2,000 കോടി രൂപയുടെ ഐപിഒയ്‌ക്കൊരുങ്ങി ഭാരത് സെറം

2,000 കോടി രൂപയുടെ ഐപിഒയ്‌ക്കൊരുങ്ങി ഭാരത് സെറം

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ അടുത്തിടെ നടത്തിയിട്ടുള്ള ഐപിഒകളില്‍ മികച്ച പ്രകടനം നിരീക്ഷിക്കാനായിട്ടുണ്ട്

ന്യൂഡെല്‍ഹി: കൊട്ടക് പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പ് പിന്തുണയ്ക്കുന്ന മരുന്ന് നിര്‍മാണ കമ്പനി ഭാരത് സെറം ആന്‍ഡ് വാക്‌സിന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ)യ്ക്ക് തയാറെടുക്കുന്നു. പ്രാഥമിക ഓഹരി വില്‍പ്പന വഴി 2,000 കോടി രൂപയുടെ ധനസമാഹരണമാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ 30 ശതമാനം ഓഹരികളാണ് ഐപിഒ വഴി പുറത്തിറക്കുക.

ഐപിഒ പൂര്‍ത്തിയാകുന്നതോടെ കമ്പനിയുടെ മൂല്യം ഏകദേശം 6,667 കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2018-2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രാഥമിക ഓഹരി വില്‍പ്പന സംഘടിപ്പിക്കാനാണ് ഭാരത് സെറം ശ്രമിക്കുന്നത്. ഓഹരി വില്‍പ്പനയ്ക്കുവേണ്ട സജ്ജീകരണങ്ങളുടെ മേല്‍നോട്ടത്തിന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് കമ്പനിയായ ജെഫറീസ് ഗ്രൂപ്പിനെയും ഭാരത് സെറം ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഭാരത് സെറം ആന്‍ഡ് വാക്‌സിന്‍സ് ലിമിറ്റഡിന്റെ നാലില്‍ ഒരു ഭാഗം ഓഹരികള്‍ കൊട്ടക് പ്രൈവറ്റ് ഇക്വറ്റി ഗ്രൂപ്പിന്റെ കൈയിലാണ്. മറ്റൊരു ഫിനാന്‍ഷ്യല്‍ നിക്ഷേപകരായ ഒര്‍ബിമെഡ് അഡൈ്വസേഴ്‌സ് പത്ത് ശതമാനം ഓഹരികളാണ് സ്വന്തമാക്കിയിട്ടുള്ളത്. നേരത്തെ ഫിനാന്‍ഷ്യല്‍, സ്ട്രാറ്റജിക് നിക്ഷേപകര്‍ക്ക് ഓഹരികള്‍ വില്‍ക്കുന്നതിലൂടെ മൂലധനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ മൂലധനം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാഥമിക ഓഹരി വില്‍പ്പന വഴി പൊതുവിപണിയിലേക്ക് ചുവടുവെക്കാന്‍ ഭാരത് സെറം പദ്ധതിയിടുന്നത്.

1970ലാണ് ഭാരത് സെറം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്‍ഞ്ചക്റ്റബ്ള്‍ മരുന്നുകളുടെ നിര്‍മാണത്തിലും വില്‍പ്പനയിലുമാണ് കമ്പനി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ താനെ, അംബര്‍നാഥ് എന്നിവിടങ്ങളിലായി രണ്ട് മാനുഫാക്ച്ചറിംഗ് പ്ലാന്റുകളാണ് കമ്പനിക്കുള്ളത്. നവി മുംബൈയില്‍ കമ്പനിയുടെ ഒരു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. 2015-2016 സാമ്പത്തിക വര്‍ഷം ഏകദേശം 600 കോടി രൂപയുടെ വില്‍പ്പനയാണ് ഭാരത് സെറം രേഖപ്പെടുത്തിയിട്ടുള്ളത്. റഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ വിദേശ വിപണികളിലും ഭാരത് സെറം തങ്ങളുടെ മരുന്നുകള്‍ വില്‍ക്കുന്നുണ്ട്. എങ്കിലും കമ്പനിയുടെ മൂന്നില്‍ രണ്ട് ഭാഗം വില്‍പ്പനയും നടക്കുന്നത് ഇന്ത്യന്‍ വിപണി കേന്ദ്രീകരിച്ചാണ്.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ അടുത്തിടെ നടത്തിയിട്ടുള്ള ഐപിഒകളില്‍ മികച്ച പ്രകടനം നിരീക്ഷിക്കാനായിട്ടുണ്ടെന്നാണ് ഇവൈ നാഷണല്‍ ലൈഫ് സയന്‍സ് ലീഡര്‍ ഹിതേഷ് ശര്‍മ പറയുന്നത്. മികച്ച വളര്‍ച്ചാ ശേഷി പ്രകടമാക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ പിന്തുണയ്ക്കാന്‍ നിക്ഷേപകര്‍ തയാറാണെന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ബെര്‍ഗ് പിന്‍കസ് പിന്തുണയ്ക്കുന്ന ലൗറസ് ലാബ്‌സ് 1,300 കോടി രൂപയാണ് കഴിഞ്ഞവര്‍ഷം ഐപിഒ വഴി സമാഹരിച്ചത്.

Comments

comments

Categories: Business & Economy