ആപ്പിളിന്റെ വിപണി വിഹിതം ഇടിഞ്ഞു

ആപ്പിളിന്റെ വിപണി വിഹിതം ഇടിഞ്ഞു

മൂന്ന് മാസത്തോളം ഐ ഫോണ്‍ x പ്രധാന വിപണിയില്‍ ലഭിക്കാതിരുന്നത് ഒക്ടോബറിലെ ആപ്പിളിന്റെ വിപണി വിഹിതത്തെ ബാധിച്ചു. അതേസമയം ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുടെ വില്‍പന കുതിച്ചു കയറിയതായി ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിച്ചു. ഗവേഷക സ്ഥാപനമായ കന്ദാര്‍ വേള്‍ഡ് പാനല്‍ കോം ടെക് ശേഖരിച്ച വിവരത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഐഒഎസ് ( iOS) മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ (ഒഎസ്) വില്‍പന കണക്കാക്കിയപ്പോള്‍, ആപ്പിളിന്റെ ഐ ഫോണിന്റെ മാര്‍ക്കറ്റ് വിഹിതം അമേരിക്കയില്‍ 32.9 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 40.6 ശതമാനമായിരുന്നു. ഒക്ടോബറില്‍ അവസാനിച്ച സ്മാര്‍ട്ട്‌ഫോണ്‍ ഒഎസിന്റെ വില്‍പനയെ വിശകലനം ചെയ്തപ്പോള്‍, ഐഒഎസിന്റെ വിപണി വിഹിതം ജപ്പാനിലും യൂറോപ്പിലെ പ്രധാന വിപണികളിലും ഇടിഞ്ഞതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം ആന്‍ഡ്രോയ്ഡ് വന്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയതിന്റെ പത്താം വാര്‍ഷികാഘോഷം തുടങ്ങിയത് നവംബറിലായിരുന്നു. എന്നാല്‍ ആപ്പിളിന് ആഘോഷിക്കാന്‍ വക നല്‍കുന്നതല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡാണു മൊബൈല്‍ ഒഎസുകളില്‍ ഇപ്പോള്‍ വിപണിയില്‍ മുന്നേറുന്നത്. ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളും ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡാണ്. ഒക്ടോബറില്‍ അവസാനിച്ച ത്രൈമാസ പാദത്തില്‍ യുഎസില്‍ ആന്‍ഡ്രോയ്ഡിന്റെ വിപണി വിഹിതം 66.2 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 58 ശതമാനമായിരുന്നു. യുഎസിനു പുറമേ ജപ്പാന്‍, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും ആന്‍ഡ്രോയ്ഡ് നേട്ടമുണ്ടാക്കി.

Comments

comments

Categories: FK Special