കൊച്ചിയില്‍ സിഎന്‍ജി പമ്പുകള്‍ അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങും

കൊച്ചിയില്‍ സിഎന്‍ജി പമ്പുകള്‍ അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങും

ബസുകള്‍ സി എന്‍ ജിയില്‍ ഓടിക്കാന്‍ കെഎസ്ആര്‍ടിസി

കൊച്ചി: കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സി എന്‍ ജി) ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ അടുത്ത മാസത്തോടെ കൊച്ചിയുടെ നിരത്തിലിറങ്ങും. ഐഒസിയുടെ മൂന്ന് സി എന്‍ ജി ഫ്യൂവല്‍ സ്റ്റേഷനുകള്‍ അടുത്ത മാസം കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കും. വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനുള്ള കണ്‍വെര്‍ഷന്‍ കിറ്റുകളും ഇതോടൊപ്പം വിപണിയില്‍ ലഭ്യമാക്കും. ആദ്യ സിഎന്‍ജി ബസ് സര്‍വീസ് നടത്തുന്നതിന് കെഎസ് ആര്‍ടിസിയും സജ്ജമാകുകയാണ്.

ദേശീയ പാതയില്‍ കളമശേരിയിലാണ് മൂന്ന് ഫ്യൂവല്‍ സ്റ്റേഷനും വരുന്നത്. ഫാല്‍ക്കന്‍, മൂപ്പന്‍സ്, കളമേശേരി ഫ്യൂവല്‍സ് എന്നീ പമ്പുകളിലാണ് സി എന്‍ ജി ഫില്ലിംഗ് സ്റ്റേഷന്‍ ആരംഭിക്കുന്നത്. ഇതിനുള്ള പൈപ്പിടല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടല്‍ പുരോഗമിക്കുന്ന മുറയ്ക്ക് മറ്റു സ്ഥലങ്ങളിലും സിഎന്‍ജി ഫില്ലിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് പരിപാടി. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം 40 സിഎന്‍ജി പമ്പുകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ക്രമേണ സംസ്ഥാനത്തിന്റെ മറ്റ് ജില്ലകളിലേക്കും സി എന്‍ ജി പമ്പുകള്‍ വ്യാപിപ്പിക്കും. പൈപ്പ് ലൈന്‍ പദ്ധതി വൈകുന്ന ജില്ലകളില്‍ ക്രയോജനിക് ടാങ്കുകളില്‍ പമ്പുകളിലെത്തിക്കാനാണ് തീരുമാനം.

പ്രകൃതി വാതക പൈപ്പ് ലൈന്‍ കടന്നു പോകുന്ന മേഖലകളിലായിരിക്കും പമ്പുകള്‍ വരിക. ഇന്ത്യ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്(ഐഒഎജിപി എല്‍) കമ്പനിക്കാണ് കൊച്ചിയില്‍ സിഎന്‍ജി വിതരണത്തിനുള്ള കരാര്‍ ലഭിച്ചിട്ടുള്ളത്. പുതുവൈപ്പ് ടെര്‍മിനലില്‍ നിന്നുള്ള കംപ്രസ്ഡ് ഗ്യാസ് എട്ടിഞ്ച് വ്യാസത്തിലുള്ള സ്റ്റീല്‍ പൈപ്പിലൂടെയാണ് പെട്രോള്‍ പമ്പുകളില്‍ സ്ഥാപിക്കുന്ന ഫ്യുവല്‍ ഡിസ്‌പെന്‍സര്‍ ടാങ്കുകളിലെത്തിക്കുന്നത്.
ഡീസല്‍ എന്‍ജിനില്‍ ഓടുന്ന വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറാന്‍ പ്രത്യേക കണ്‍വെര്‍ട്ടര്‍ ഘടിപ്പിക്കണം.

നിരവധി കമ്പനികളുടെ കര്‍വെര്‍ഷന്‍ കിറ്റുകള്‍ ഇപ്പോള്‍ തന്നെ വിപണിയില്‍ ലഭ്യമാണ്. 20,000 മുതല്‍ 50,000 വരെയാണ് വില. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇന്ധനക്ഷമത വളരെ കൂടുതലാണെന്നതും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്തതുമാണ് സി എന്‍ ജി വാഹനങ്ങളുടെ സവിശേഷതകള്‍. കിലോ മീറ്ററിന് രണ്ടു രൂപാ നിരക്കിലേക്ക് ഇന്ധന ചെലവ് കുറയും. 2009ന് മുമ്പും ശേഷവും ഇറങ്ങിയ വാഹനങ്ങള്‍ക്ക് വെവ്വേറെ കണ്‍വെര്‍ഷന്‍ കിറ്റുകള്‍ ലഭ്യമാണ്. ഡല്‍ഹിയില്‍ ഇരുചക്രവാഹനങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ സി എന്‍ ജി കണ്‍വെര്‍ഷന്‍ കിറ്റുകള്‍ ഘടിപ്പിക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories