജ്യങ്ങള്‍ക്ക് സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയെന്ന മഹത്തായ ലക്ഷ്യത്തിലധിഷ്ഠിതമാണ് പുതിയ ചേരിയുടെ പ്രവര്‍ത്തനം. ഇതിനോടകം തന്നെ 19 രാജ്യങ്ങള്‍ സോളാര്‍ അലയന്‍സിന് സാധൂകരണം നല്‍കിക്കഴിഞ്ഞു, ഒരു ട്രില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം 2030 ആകുമ്പോഴേക്കും സൗരോര്‍ജ മേഖലയ്ക്കായി നടത്തുകയാണ് ഉദ്ദേശ്യം.

സൗരോര്‍ജ വൈദ്യുതിയുടെ വ്യാപനത്തിന് ഫണ്ടിന്റെ ലഭ്യതക്കുറവ് ഒരിക്കലും അനുഭവപ്പെടില്ലെന്ന് സോളാര്‍ അലയന്‍സ് ഉറപ്പാക്കും. ഭാവിയില്‍ പുനരുപയോഗ ഊര്‍ജ രംഗത്ത് ശക്തമായ സാന്നിധ്യമായി മാറുകയെന്ന വലിയ ലക്ഷ്യത്തില്‍ അധിഷ്ഠിതമായാണ് സഖ്യത്തിന്റെ പ്രവര്‍ത്തനമെന്നത് പ്രതീക്ഷ നല്‍കുന്നു.

ലോകം മാറിക്കൊണ്ടിരിക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ വിഭാവനം ചെയ്യേണ്ടത് അനിവാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണിന്റെയും പ്രത്യേക താല്‍പ്പര്യത്തിലാണ് ഇത്തരമൊരു സഖ്യം രൂപീകരിക്കപ്പെട്ടത് എന്നതില്‍ ഭാരതത്തിനും അഭിമാനിക്കാം.

Comments

comments

Categories: Editorial, Slider