ആവശ്യകതയിലെ ഇടിവ് തുടരുമ്പോഴും സിമന്റ് വില ഉയരുന്നു

ആവശ്യകതയിലെ ഇടിവ് തുടരുമ്പോഴും സിമന്റ് വില ഉയരുന്നു

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 7 മാസത്തില്‍ സിമന്റ് ഉല്‍പ്പാദനം 1.6 ശതമാനം ഇടിഞ്ഞ് 165.6 മില്യണ്‍ ടണ്ണായി

മുംബൈ: തുടര്‍ച്ചയായി ചെലവ് ഉയരുന്നത് സൃഷ്ടിക്കുന്ന സമ്മര്‍ദത്തെ നേരിടാന്‍ ഉത്തരേന്ത്യയിലും മധ്യേന്ത്യയിലുമുള്ള സിമന്റ് കമ്പനികള്‍ വില വര്‍ധനവിലേക്ക് തിരിയുന്നു. തുടര്‍ച്ചയായ ആറ് മാസത്തെ ഇടിവിന് ശേഷം രാജ്യത്തെ സിമന്റ് വില മാസാടിസ്ഥാനത്തില്‍ ബാഗിന് ശരാശരി 4 രൂപ വര്‍ധിച്ച് 323 രൂപയായി. കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 50 കിലോഗ്രാം ഭാരമുള്ള സിമന്റ് ബാഗിന്റെ വില ഈ വര്‍ഷം മേയില്‍ 349 രൂപയായി സിമന്റ് വില ഉയര്‍ന്നിരുന്നു.
ഉത്തരേന്ത്യന്‍ വിപണിയില്‍ സിമന്റ് വില മാസാടിസ്ഥാനത്തില്‍ ബാഗിന് 16 രൂപയും, മധ്യേന്ത്യന്‍ വിപണിയില്‍ മാസാടിസ്ഥാനത്തില്‍ ബാഗിന് 6 രൂപയുമാണ് ഉയര്‍ന്നത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പെട്രോളിയം കോക്ക് (പെറ്റ്‌കോക്ക്) ഉപയോഗം നിരോധിച്ചത് ഈ മേഖലയെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

പെട്രോളിയം കോക്ക് നിരോധിച്ച് സുപ്രീംകോടതി ഉത്തവിട്ടതിന് പിന്നാലെ ഈ പ്രദേശങ്ങളിലുള്ള സിമെന്റ് പ്ലാന്റുകള്‍ ഇന്ധന ആവശ്യകതയ്ക്കായി വീണ്ടും കല്‍ക്കരി തന്നെ ഉപയോഗിക്കുന്നതിലേക്ക് തിരിഞ്ഞു. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വിലയില്‍ വര്‍ധനവുണ്ടായത് സിമന്റ് നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ ചെലവ് വരുത്തി.

നഗരാടിസ്ഥാനത്തില്‍ ഡെല്‍ഹിയാണ് ഏറ്റവും ഉയര്‍ന്ന സിമന്റ് വിലയ്ക്ക് സാക്ഷ്യം വഹിച്ചത്. ബാഗിന് 25 രൂപ വരെയാണ് ഡെല്‍ഹിയിലെ വിലവര്‍ധന. മുന്‍മാസത്തെ അപേക്ഷിച്ച് ഹരിയാനയില്‍ ബാഗിന് 20 രൂപയും പഞ്ചാബിലും രാജസ്ഥാനിലും ബാഗിന് 13 രൂപയുമാണ് വില വര്‍ധനവുണ്ടായത്. അതേസമയം രാജ്യത്തെ മറ്റ് മേഖലകളില്‍ സിമന്റ് വിലയില്‍ വലിയ ചലനങ്ങളുണ്ടായിട്ടില്ല.

എന്നാല്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പെറ്റ്‌കോക്ക് നിരോധനം വ്യാപിപ്പിച്ചാല്‍ അവിടങ്ങളിലും വില വര്‍ധനയുണ്ടാകുമെന്നാണ് കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിലെ മുതിര്‍ന്ന അനലിസ്റ്റായ മര്‍തുസാ അര്‍സിവാല പറയുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതി മുതല്‍ സിമന്റ് ആവശ്യകതയിലെ ഇടിവ് അനുഭവപ്പെടുകയാണ്. റിയല്‍ എസ്‌റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ മാന്ദ്യത്തിലായതും മണല്‍ ക്ഷാമവുമാണ് ഇതിന്റെ പ്രധാന കാരണം. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 7 മാസത്തില്‍ സിമന്റ് ഉല്‍പ്പാദനം 1.6 ശതമാനം ഇടിഞ്ഞ് 165.6 മില്യണ്‍ ടണ്ണായി. മുന്‍വര്‍ഷം സമാനകാലയളവില്‍ 168.3 മില്യണ്‍ ടണ്ണായിരുന്നു സിമന്റ് ഉല്‍പ്പാദനം.

Comments

comments

Categories: Business & Economy